ന്യൂഡൽഹി: സിറിയയിൽ ആഭ്യന്തര കലാപം രൂക്ഷമായ സാഹചര്യത്തിൽ പൗരന്മാർക്ക് മുന്നറിയിപ്പുമായി ഇന്ത്യ. പുതിയ അറിയിപ്പ് ലഭിക്കുന്നതുവരെ സിറിയയിലേയ്ക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കണമെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ യാത്രാ മുന്നറിയിപ്പിൽ നിർദേശിക്കുന്നു.
കിട്ടുന്ന ഫ്ളൈറ്റുകളിൽ കയറി എത്രയും പെട്ടെന്ന് സിറിയ വിടണം. മറ്റുള്ള എല്ലാ സുരക്ഷാ മുൻകരുതലുകളും സ്വീകരിക്കണം. അതാവശ്യ സാഹചര്യങ്ങളിൽ അല്ലാതെ പുറത്തിറങ്ങരുതെന്ന് വിദേശകാര്യ മന്ത്രാലയം സിറിയയിലെ ഇന്ത്യൻ പൗരന്മാരോട് നിർദേശിക്കുന്നു. ഡമാസ്‌കസിലെ ഇന്ത്യൻ എംബസിയുമായി ബന്ധം പുലർത്തണം. +963 993385973 എന്ന ഹെൽപ്പ് ലൈൻ നമ്പറിലൂടെ എംബസിയുമായി ബന്ധപ്പെടാം. വാട്‌സാപ്പിലൂടെയും ബന്ധപ്പെടാൻ സാധിക്കും. hoc.damascus@mea.gov.in എന്ന ഇമെയിലൂടെയും എംബസിയുമായി ബന്ധപ്പെടാമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
യുഎൻ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന 14 പേർ ഉൾപ്പെടെ 90 ഇന്ത്യൻ പൗരന്മാരാണ് സിറിയയിൽ ഉള്ളതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. വടക്കൻ സിറിയയിൽ നടക്കുന്ന ആഭ്യന്തര കലാപം ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. സിറിയയിലെ ഇന്ത്യൻ പൗരന്മാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. അവരുടെ സുരക്ഷയ്ക്ക് വലിയ പ്രാധാന്യം നൽകുന്നുണ്ടെന്നും ജയ്സ്വാൾ വ്യക്തമാക്കി.
നവംബർ 27നാണ് വടക്ക് പടിഞ്ഞാറൻ പ്രവിശ്യയായ അലെപ്പോയിൽ വിമത സായുധഗ്രൂപ്പുകൾ പ്രസിഡന്റ് ബാഷർ അൽ-അസദിന്റെ സൈന്യത്തിനെതിരെ ആക്രമണം തുടങ്ങിയത്. ജിഹാദി സംഘടനയായ ഹയാത് താഹിർ അൽ ഷാം (എച്ച് ടി എസ്) ആണ് ആഭ്യന്തര കലാപത്തിന് പിന്നിൽ. സിറിയയിലെ ഏറ്റവും വലിയ നഗരമായ അലെപ്പോ ഉൾപ്പെടെ വിമതർ പിടിച്ചെടുത്തു. ഹമാ സെൻട്രൽ ജയിലിന്റെ നിയന്ത്രണം നേടിയ വിമതർ തടവുകാരെ മോചിപ്പിച്ചു. എത്രയും വേഗം പൗരന്മാർ രാജ്യം വിടണമെന്ന് സിറിയയിലെ ചൈനീസ് എംബസിയും മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. വിമതർക്കെതിരെ റഷ്യൻ യുദ്ധവിമാനങ്ങളും ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. കലാപത്തിൽ ഇതുവരെ അഞ്ഞൂറിലേറെ പേർ കൊല്ലപ്പെട്ടെന്നാണ് കണക്ക്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |