ആലപ്പുഴ: ബാറിലുണ്ടായ തർക്കത്തെ തുടർന്ന് ബിയർ കുപ്പിക്ക് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച യുവാവിനെ അക്രമികൾ പിന്തുടർന്ന് കാറിടിച്ച് കൊലപ്പെടുത്തി. കരീലക്കുളങ്ങര പുത്തൻപുരയ്ക്കൽ ഷമീർ ഖാനാണ് (24) കൊല്ലപ്പെട്ടത്. അർദ്ധരാത്രിയോടെ കായംകുളം നഗരത്തിൽ ഹൈവേയോട് ചേർന്നുള്ള ബാറിന് മുന്നിലായിരുന്നു സംഭവം.
രാത്രി 11 ഓടെ ബാറിന്റെ ഗേറ്റ് അടച്ചു. ഈ സമയം ഷമീർ ഖാനും രണ്ട് സുഹൃത്തുക്കളും ബിയർ വാങ്ങാനെത്തി. ബാർ അടച്ചതായി സെക്യൂരിറ്റി പറഞ്ഞതോടെ ഇവർ ബഹളം വച്ചു. ഈ സമയം ഒരു കാറിൽ അജ്മലെന്ന യുവാവും സംഘവും മദ്യപിക്കാനെത്തി. ഇവരും സെക്യൂരിറ്റിയോട് മദ്യം ആവശ്യപ്പെട്ടെങ്കിലും ഇവിടൊന്നുമില്ലെന്ന് ഷമീർ ഖാൻ ഉറക്കെ പറഞ്ഞു.തുടർന്നുണ്ടായ തർക്കത്തിനിടെ മദ്യലഹരിയിലായിരുന്ന അജ്മലിന്റെ സംഘത്തിലെ ഒരാൾ ബിയർ കുപ്പിക്ക് ഷെമീർ ഖാനെ തലയ്ക്കടിച്ച് വീഴ്ത്തി. ഇവിടെ നിന്ന് പുറത്തേക്ക് ഓടിയ ഷമീർഖാനെ പിന്തുടർന്ന സംഘം ബാറിന് സമീപത്തെ ഹൈവേയിൽ വച്ച് കാർ ഇടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.
സംഭവത്തിനുശേഷം രക്ഷപ്പെട്ട അജ്മലിനും സംഘത്തിനുമായി തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ വണ്ടന്നൂരും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ച് പൊലീസ് തെരച്ചിൽ ശക്തമാക്കി. കൊലപാതകത്തിനുപയോഗിച്ചതെന്ന് കരുതുന്ന കെ.എൽ.26 സി 3284 രജിസ്ട്രേഷൻ നമ്പരുള്ള സ്വിഫ്റ്ര് കാർ വണ്ടന്നൂരിൽ നിന്ന് പൊലീസ് കണ്ടെത്തി. വണ്ടന്നൂരിൽ ഏതാനും വർഷം മുമ്പ് വീടുവാങ്ങി താമസം ആരംഭിച്ച കായംകുളം സ്വദേശി സുഭാഷിന്റെ വീടിന് സമീപത്ത് നിന്നാണ് കാർ കണ്ടെത്തിയത്.
കൊലപാതകത്തിന് ശേഷം അജ്മലും കൂട്ടാളികളായ മറ്റ് രണ്ടുപേരും സുഹൃത്തായ സുഭാഷിന്റെ വീട്ടിൽ ഒളിവിൽ കഴിയാനായി ഇന്ന് പുലർച്ചെ എത്തിയതാണെന്നാണ് പറയപ്പെടുന്നത്. എന്നാൽ പ്രതികൾ രക്ഷപ്പെട്ട കാർ തിരിച്ചറിഞ്ഞ കായംകുളം പൊലീസ്, കാറിലെ ജി.പി.എസ് സംവിധാനത്തിന്റെ സഹായത്തോടെ കാർ കിളിമാനൂർ വണ്ടന്നൂരിലുള്ളതായി മനസിലാക്കി വിവരം കിളിമാനൂർ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പുലർച്ചെ മൂന്നുമണിയോടെ കിളിമാനൂർ സി.ഐയുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും അജ്മലും സംഘവും രക്ഷപ്പെട്ടു. തുടർന്ന് സുഭാഷിനെ കസ്റ്റഡിയിലെടുത്ത പൊലീസ് ഇയാളുടെ സഹായത്തോടെ പ്രതികൾക്കായി തെരച്ചിൽ നടത്തി വരികയാണ്. സുഭാഷും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് വെളിപ്പെടുത്തി. കായംകുളത്ത് നിന്നുള്ള ക്രിമിനൽ സംഘങ്ങളിൽ പലരും ഇടയ്ക്കിടെ ഇവിടെ തമ്പടിക്കാറുള്ളതായും നാട്ടുകാർ പൊലീസിനോട് പറഞ്ഞു.
കായംകുളം സി.ഐയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് തയ്യാറാക്കി ഷമീർഖാന്റെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |