കണ്ണൂർ: കഴിഞ്ഞ മൂന്നു മാസമായി സംസ്ഥാനത്തിന്റെ വടക്കൻ തീരത്ത് മത്സ്യലഭ്യതയിൽ വൻവർദ്ധന. അയല, വേളൂരി, മറ്റ് ചെറുമീനുകൾ എന്നിവ സുലഭമായി ലഭിക്കുന്നുണ്ട്. ജനുവരി പകുതി വരെ ഇതേരീതിയിൽ മത്സ്യം ലഭിക്കുമെന്ന പ്രതീക്ഷയിലിയാണ് മത്സ്യ തൊഴിലാളികൾ പറഞ്ഞു.
നിലവിൽ കടലിൽ ഇപ്പോൾ നല്ല കാലാവസ്ഥയാണ്. ഇതാണ് മത്സ്യലഭ്യതയുടെ പ്രധാന കാരണം. ചെറിയ മത്തിയാണ് കൂടുതലും ലഭിക്കുന്നത്. ചിലപ്പോൾ കരയിൽ നിന്ന് മൂന്നു കിലോമീറ്റർ പോയാൽ തന്നെ വള്ളം നിറയെ മത്സ്യം കിട്ടുന്നുണ്ടെന്നും ഇവർ പറഞ്ഞു. കാലാവസ്ഥ അനുകൂലമായതാണ് അയലയും മത്തിയും കൂടാൻ കാരണമെന്ന് ഫിഷറിസ് അധികൃതരും പറയുന്നു.
ലാനിനോ കനിഞ്ഞു
സമുദ്രോപരിതലത്തിലെ ജലത്തിന്റെ ചൂട് കൂടുന്ന എൽനിനോയുടെ നേരെ വിപരീതമായ സ്ഥിതിയാണിത്. ആഗോള കാലാവസ്ഥയിലും കടൽ ജലത്തിന്റെ താപനിലയിലും എൽനിനോ ഉണ്ടാക്കുന്ന മാറ്റങ്ങൾക്ക് വിപരീതമായി സമുദ്രോപരിതലത്തിലെ വെള്ളം തണുക്കുന്ന പ്രതിഭാസമാണിത് . കടലിന്റെ അടിത്തട്ടിലെ തണുത്തജലം ചുഴിപോലെ പ്രവാഹമായി മുകളിലേക്കുയരും. പോഷകസമൃദ്ധമായ വസ്തുക്കളും ഇതുവഴി മേൽത്തട്ടിലെത്തും. ഇവ ഭക്ഷിക്കാനായി മത്സ്യങ്ങളുമെത്തും. കേരളതീരത്ത് ലാലിനോ വ്യാപകമായി സംഭവിച്ചിട്ടുണ്ട്. ഇതിനെ കച്ചാ എന്നാണ് വടക്കൻ കേരളത്തിലെ മത്സ്യത്തൊഴിലാളികൾ വിളിക്കുന്നത്. മകരകച്ചയിൽ ചൂട് കാറ്റ് എത്തിത്തുടങ്ങിയാൽ പിന്നെ മത്സ്യലഭ്യത കുറയുമെന്നും മത്സ്യതൊഴിലാളികൾ പറയുന്നു.
മത്തി പഴയ മത്തിയായി
ഒരു ഘട്ടത്തിൽ വിലയിൽ മറ്റ് മീനുകൾക്കൊപ്പമോ അധികമോ വിലയുണ്ടായിരുന്നു മത്തിക്ക്. മാസങ്ങൾക്ക് മുമ്പ് 350 രൂപ വരെ ആയിരുന്നു വില.എന്നാൽ കഴിഞ്ഞ ആഴ്ചകളിൽ പല മാർക്കറ്റുകളിലും 40 മുതൽ 60 വരെയാണ് കിലോക്ക്. പല ഹാർബറിലും 20 രൂപയ്ക്കാണ് വിറ്റുപോയത്. എൺപത് കിലോ ബോക്സിനു 800 രൂപ വരെ വില ഇടിഞ്ഞു. കേരളത്തിൽ ലഭിക്കുന്ന മീനിന്റെ 40 ശതമാനവും മത്തിയാണ്.
2012ലാണ് കേരളത്തിൽ ഏറ്റവുമധികം മത്തി ലഭിച്ചത്, 3,99,000 ടൺ. പിന്നീട് വർഷം തോറും താഴേക്ക് പോയി. 2021ൽ വെറും 3,298 ടണ്ണായിരുന്നു ലഭിച്ചത്. 2023ൽ പ്രതീക്ഷയേകി 1,38,980 ടൺ വരെ എത്തി. ഇതെ രീതിയിൽ പോയാൽ കഴിഞ്ഞ വർഷത്തെ കണക്കിലേക്ക് എത്തുമെന്ന് മത്സ്യതൊഴിലാളികൾ പറഞ്ഞു.
കേരളത്തിൽ ഏറ്റവും കൂടുതൽ മത്തി ലഭിച്ചത് 2012 3,99,000 ടൺ
ഏറ്റവും കുറവ് 2021 3,298
ന്യായവില വേണം സർക്കാരെ!
അതേസമയം മത്സ്യം കൂടുതൽ ലഭിക്കുന്നതിന്റെ നേട്ടം തങ്ങൾക്ക് ലഭിക്കുന്നില്ലെന്നാണ് മത്സ്യതൊഴിലാളികളുടെ പരാതി. വില വൻതോതിൽ ഇടിയുന്നത് ചൂണ്ടിക്കാട്ടിയാണ് തൊഴിലാളികൾ ഇത് സമർത്ഥിക്കുന്നത്. പൊതുമാർക്കറ്റുകളിലും മറ്റും ന്യായമായ വില ലഭിക്കുന്ന തരത്തിൽ ഹാർബറുകളിൽ സർക്കാർ സംവിധാനം ഏർപ്പെടുത്തണമെന്നാണ് ഇവരുടെ ആവശ്യം. കഴിഞ്ഞ മാസങ്ങളിൽ നിരവധി തവണ വിവിധ ഭാഗങ്ങളിലെ കടലോരങ്ങളിൽ വലിയ മത്തി ചാകര തന്നെയുണ്ടായി. കുറഞ്ഞ വിലയ്ക്ക് മത്തിയെടുക്കാൻ ഇതര സംസ്ഥാനക്കാരും എത്തുന്നുണ്ട്. വളത്തിനും മറ്റുമായാണ് അവർ ഇത് കൊണ്ടുപോകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |