കൊച്ചി: സ്‌മാർട്ട്സിറ്റിയുടെ സ്ഥലം മറ്റാർക്കോ കൈമാറാനുള്ള സർക്കാരിന്റെ തിടുക്കത്തിൽ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. ആരുമറിയാതെ മന്ത്രിസഭായോഗത്തിൽ പാസാക്കി ഭൂമി വിൽക്കാനാണ് ശ്രമം. കരാർ വ്യവസ്ഥകൾ ലംഘിച്ച ടീകോമിന് നഷ്‌ടപരിഹാരം നൽകരുത്. കരാർ പ്രകാരം വ്യവസ്ഥകൾ ലംഘിച്ചാൽ ടീകോമിൽ നിന്നാണ് നഷ്ടപരിഹാരം ഈടാക്കേണ്ടത്. എന്തിനാണ് ടീകോമിന് പണം നൽകുന്നതെന്ന് സർക്കാർ പറയണം. പദ്ധതിയിൽ നിന്ന് പിന്മാറാനുള്ള കാരണം ബോദ്ധ്യപ്പെടുത്തണം.
പിന്മാറ്റം സംബന്ധിച്ച് എൽ.ഡി.എഫിലോ പ്രതിപക്ഷത്തോടോ ചർച്ചചെയ്തില്ല. ഉമ്മൻചാണ്ടി സർക്കാർ 2005ൽ ധാരണാപത്രം ഒപ്പിട്ടപ്പോൾ നടപ്പാക്കേണ്ട കാര്യങ്ങൾ കൃത്യമായി വ്യവസ്ഥ ചെയ്തിരുന്നു. വി.എസ്. അച്യുതാനന്ദൻ സർക്കാരുണ്ടാക്കിയ കരാറിലെ വ്യവസ്ഥയനുസരിച്ച് ടീകോമിന് വീഴ്‌ചയുണ്ടായാൽ സർക്കാരിന്റെ മുതൽമുടക്കും ചെലവഴിച്ച പണവും ഈടാക്കാൻ വ്യവസ്ഥയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പാട്ടക്കരാർ റദ്ദാക്കാൻനിയമതടസമില്ല:ചെന്നിത്തല
ടീകോമിന്റെ പാട്ടക്കരാർ റദ്ദാക്കി ഭൂമി ഏറ്റെടുക്കാൻ സർക്കാരിന് ഒരുവിധ നിയമതടസവുമില്ലെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. ടീകോമിന് നഷ്ടപരിഹാരം നൽകാനുള്ള മന്ത്രിസഭാ തീരുമാനം വൻ അഴിമതിയാണ്. 99 വർഷത്തേക്ക് ടീകോമിന് വ്യവസ്ഥകൾക്കു വിധേയമായി ഭൂമി വിട്ടുകൊടുത്തു കൊണ്ടുള്ള കരാർ കാക്കനാട് രജിസ്ട്രേഷൻ ഓഫീസിൽ ലഭ്യമാണ്. കരാറിലെ എല്ലാ വ്യവസ്ഥകളും ടീകോം ലംഘിച്ചിരിക്കുന്നു. വ്യവസായ മന്ത്രി പറഞ്ഞത് ഈ ഭൂമിക്കുവേണ്ടി നിരവധി പേർ കാത്തുനിൽക്കുന്നു എന്നാണ്. അങ്ങനെയെങ്കിൽ കരാർ വ്യവസ്ഥകൾ ലംഘിച്ച ടീകോമിനെ പുറത്താക്കി ഭൂമി ഏറ്റെടുക്കുന്നതിന് സർക്കാരിന് പത്തു മിനിറ്റ് മതി.
ഒത്തുകളിയെന്ന് കെ.സുരേന്ദ്രൻ
കൊച്ചി സ്മാർട്ട് സിറ്റി പദ്ധതിയിൽ നിന്ന് ടീകോം കമ്പനിയെ ഒഴിവാക്കി ഭൂമി ഏറ്റെടുക്കുന്നതിന് പിന്നിൽ ഒത്തുകളിയുണ്ടോയെന്ന് സംശയിക്കണമെന്ന് ബി.ജെ.പി.സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ടീകോം കമ്പനി പദ്ധതിയിൽ പരാജയപ്പെട്ടിട്ടും അവർക്ക് നഷ്ടപരിഹാരം നൽകുന്നത് ഒത്തുകളിയുടെ ഭാഗമായാണ്. ടീകോം കമ്പനിയിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കുകയാണ് വേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |