ദമാസ്‌കസ്: ആഭ്യന്തര യുദ്ധം രൂക്ഷമായ സിറിയയിൽ രാജ്യം വിട്ടെന്ന് അഭ്യൂഹം ഉയർന്ന സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസദിനായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. ബഷാർ യാത്ര ചെയ്യുകയായിരുന്ന വിമാനത്തിന്റെ നിയന്ത്രണം നഷ്ടമായെന്നും വിമാനം തകർന്നുവെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
ഫ്ളൈറ്റ് നമ്പർ സിറിയൻ എയർ 9218 ഇല്യൂഷിൻ-76 വിമാനമാണ് ദമാസ്‌കസിൽ നിന്ന് അവസാനമായി പറന്ന വിമാനമെന്ന് ഫ്ളൈറ്റ് ട്രാക്കർമാർ വ്യക്തമാക്കുന്നു. ഈ ഫ്ളൈറ്റിൽ ബഷാർ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രതിപക്ഷ വിമതർ വിമാനത്താവളത്തിന്റെ നിയന്ത്രണം പിടിച്ചടക്കുന്നതിന് മുൻപാണ് ഈ വിമാനം പറന്നുയർന്നത്. ആദ്യം കിഴക്കോട്ട് പറന്ന വിമാനം പിന്നീട് വടക്കോട്ട് തിരിഞ്ഞു. പിന്നാലെ പാശ്ചാത്യ സിറിയൻ നഗരമായ ഹോംസിന് മുകളിൽ വട്ടമിട്ട് പറന്ന വിമാനത്തിന്റെ സിഗ്നലുകൾ നഷ്ടമായി.
ബഷാർ രാജ്യം വിട്ടത് ചൂണ്ടിക്കാട്ടി വിമതർ ദമാസ്‌കസ് സ്വതന്ത്രമായെന്ന് പ്രഖ്യാപിച്ചിരുന്നു. വിമതർ ദമാസ്‌കസിലേയ്ക്ക് കടന്നതിനുശേഷം ബഷാർ പരസ്യമായി പ്രത്യക്ഷപ്പെട്ടിട്ടില്ല. ബഷാറിനെ കണ്ടെത്താനുള്ള നീക്കങ്ങൾ ശക്തമാക്കിയിരിക്കുകയാണ് വിമത ശക്തികൾ.
ഉയരത്തിലുണ്ടായ മാറ്റവും പെട്ടെന്നുള്ള അപ്രത്യക്ഷമാകലും ബഷാറിന്റെ വിമാനം വെടിവച്ചിട്ടതാകാനുള്ള സാദ്ധ്യതകൾ വർദ്ധിപ്പിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. റഡാറിൽ നിന്ന് അപ്രത്യക്ഷമായ വിമാനം ലെബനൻ വ്യോമാതിർത്തിക്ക് പുറത്തായി വടക്കൻ അക്കറിന് സമീപത്തുവച്ച് 3650 മീറ്റർ ഉയരത്തിൽ നിന്ന് 1070 മീറ്റർ ഉയരത്തിലേയ്ക്ക് താഴ്ന്നു. ബഷാർ സഞ്ചരിക്കുകയായിരുന്ന വിമാനം തകർന്നതായിരിക്കാമെന്ന് 3ഡി ഫ്ളൈറ്റ് റഡാർ ഡാറ്റയും വ്യക്തമാക്കുന്നു.
വിമാനത്തിന്റെ ക്രമരഹിതമായ വ്യോമപാതയും വിമാനം തകർന്നിരിക്കാമെന്ന സൂചനകളാണ് നൽകുന്നതെന്ന് മറ്റ് ചില റിപ്പോർട്ടുകളും ചൂണ്ടിക്കാട്ടുന്നു. സെക്കന്റുകൾക്കുള്ളിലാണ് 6700 മീറ്ററുകൾ നഷ്ടമായതെന്നും അതിനാൽ വിമാനം തകരാനുള്ള അല്ലെങ്കിൽ പൊട്ടിത്തെറിക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ലെന്നും ചില മാദ്ധ്യമങ്ങൾ പറയുന്നു. ബഷാർ സഞ്ചരിച്ചതെന്ന് പറയപ്പെടുന്ന വിമാനം പൊട്ടിത്തകരുന്നതിന്റെ ദൃശ്യങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |