ധന അവലോകന നയ പ്രഖ്യാപനം ഇന്ന്
കൊച്ചി: സാമ്പത്തിക മേഖലയിലെ തളർച്ച മറികടക്കാൻ റിസർവ് ബാങ്കിന്റെ നടപടികൾ കാത്തിരിക്കുകയാണ് നിക്ഷേപ ലോകം. മൂന്ന് ദിവസത്തെ ധന നയ രൂപീകരണ സമിതിയുടെ യോഗത്തിന് ശേഷം റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത് ദാസ് പലിശ നിരക്കിലെ തീരുമാനം ഇന്ന് പ്രഖ്യാപിക്കും. റിസർവ് ബാങ്കിൽ നിന്ന് വാണിജ്യ ബാങ്കുകൾ വാങ്ങുന്ന വായ്പയുടെ പലിശയായ റിപ്പോ നിരക്കിൽ മാറ്റമുണ്ടാവില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ജൂലായ് മുതൽ സെപ്‌തംബർ വരെയുള്ള മൂന്ന് മാസത്തിൽ വളർച്ചാ നിരക്ക് 5.4 ശതമാനത്തിലേക്ക് മൂക്കുകുത്തിയതിനാൽ വിപണിയിലെ പണലഭ്യത മെച്ചപ്പെടുത്താനായി ബാങ്കുകളുടെ കരുതൽ ധന അനുപാതം കുറയ്ക്കാനിടയുണ്ട്. രണ്ട് ഘട്ടങ്ങളിലായി അര ശതമാനം കുറവാണ് പ്രതീക്ഷിക്കുന്നത്.
ഉപഭോഗത്തിലെ തളർച്ചയും വ്യാവസായിക ഉത്പാദനത്തിലെ ഇടിവും കണക്കിലെടുത്ത് വായ്പകളുടെ പലിശ കുറയ്ക്കണമെന്ന് ധനമന്ത്രി നിർമ്മല സീതാരാമനും വാണിജ്യ മന്ത്രി പീയുഷ് ഗോയലും പറഞ്ഞിരുന്നു. വ്യവസായ, വാണിജ്യ സംഘടനകളും സമാനമായ ആവശ്യം ഉന്നയിക്കുന്നു. എന്നാൽ ഒക്‌ടോബറിൽ ചില്ലറ വില സൂചിക അടിസ്ഥാനമായുള്ള നാണയപ്പെരുപ്പം 6.21 ശതമാനമായി ഉയർന്നതിനാൽ പലിശ കുറയ്ക്കാൻ റിസർവ് ബാങ്ക് തയ്യാറായേക്കില്ല.
റിപ്പോ നിരക്കിൽ മാറ്റമുണ്ടാകില്ല
ബാങ്കുകളുടെ കരുതൽ ധന അനുപാതം കുറച്ചേക്കും
മുന്നേറ്റം തുടർന്ന് ഓഹരി വിപണി
ഇന്ന് പ്രഖ്യാപിക്കുന്ന റിസർവ് ബാങ്കിന്റെ ധന നയത്തിൽ വിപണിയിലെ പണലഭ്യത ഉയർത്താൻ നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിൽ ഓഹരികൾ തുടർച്ചയായ അഞ്ചാം ദിവസവും നേട്ടമുണ്ടാക്കി. സെൻസെക്സ് 809 പോയിന്റ് നേട്ടവുമായി 81,765.86ൽ അവസാനിച്ചു. നിഫ്‌റ്റി 240.95 പോയിന്റ് ഉയർന്ന് 24,708.40ൽ എത്തി. വിദേശ നിക്ഷേപകരുടെ തിരിച്ചുവരവും ആഗോള വിപണിയിലെ അനുകൂല ചലനങ്ങളും അനുകൂലമായി. ഐ.ടി, ബാങ്കിംഗ്, ഭവന, വാഹന മേഖലകളിലെ ഓഹരികളാണ് മുന്നേറ്റത്തിന് നേതൃത്വം നൽകിയത്.
രൂപ ദുർബലമാകും
വ്യവസായ മേഖലയുടെ സമ്മർദ്ദം കണക്കിലെടുത്ത് പലിശ കുറയ്ക്കാൻ റിസർവ് ബാങ്ക് തയ്യാറായാൽ രൂപയുടെ മൂല്യയിടിവ് കൂടുതൽ രൂക്ഷമായേക്കും. ഇന്നലെ ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ കാര്യമായ വ്യതിയാനമുണ്ടായില്ല. പലിശ കുറച്ചാൽ അടുത്ത ആഴ്ച രൂപ 85 കടന്ന് താഴേക്ക് നീങ്ങിയേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |