തിരുവനന്തപുരം: രണ്ട് ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് കൂട്ടിയോജിപ്പിക്കുകയും വിടർത്തുകയും ചെയ്യുന്ന ഐ.എസ്.ആർ.ഒയുടെ സങ്കീർണപരീക്ഷണം നാളെ നടക്കും. രാത്രി 9.58ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ റോക്കറ്റ് നിലയത്തിൽ നിന്ന് പി.എസ്.എൽ.വിയുടെ സി 60 റോക്കറ്റിലാണ് വിക്ഷേപണം. വിജയിച്ചാൽ ഇന്ത്യ ഇൗനേട്ടം സ്വന്തമാക്കുന്ന നാലാമത്തെ രാജ്യമാകും. കൂടാതെ ചന്ദ്രയാൻ 4ന്റെയും ഇന്ത്യൻ സ്‌പെയ്സ് സ്റ്റേഷന്റേയും വിക്ഷേപണങ്ങളിൽ പേടകഭാഗങ്ങൾ ബഹിരാകാശത്തെത്തിച്ച് കൂട്ടിയോജിപ്പിക്കുകയും ചെയ്യാം. അമേരിക്ക, റഷ്യ, ചെെന തുടങ്ങിയ രാജ്യങ്ങൾക്കാണീ സാങ്കേതികവിദ്യയുള്ളത്.
ബഹിരാകാശത്ത് രണ്ട് ഉപഗ്രഹങ്ങളെ യോജിപ്പിക്കുന്ന ഡോക്കിംഗ് സാങ്കേതികവിദ്യയുടെ പരീക്ഷണത്തിന് 'സ്‌പെഡെക്സ്" എന്നാണ് പേരിട്ടിരിക്കുന്നത്. 220കിലോഗ്രാം വീതം ഭാരമുള്ള ചേസർ, ടാർഗറ്റ് എന്നീ ഉപഗ്രഹങ്ങളാണ് പരീക്ഷണത്തിനായി വിക്ഷേപിക്കുക. ഭൂമിയിൽ നിന്ന് 470 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലേക്കാണ് വിക്ഷേപണം. രണ്ടും തമ്മിൽ 20 കിലോമീറ്റർ അകലമുണ്ടാകും. ഭ്രമണത്തിനിടെ ഇവയ്ക്കിയിലെ അകലം 5 കിലോമീറ്റർ, 1.5 കിലോമീറ്റർ, 500 മീറ്റർ, 15 മീറ്റർ, മൂന്ന് മീറ്റർ എന്നിങ്ങനെ കുറയ്‌ക്കും. പിന്നീട് കൂട്ടിയോജിപ്പിക്കും. 66ദിവസമാണ് ദൗത്യ കാലാവധി. ഉപഗ്രഹങ്ങൾ രണ്ടുവർഷം ബഹിരാകാശത്ത് തുടരും.
ദൗത്യത്തിനൊപ്പം 24 ഗവേഷണോപകരണങ്ങളും വിക്ഷേപിക്കും. അതിൽ പതിന്നാലെണ്ണം ഐ.എസ്.ആർ.ഒയുടെ വിവിധ ലാബുകളുടെയും പത്തെണ്ണം സ്വകാര്യ യൂണിവേഴ്സിറ്റികളുടേതുമാണ്. രണ്ട് ഉപഗ്രഹങ്ങൾ നിർമ്മിച്ചതും ടെസ്റ്റിംഗ് നടത്തിയതും തിരുവനന്തപുരത്തെ ആനന്ദ് ടെക്നോളജീസാണ്.
റോക്കറ്റിന്റെ ശേഷിപ്പിൽ വിത്ത് മുളപ്പിക്കും
ഉപഗ്രഹങ്ങൾ എത്തിച്ച ശേഷം ബഹിരാകാശത്ത് ബാക്കിയാകുന്ന റോക്കറ്റിന്റെ നാലാമത്തെ ഭാഗത്തിൽ വിത്ത് മുളപ്പിച്ച് പരീക്ഷണം നടത്തും. പോയെം 4 (പി.എസ്.എൽ.വി ഓർബിറ്റൽ എക്‌സ്‌പിരിമെന്റ് മൊഡ്യൂൾ) എന്നാണ് റോക്കറ്റ് ഭാഗങ്ങൾ പുനരുപയോഗിക്കുന്നതിനെ വിളിക്കുന്നത്. ബഹിരാകാശ മാലിന്യം പിടിച്ചെടുക്കാനുള്ള റോബോട്ടിക് കൈയും പോയെം 4ലിലുണ്ട്. ഗ്രീൻ പ്രൊപ്പൽഷൻ സംവിധാനം പരീക്ഷിക്കാനുള്ള സംവിധാനങ്ങളുമുണ്ടാകും. എട്ട് പയർ വിത്തുകൾ മുളപ്പിച്ച് വളർത്താനാണ് പദ്ധതി. രണ്ട് ഇലകളാകുന്നതുവരെയുള്ള സസ്യത്തിന്റെ നിലനിൽപ്പും പരിശോധിക്കും. തുമ്പയിലെ വി.എസ്.എസ്.സിയിൽ വികസിപ്പിച്ച ഓർബിറ്റൽ പ്ലാന്റ് സ്റ്റഡീസിനായുള്ള കോംപാക്ട് റിസർച്ച് മൊഡ്യൂളിന്റെ ഭാഗമായാണ് പരീക്ഷണം. മുംബയിലെ അമിറ്റി യൂണിവേഴ്സിറ്റി വികസിപ്പിച്ച അമിറ്റി പ്ലാന്റ് എക്‌സ്‌പെരിമെന്റൽ മൊഡ്യൂൾ ഇൻ സ്‌പെയ്സിലാണ് വിത്ത് പരീക്ഷണം. മൈക്രോഗ്രാവിറ്റി പരിതസ്ഥിതിയിൽ ചീരയുടെ വളർച്ച പഠിക്കലാണ് ലക്ഷ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |