കൊച്ചി: മലയാള സിനിമയിലെ മുതിർന്ന നടനും സംവിധായകനും ഹോളിവുഡിൽ അഭിനയിച്ച ആദ്യ മലയാളിയുമായ തോമസ് ബെർളി (91) നിര്യാതനായി. മുൻ കൊച്ചി മേയർ ഫോർട്ടുകൊച്ചി കുരിശിങ്കൽ വീട്ടിൽ പരേതനായ കെ.ജെ. ബെർളിയുടെ മകനാണ്. മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടാണ് അന്ത്യം. സംസ്കാരം പിന്നീട്.
1953ൽ റിലീസ് ചെയ്ത 'തിരമാല"യിലെ നായകനായാണ് തോമസ് ബെർളി സിനിമയിലെത്തിയത്. സത്യനായിരുന്നു വില്ലൻ. ഇതു മനുഷ്യനോ (1973) വെള്ളരിക്കാപ്പട്ടണം (1985) എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു. ഇതു മനുഷ്യനോയിൽ ഉമ്മറും ഷീലയുമായിരുന്നു അഭിനേതാക്കൾ.
അമേരിക്കയിൽ പോയി സിനിമ പഠിച്ച ആദ്യ മലയാളിയും ഹോളിവുഡിൽ അഭിനയിച്ച ആദ്യ മലയാളിയും തോമസ് ബെർളിയാണ്. വാർണർ ബ്രദേഴ്സിന്റെ നിരവധി സിനിമകളിൽ മെക്സിക്കൻ കഥാപാത്രങ്ങളായി വേഷമിട്ടു. കൗബോയ് വേഷത്തൽ വില്ലനായിരുന്നു ഏറെയും. ഇംഗ്ളീഷ് ക്ളാസിക് സിനിമകളിലൊന്നായ ഓൾഡ് മാൻ ആൻഡ് സീയുടെ സെറ്റ് ഡിസൈനറുമായി. മായ എന്ന ഹോളിവുഡ് സിനിമയുടെ കഥ ബെർളിയുടെ മനസിൽ വിരിഞ്ഞതാണ്.
ഏതാനും ഇംഗ്ളീഷ് നോവലുകളും രചിച്ചിട്ടുണ്ട്. മികച്ച ചിത്രകാരനുമായിരുന്നു. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ഡബിൾ ബാരൽ (2015) ആണ് ഒടുവിൽ അഭിനയിച്ച ചിത്രം. മെക്സിക്കൻ വില്ലനായിരുന്നു ഇതിലും വേഷം. ഹിന്ദി നടൻ ദിലീപ്കുമാറിന്റെ സഹോദരൻ അസ്ളം ഖാനും അമേരിക്കക്കാരനുമൊത്ത് സീഫുഡ് വ്യവസായം തുടങ്ങിയപ്പോഴാണ് സിനിമയിൽ നിന്ന് പിൻവാങ്ങിയത്.
ഭാര്യ: സോഫി. മക്കൾ: താനിയ എബ്രഹാം, തരുൺ തോമസ്, തമീന. മരുമക്കൾ: എബ്രഹാം തോമസ്, ജോർജ് ജേക്കബ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |