നമ്പർ 20 മദ്രാസ് മെയിൽ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് വന്ന നായികയാണ് സുചിത്ര. മമ്മൂട്ടി, മോഹൻലാൽ എന്നീ സൂപ്പർ സ്റ്റാറുകൾ ഒരുമിച്ച ചിത്രത്തിൽ നായികയായി എത്തിയപ്പോൾ വെറും 14 വയസ് മാത്രമായിരുന്നു സുചിത്രയുടെ പ്രായം. പിന്നീട് കുട്ടേട്ടൻ, അഭിമന്യു, മിമിക്സ് പരേഡ്, ഭരതം, കാസർകോഡ് കാദർഭായ്, കാശ്മീരം, ഹിറ്റ്ലർ തുടങ്ങിയ നിരവധി ചിത്രങ്ങളിൽ മികച്ച വേഷങ്ങൾ സുചിത്രയെ തേടി എത്തി.
നമ്പർ 20യിൽ അഭിനയിക്കുമ്പോൾ ഇത്രയധികം ലെജൻഡ്‌സിനൊപ്പമാണ് വർക്ക് ചെയ്യേണ്ടതെന്ന കാര്യമൊന്നും താൻ ഓർത്തിരുന്നില്ലെന്ന് പറയുകയാണ് സുചിത്ര. 'ഷൊർണൂർ ടിബിയിലായിരുന്നു താമസം. ആദ്യ ആഴ്‌ച എനിക്ക് ഷൂട്ട് ഉണ്ടായിരുന്നില്ല. ടിബിയുടെ താഴത്തെ നിലയിലാണ് ഞാൻ താമസിച്ച മുറി. ലാലേട്ടനും ജഗദീഷേട്ടനും മണിയൻപിള്ള രാജു ചേട്ടനും രണ്ടാം നിലയിലെ റൂമിൽ ഒരുമിച്ചായിരുന്നു താമസം. എന്റെ മുറിയുടെ ജനാലയിലൂടെ നോക്കുമ്പോൾ മൂന്ന് പേരും ഒന്നിച്ച് ഇറങ്ങി വരുന്നതും തിരികെ പോകുന്നതുമെല്ലാം കാണാം. പിറ്റേ ആഴ്‌ച മുതൽ ഞാനും അവർക്കൊപ്പം ഷൂട്ടിംഗിന് പോകാൻ തുടങ്ങി. അഭിനയിക്കുമ്പോൾ രണ്ടും മൂന്നും ടേക്ക് നീളുമ്പോൾ ഛെ എന്നൊക്കെ ഞാൻ പറയും. അപ്പോൾ ലാലേട്ടൻ തിരുത്തും. 'അങ്ങനെ പറയരുത്...അത് നമ്മുടെ ജോലിയല്ലേ'. ആലോചിക്കുമ്പോൾ അത്ഭുതമാണ്. എത്ര വലിയ നടനായ അദ്ദേഹം തുടക്കക്കാരിയായ എന്നെ സമാധാനിപ്പിക്കുന്നു. ഇത്രയും വിനയത്തോടെ പെരുമാറുന്ന മറ്റൊരാളെ ഞാൻ കണ്ടിട്ടില്ല'- സുചിത്ര പറയുന്നു. ഭർത്താവ് മുരളിയ്‌ക്കും മകൾ സ്‌നേഹയ്‌ക്കുമൊപ്പം ഇപ്പോൾ അമേരിക്കയിലാണ് സുചിത്ര.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |