ബംഗളൂരു: ഭാര്യയുടെ വ്യാജ സ്ത്രീധന പീഡന പരാതിയും മാനസിക പീഡനവും സഹിക്കാനാവാതെ ബംഗളൂരുവിൽ ഐ.ടി ജീവനക്കാരൻ ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശ് സ്വദേശിയായ അതുൽ സുഭാഷാണ് (34) ജീവനൊടുക്കിയത്. അതുൽ എഴുതിയ 24 പേജുള്ള കത്ത് കണ്ടെടുത്തു. തിങ്കളാഴ്‌ച രാവിലെ ആറോടെയാണ് ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്.
പീഡനങ്ങൾ വിവരിക്കുന്ന ദീർഘവീഡിയോ സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ചായിരുന്നു ആത്മഹത്യ. അതുലിന്റെ കുടുംബത്തിന്റെ പരാതിയിൽ ഭാര്യ നികിത സിംഘാനിയ, അമ്മ നിഷ, സഹോദരൻ അനുരാഗ്, അമ്മാവൻ സുശീൽ എന്നിവർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി.
2019ലായിരുന്നു ഇവരുടെ വിവാഹം. ഒരു വർഷം കഴിഞ്ഞപ്പോൾ ദമ്പതികൾക്ക് കുഞ്ഞ് ജനിച്ചു. പലപ്പോഴായി ഭാര്യാവീട്ടുകാർ പണം വാങ്ങി. കൂടുതൽ പണം ആവശ്യപ്പെട്ടപ്പോൾ വിസമ്മതിച്ചു. തുടർന്ന് ഭാര്യ കുട്ടിയേയുമെടുത്ത് വീട്ടിലേക്ക് പോയി. അതുലിനെതിരെ സ്ത്രീധന പീഡന കേസ് കൊടുത്തു. ഇതിനിടെ നികിതയുടെ പിതാവ് മരിച്ചു. അതുൽ സ്ത്രീധനം ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ വിഷമത്തിൽ ഹൃദയാഘാതം മൂലം മരിച്ചെന്ന് നികിത ആരോപിച്ചു. എന്നാൽ, ഇയാൾ ഹൃദ്രോഗ ബാധിതനായിരുന്നു.
കള്ളക്കേസ് തീർക്കാൻ
ഭാര്യ ചോദിച്ചത് 3 കോടി
കേസ് ഒത്തുതീർപ്പാക്കാൻ ഭാര്യ ആവശ്യപ്പെട്ടത് 3 കോടി രൂപയാണെന്ന് അതുൽ വീഡിയോയിൽ പറയുന്നു. കുട്ടിയെ കാണാൻ അനുവദിച്ചില്ല. അതിന് 50 ലക്ഷം പ്രത്യേകം ആവശ്യപ്പെട്ടു. ജൗൻപൂരിലെ കുടുംബകോടതി ജഡ്ജി താൻ പറയുന്നത് കേട്ടില്ല. കോടതി ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങി. ഒമ്പത് കേസുകൾ തനിക്കെതിരെ ഭാര്യ നൽകിയിട്ടുണ്ട്. നീതി ലഭിക്കുംവരെ ചിതാഭസ്മം നിമജ്ജനം ചെയ്യരുത്. നീതി ലഭിച്ചാൽ ഗംഗയിലൊഴുക്കണം. ഇല്ലെങ്കിൽ റോഡിൽ കളയണം. നാല് വയസുള്ള മകന്റെ സംരക്ഷണം തന്റെ മാതാപിതാക്കൾക്ക് നൽകണം. വീഡിയോ എക്സിൽ പങ്കുവച്ച അതുൽ, മസ്‌കിനെയും ട്രംപിനെയും ടാഗ് ചെയ്തിട്ടുണ്ട്. നിങ്ങൾ ഇത് വായിക്കുമ്പോഴേക്കും താൻ മരിച്ചിരിക്കുമെന്നും ഇന്ത്യയിൽ ഇപ്പോൾ നിയമത്തെ വളച്ചൊടിച്ച് പുരുഷഹത്യ നടക്കുകയാണെന്നും പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |