
തിരുവനന്തപുരം: പൊതുജനങ്ങളുടെ പ്രതീക്ഷകളും വിശ്വാസ്യതയും നിലനിറുത്തുന്നതിൽ ജ്യുഡിഷ്യറി അടക്കമുള്ള സംവിധാനങ്ങൾ പരാജയപ്പെട്ടാൽ, ഒരു ഘട്ടത്തിൽ അവർ പ്രതികരിച്ചേക്കാമെന്ന് കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് പറഞ്ഞു.
ലോകായുക്ത ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കാനാവില്ല. അതുകൊണ്ട്, നിയമവാഴ്ച എന്ന ആശയത്തെ ജുഡിഷ്യറി ശക്തിപ്പെടുത്തണം. ജുഡിഷ്യറിയുടെ പ്രവർത്തനങ്ങളെയും നിയമവാഴ്ചയോടുള്ള പ്രതിബദ്ധതയെയും വീണ്ടും ഊന്നിപ്പറയുകയും പ്രതിജ്ഞയെടുക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു.
ലോകായുക്ത ജസ്റ്റിസ് എൻ. അനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. ചീഫ് സെക്രട്ടറി ഡോ.എ. ജയതിലക് വിശിഷ്ടാതിഥിയായി. അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണ കുറുപ്പ്, കേരള ലോകായുക്ത രജിസ്ട്രാർ ഇ. ബൈജു, ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷൻസ് കേരള ആൻഡ് സ്‌പെഷ്യൽ അറ്റോർണി റ്റി. എ. ഷാജി, തിരുവനന്തപുരം ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. പള്ളിച്ചൽ എസ്. കെ. പ്രമോദ്, കേരള ലോകായുക്ത അഡ്വക്കേറ്റ്‌സ് ഫോറം പ്രസിഡന്റ് എൻ. എസ്. ലാൽ തുടങ്ങിയവർ സംസാരിച്ചു.
ലോകായുക്ത ദിനാഘോഷത്തിന്റ ഭാഗമായി നിയമ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച അഖില കേരള ഇന്റർകോളീജിയേറ്റ് മൂട്ട് കോർട്ട് മത്സരത്തിൽ കേരള ലാ അക്കാഡമിയിലെ അനന്തുലാൽ എസ്.കെ, ഐറിൻ എൽസ ചെറിയാൻ എന്നിവർ ഉൾപ്പെട്ട ടീം ഒന്നാം സ്ഥാനവും തിരുവനന്തപുരം മാർ ഗ്രിഗോറിയോസ് ലാ കോളേജിലെ ദേവർഷ് കെ, നീതു മറിയ എബ്രഹാം എന്നിവർ ഉൾപ്പെട്ട ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് ട്രോഫിയും ക്യാഷ് അവാർഡും ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് വി. ജി. അരുൺ എന്നിവർ സമ്മാനിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |