കോഴിക്കോട്: കാർ ചേസിംഗ് റീൽസ് ചിത്രീകരിക്കുന്നതിനിടെ ഉണ്ടായ വാഹനാപകടത്തിൽ വീഡിയോഗ്രാഫറായ ടി.കെ. ആൽവിൽ മരിച്ച സംഭവത്തിൽ ബെൻസ് കാറിന്റെ ഡ്രൈവർ അറസ്റ്റിൽ. മഞ്ചേരി കരുവമ്പ്രം സ്വദേശി കെ.സാബിത്ത് റഹ്മാനെയാണ് (28) വെള്ളയിൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്യലിനുശേഷം ജാമ്യത്തിൽ വിട്ടു.
ചേസിംഗിൽ പങ്കെടുത്ത ഡിഫൻഡർ കാറാണ് ആൽവിനെ ഇടിച്ചതെന്നാണ് റീൽസ് ചിത്രീകരണ സംഘത്തിലുണ്ടായിരുന്നവർ പറഞ്ഞിരുന്നത്. എന്നാൽ, പൊലീസും മോട്ടോർവാഹന വകുപ്പും നടത്തിയ അന്വേഷണത്തിൽ ബെൻസ് കാറാണ് ഇടിച്ചതെന്ന് കണ്ടെത്തി. ബെൻസ് കാറിന് ഇൻഷ്വറൻസ് ഇല്ലാത്തതിനാൽ ഡിഫൻഡറാണ് ഇടിച്ചതെന്ന് കളവ് പറയുകയായിരുന്നു. സി.സി ടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് പൊലീസ് ഈ നീക്കം പൊളിച്ചത്. തുടർന്നാണ് ബെൻസിന്റെ ഡ്രൈവറെ അറസ്റ്റ് ചെയ്തത്.
മന:പൂർവമല്ലാത്ത നരഹത്യ, അശ്രദ്ധമായി വാഹനമോടിക്കൽ, ഇൻഷ്വറൻസില്ലാത്ത വാഹനമോടിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തത്. ഡിഫൻഡർ ഓടിച്ചിരുന്ന മുഹമ്മദ് റയീസിനെ ആവശ്യമെങ്കിൽ പ്രതി ചേർക്കുമെന്ന് വെള്ളയിൽ ഇൻസ്‌പെക്ടർ ബൈജു.കെ ജോസ് പറഞ്ഞു.
ചൊവ്വാഴ്ച രാവിലെ കാറുകളുടെ ചേസിംഗ് വീഡിയോ റോഡിന് നടുവിൽ നിന്ന് ചിത്രീകരിക്കുന്നതിനിടെയാണ് ആൽവിൻ കാറിടിച്ച് മരിച്ചത്. ആൽവിന്റെ മൃതദേഹം ഇന്നലെ ഉച്ചയോടെ വടകര കടമേരിയിലെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |