മലപ്പുറം: ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 65 മുങ്ങിമരണങ്ങളെന്ന് അഗ്‌നിരക്ഷാ സേനയുടെ കണക്കുകള്‍. മരിച്ചവരില്‍ 19 പേര്‍ കുട്ടികളാണ്. അഗ്‌നിരക്ഷാ സേനയുടെ കണക്കില്‍പ്പെടാത്ത മുങ്ങിമരണങ്ങളുടെ കൂടി കണക്കെടുത്താല്‍ മരണസംഖ്യ ഇനിയും ഉയരും.
ഏറ്റവും കൂടുതല്‍ മുങ്ങിമരണം റിപ്പോര്‍ട്ട് ചെയ്തത് തിരൂര്‍ ഫയര്‍സ്റ്റേഷന്‍ പരിധിയിലാണ്, 17 എണ്ണം. ഏറ്റവും കുറവ് മുങ്ങിമരണം റിപ്പോര്‍ട്ട് ചെയ്തത് തിരുവാലിയിലാണ്. ഒരു മുങ്ങിമരണം മാത്രമാണ് ഇവിടെയുണ്ടായത്.
കഴിഞ്ഞ വര്‍ഷം ജില്ലയില്‍ 117 മുങ്ങിമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2022, 2021 വര്‍ഷങ്ങളില്‍ മുങ്ങിമരണങ്ങളുടെ എണ്ണം യഥാക്രമം 120, 84 എന്നിങ്ങനെയായിരുന്നു.
അതിസാഹസികതയും ഒഴുക്കിന്റെ ശക്തിയറിയാതെ വെള്ളത്തിലിറങ്ങുന്നതും പലപ്പോഴും മരണത്തിന് കാരണമാവാറുണ്ട്. നാട്ടിന്‍പുറത്തെ ചെറിയ ജലാശയങ്ങളില്‍ നീന്തല്‍ പഠിച്ച് വലിയ കുളങ്ങളിലും പുഴകളിലുമെത്തി അപകടം സംഭവിക്കുന്നവരുമുണ്ട്. മദ്യപിച്ച് ജലാശയത്തില്‍ ഇറങ്ങുന്നതും മുങ്ങിമരണത്തിന് പ്രധാന കാരണമാണ്.
നീന്തല്‍ പഠിക്കാം
ജലാശയാപകടങ്ങള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ സിവില്‍ ഡിഫന്‍സുമായി സഹകരിച്ച് അഗ്‌നിരക്ഷാ സേനയുടെ നേതൃത്വത്തില്‍ 'മിടിപ്പ്' എന്ന പേരില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നീന്തല്‍ പരിശീലനം നല്‍കുന്നുണ്ട്.
ഇതുവഴി ജില്ലയില്‍ ഇതുവരെ 17,000ത്തോളം വിദ്യാര്‍ത്ഥികളാണ് നീന്തല്‍ പഠിച്ചത്. 101 സിവില്‍ ഡിഫന്‍സ് അംഗങ്ങളെയും അഗ്‌നിരക്ഷാ സേനയിലെ എട്ട് ഉദ്യോഗസ്ഥരെയും പരിശീലനത്തിനായി സജ്ജമാക്കിയിട്ടുണ്ട്.
പരിശീലനത്തിനായി സുരക്ഷിതമായ നീന്തല്‍ക്കുളങ്ങള്‍ ലഭ്യമായ വിദ്യാലയങ്ങള്‍ക്ക് തൊട്ടടുത്ത അഗ്‌നിരക്ഷാ സേനയെ ബന്ധപ്പെട്ടാല്‍ സൗജന്യ പരിശീലനം ലഭിക്കും.
അഗ്‌നിരക്ഷാസേനയുടെ നേതൃത്വത്തില്‍ ജില്ലയിലെ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് വെള്ളത്തിലിറങ്ങുന്നതുമായി ബന്ധപ്പെട്ട ബോധവത്കരണ ക്ലാസുകള്‍ വിവിധ സ്‌കൂളുകളിലായി എല്ലാദിവസവും നടത്തിവരുന്നുണ്ട്.
ഫയര്‍സ്റ്റേഷന്‍ മുങ്ങിമരണം
തിരൂര്‍ 17
നിലമ്പൂര്‍ 15
പൊന്നാനി 11
മലപ്പുറം 6
പെരിന്തല്‍മണ്ണ 6
മഞ്ചേരി 5
താനൂര്‍ 4
തിരുവാലി 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |