തിരുവനന്തപുരം: വൈദ്യുതി നിരക്ക് വർദ്ധനയ്ക്ക് പിന്നിൽ സർക്കാരും സ്വകാര്യ വൈദ്യുതി കമ്പനികളുമായുള്ള കള്ളക്കളിയാണെന്ന് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ ആരോപിച്ചു. യൂണിറ്റ് വൈദ്യുതി 4.15രൂപയ്ക്കും 4.29രൂപയ്ക്കും 2040വരെ കിട്ടുമായിരുന്ന ദീർഘകാല കരാർ റദ്ദാക്കി യൂണിറ്റിന് 10.25നും 14.30രൂപയ്ക്കും വൈദ്യുതി വാങ്ങുന്നതിന്റെ നഷ്ടം നികത്താനാണ് ഇപ്പോൾ നിരക്ക് കൂട്ടിയത്. ഇതിന് സർക്കാരും റെഗുലേറ്ററി കമ്മിഷനും കെ.എസ്.ഇ.ബിയും ഒത്തുകളിക്കുകയാണ്. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഈ ഇടപാട് അവസാനിപ്പിക്കണം.
25 വർഷത്തേക്കുള്ളതായിരുന്നു 2016ൽ ആര്യാടൻ മുഹമ്മദ് ഒപ്പിട്ട ദീർഘകാല കരാറുകൾ. നിസ്സാരകാരണങ്ങൾ പറഞ്ഞാണ് 2023ൽ ഇവ റദ്ദാക്കിയത്. അരുതെന്ന് മുൻ വൈദ്യുതി വകുപ്പ് സെക്രട്ടറിയായിരുന്ന പോൾ ആന്റണി രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. റെഗുലേറ്ററി കമ്മിഷൻ വഴങ്ങിയില്ല. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് വൈദ്യുതി മന്ത്രിയായിരുന്ന എം.എം. മണിയുടെ പ്രൈവറ്റ് സെക്രട്ടറി വിൽസൺ, സി.പി.എമ്മിന്റെ ഓഫീസേഴ്സ് സംഘടനയുടെ ജനറൽ സെക്രട്ടറി പ്രദീപ് എന്നിവരാണ് റെഗുലേറ്ററി കമ്മിറ്റിയിലെ അംഗങ്ങൾ. ഈ റെഗുലേറ്ററി കമ്മിറ്റിയാണ് തീരുമാനം എടുത്തത്.ഇതിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് അദാനിയാണ്.പിണറായി സർക്കാരിന്റെ കാലത്ത് മാത്രമേ ഇത്രയും വലിയ അഴിമതി നടക്കുകയുള്ളൂ. അദാനി പവറിന് കേരളത്തിന്റെ പവർ പർച്ചേസ് ചിത്രത്തിൽ വരണമെങ്കിൽ യു.ഡി.എഫ് കാലത്തെ കുറഞ്ഞ വിലയ്ക്കുള്ള കരാറുകൾ റദ്ദാക്കണമായിരുന്നു. അത് സാദ്ധ്യമാക്കാൻഏതൊക്കെ തലത്തിലുള്ള ഗൂഢാലോചനകളാണ് നടന്നതെന്ന് സർക്കാർ തന്നെ വെളിപ്പെടുത്തണം. ആരൊക്കെയാണ് ഇതിനുപിന്നിൽ പ്രവർത്തിച്ചതെന്ന് കണ്ടെത്തണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |