ദുബായ്: നീണ്ടനാളത്തെ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ചാമ്പ്യന്‍സ് ട്രോഫിക്കായി പാകിസ്ഥാനിലേക്ക് പോകുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായി. ഇന്ത്യ മുന്നോട്ടുവെച്ച ഹൈബ്രിഡ് മോഡലിന് ഒടുവില്‍ ഐസിസി ഔദ്യോഗികമായി അംഗീകാരം നല്‍കി. ടൂര്‍ണമെന്റില്‍ കളിക്കുന്നതിനായി പാകിസ്ഥാനിലേക്ക് പോകാന്‍ ബിസിസിഐക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല. ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിലാകും നടക്കുക.
ഗ്രൂപ്പ് ഘട്ടത്തില്‍ പാകിസ്ഥാന്‍, ന്യൂസിലാന്‍ഡ്, ബംഗ്ലാദേശ് എന്നിവരാണ് ഇന്ത്യയുടെ എതിരാളികള്‍. ഐസിസി ചെയര്‍മാനായി സ്ഥാനമേറ്റെടുത്ത ബിസിസിഐ സെക്രട്ടറി ജയ് ഷായുടെ നേതൃത്വത്തില്‍ ചേര്‍ന്ന ബോര്‍ഡ് യോഗമാണ് ഹൈബ്രിഡ് മോഡലില്‍ ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റ് നടത്താന്‍ തീരുമാനിച്ചത്. ഔദ്യോഗിക പ്രഖ്യാപനം ഞായറാഴ്ച ഉണ്ടാകും. ഇന്ത്യ പാകിസ്ഥാനില്‍ കളിക്കാന്‍ തയ്യാറല്ലെങ്കില്‍ ഇന്ത്യയില്‍ നടക്കുന്ന ഐസിസി ടൂര്‍ണമെന്റുകള്‍ക്ക് പാക് ടീമും വരില്ലെന്ന് പിസിബി നിലപാടെടുത്തു.
അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏഷ്യാ കപ്പ്, 2026ല്‍ ഇന്ത്യയും ശ്രീലങ്കയും സംയുക്ത ആതിഥേയരാവുന്ന ടി20 ലോകകപ്പ്, വനിതാ ലോകകപ്പ് മത്സരങ്ങള്‍ എന്നീ ടൂര്‍ണമെന്റുകളില്‍ കളിക്കാന്‍ പാകിസ്ഥാന്‍ ടീമും ഇന്ത്യയിലേക്ക് വരില്ല. പാകിസ്ഥാന്റെ മത്സരങ്ങള്‍ ഹൈബ്രിഡ് മോഡലില്‍ നിഷ്പക്ഷ വേദിയില്‍ നടത്തും. 2027 വരെ ഐസിസി ടൂര്‍ണമെന്റിലും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ടൂര്‍ണമെന്റുകളിലും ഇന്ത്യ-പാക് മത്സരങ്ങള്‍ നിഷ്പക്ഷ വേദിയില്‍ മാത്രമാകും നടത്തുക.
ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങള്‍ക്കായി രോഹിത് ശര്‍മ്മ നയിക്കുന്ന ഇന്ത്യന്‍ ടീമിനെ പാകിസ്ഥാനിലേക്ക് എത്തിക്കാന്‍ നിരവധി ഫോര്‍മുലകള്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് മുന്നോട്ടു വച്ചെങ്കിലും അതൊന്നും തന്നെ ഇന്ത്യ അംഗീകരിച്ചിരുന്നില്ല. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിക്കാത്ത പശ്ചാത്തലത്തില്‍ തങ്ങള്‍ക്ക് ഒന്നുംതന്നെ ചെയ്യാന്‍ കഴിയില്ലെന്നാണ് ബിസിസിഐ അറിയിച്ചത്. ഇന്ത്യയുടെ മത്സരങ്ങള്‍ എല്ലാം ലാഹോറില്‍ നടത്താനായിരുന്നു പിസിബി തീരുമാനം. മൊഹാലിയില്‍ ക്യാമ്പ് ചെയ്ത ശേഷം മത്സര ദിവസം മാത്രം ലാഹോറിലെത്തി കളി കഴിഞ്ഞ് മടങ്ങാമെന്ന ഫോര്‍മുലയും ഇന്ത്യ തള്ളിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |