സെമിയിൽ ഇന്ത്യ ഏഴ് വിക്കറ്റിന് ശ്രീലങ്കയെ തോൽപ്പിച്ചു
നാളെ നടക്കുന്ന ഫൈനലിൽ എതിരാളികൾ ബംഗ്ളാദേശ്
വൈഭവ് സൂര്യവംശിക്ക് അർദ്ധസെഞ്ച്വറി (36 പന്തിൽ 67)
ഷാർജ : അണ്ടർ 19 ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ രണ്ടാം സെമിഫൈനലിൽ ശ്രീലങ്കയെ ഏഴു വിക്കറ്റിന് തകർത്തെറിഞ്ഞ് ഇന്ത്യ കലാശക്കളിക്ക് ടിക്കറ്റെടുത്തു. ഞായറാഴ്ച ഷാർജയിൽ നടക്കുന്ന ഫൈനലിൽ ബംഗ്ളാദേശാണ് ഇന്ത്യയുടെ എതിരാളികൾ. ആദ്യ സെമിയിൽ പാകിസ്ഥാനെതിരെ ബംഗ്ളാദേശും ഏഴുവിക്കറ്റിന്റെ വിജയമാണ് നേടിയത്.
ഇന്നലെ സെമിയിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ലങ്കയെ 46.2 ഓവറിൽ 173 റൺസിന് ആൾഔട്ടാക്കിയശേഷം 21.4 ഓവറിൽ മൂന്ന് വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ വിജയം കാണുകയായിരുന്നു. മൂന്ന് വിക്കറ്റ് നേടിയ ചേതൻ ശർമ്മയും രണ്ട് വിക്കറ്റുകൾ വീതം നേടിയ കിരൺ ചോർമലെയും ആയുഷ് മാത്രേയും ചേർന്നാണ് ലങ്കയെ എറിഞ്ഞൊതുക്കിയത്. ലക്‌വിൻ അഭയ്സിംഗെ(69), ഷർജുൻ (42) എന്നിവർക്ക് മാത്രമാണ് ലങ്കൻ നിരയിൽ പിടിച്ചു നിൽക്കാനായത്.
മറുപടിക്കിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണർ വൈഭവ് സൂര്യവംശി (36 പന്തിൽ ആറുഫോറും അഞ്ച് സിക്സുമടക്കം 67റൺസ്),ആയുഷ് മാത്രേ (34),ആന്ദ്രേ സിദ്ദാർത്ഥ് (22),ക്യാപ്ടൻ മുഹമ്മദ് അമാൻ (25*) എന്നിവർ തകർത്തടിച്ചതോടെ 170 പന്തുകൾ ബാക്കിനിൽക്കേ ഇന്ത്യ വിജയത്തിലെത്തി.
വൈഭവ് മാൻ ഒഫ് ദ മാച്ച്
ഇക്കഴിഞ്ഞ ഐ.പി.എൽ താരലേലത്തിൽ 1.10 കോടി രൂപയ്ക്ക് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയ 13വയസുകാരൻ വൈഭവ് സൂര്യവംശിയാണ് ഇന്നലെ മാൻ ഒഫ് ദ മാച്ചായത്.
ബിഹാറുകാരനായ വൈഭവ് ഓപ്പണറായി ഇറങ്ങി വെറും 36 പന്തുകളിൽ ആറുഫോറും അഞ്ച് സിക്സുമടക്കം 67റൺസടിച്ചുകൂട്ടുകയായിരുന്നു.
ടൂർണമെന്റിെലെ വൈഭവിന്റെ രണ്ടാം അർദ്ധസെഞ്ച്വറിയാണിത്.കഴിഞ്ഞ ദിവസം യു.എ.ഇക്കെതിരെ 46 പന്തുകളിൽ പുറത്താകാതെ 76 റൺസ് നേടിയിരുന്നു.
ഐ.പി.എല്ലിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാകാൻ ഒരുങ്ങുകയാണ് വൈഭവ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |