ബാങ്കോക്ക്: ' ഗിഗ്ലിംഗ് ബ്രെഡ് ', ജോയ്‌ഫുള്ളി ഡാൻസിംഗ് സാലഡ് '.... ഇതൊക്കെ തായ്‌ലൻഡിലെ ഒരു റെസ്റ്റോറന്റിലെ ഫുഡ് ഐറ്റംസിന്റെ പേരാണ്. പേര് കേട്ട് ഈ വിഭവങ്ങളെല്ലാം വലിയ സംഭവമായിരിക്കുമല്ലോ എന്നായിരിക്കും എല്ലാവർക്കും തോന്നുക. ശരിയാണ്, ഈ വിഭവങ്ങൾ വളരെ അപൂർവ്വവും വ്യത്യസ്തവുമാണ്. മറ്റാരും സഞ്ചരിക്കാത്ത വഴികളിലൂടെ നീങ്ങിയാണ് റെസ്റ്റോറന്റ് ഉടമകൾ ഈ വിഭവങ്ങളിലേക്കെത്തിയത്. കഞ്ചാവാണ് ഈ ' സ്പെഷ്യൽ ' വിഭവങ്ങളിലെ പ്രധാന ചേരുവ.
രാജ്യത്ത് കഞ്ചാവ് ചെടിയെ നിയമാനുസൃതമാക്കിയതിന് പിന്നാലെയാണ് വിദേശ സഞ്ചാരികളെ ലക്ഷ്യമിട്ട് ഇത്തരം വെറൈറ്റി വിഭവങ്ങൾ അവതരിപ്പിച്ചത്. തായ്‌ലൻഡിലെ പല റെസ്റ്റോറന്റുകളിലും ഇത്തരം വിഭവങ്ങൾ ഇപ്പോൾ ലഭ്യമാണ്. കഞ്ചാവിനെ നിയമവിധേയമാക്കിയ തായ്‌ലൻഡ് സർക്കാർ അംഗീകരിച്ച ഫാമുകളിൽ അവയുടെ കൃഷിയ്ക്കായി അനുമതി നൽകുകയും ചെയ്തിരുന്നു. 2021 ജനുവരി മുതൽ കഞ്ചാവ് വിഭവങ്ങൾ റെസ്റ്റോറന്റിൽ വിളമ്പാൻ തുടങ്ങി. വിഭവത്തിൽ ചെറിയ അളവിലാണ് കഞ്ചാവ് ഇലകൾ ചേർക്കുന്നത്.
രോഗികളായവർക്ക് അസുഖം ഭേദമാകുന്നതിന് കഞ്ചാവ് ഇലകൾ സഹായിക്കുമെന്നാണ് റെസ്റ്റോറന്റ് അധികൃതരുടെ വാദം. ദഹനപ്രക്രിയയെ സുഗമമാക്കുന്ന കഞ്ചാവ് ഇല ആളുകളെ സുഖമായി ഉറങ്ങാനും അവർക്ക് ഉന്മേഷവും നല്ല മാനസികാവസ്ഥയും നൽകുന്നതായും ഇവർ പറയുന്നു. കഞ്ചാവിന്റെ ആരോഗ്യഗുണങ്ങളെ പറ്റിയുള്ള ഗവേഷണങ്ങളും തായ്‌ലൻഡിൽ സജീവമാണ്. കഞ്ചാവിനെ മെഡിക്കൽ ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ അനുമതി നൽകിയ ആദ്യ തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യമാണ് തായ്‌ലൻഡ്. 2017ലായിരുന്നു ഇത്.
തുടർന്ന് നിരവധി മെഡിക്കൽ മരിജുവാന ക്ലിനിക്കുകൾ രാജ്യത്തുടനീളം തുറക്കുകയുണ്ടായി. ഹാപ്പി പോർക്ക് സൂപ്പ്, കഞ്ചാവ് ഇലകളുടെ ക്രിസ്പി സാലഡ് തുടങ്ങിയ മറ്റ് കഞ്ചാവ് വിഭവങ്ങളും റെസ്റ്റോറന്റുകളിലുണ്ട്. വിഭവം കഴിക്കുന്നവരെല്ലാം മികച്ച അഭിപ്രായങ്ങളാണ് നൽകുന്നത്. തായ് നിയമപ്രകാരം വീടുകളിൽ ആറ് ചട്ടികളിൽ വരെ കഞ്ചാവ് കൃഷി ചെയ്യാം. ഭക്ഷ്യവസ്തുക്കളിൽ ഉപയോഗിക്കുമ്പോൾ കഞ്ചാവിലെ ടെട്രാഹൈഡ്രോകന്നാബിനോളിന്റെ അളവ് 0.2 ശതമാനത്തിൽ താഴെയായിരിക്കണം.അതേ സമയം, ലഹരിയ്ക്കായി കഞ്ചാവ് ഉപയോഗിക്കുന്നതിന് നിരോധനമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |