തലശേരി: സി.പി.എം പ്രവർത്തകൻ റിജിത്ത് ശങ്കരനെ (26) ഇരുപത് കൊല്ലംമുമ്പ് വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളായ ഒൻപത് ആർ.എസ്.എസ്- ബി.ജെ.പി പ്രവർത്തകരും കുറ്റക്കാരാണെന്ന് തലശേരി അഡി. ജില്ല സെഷൻസ് കോടതി (മൂന്ന്) ജഡ്ജി റൂബി കെ.ജോസ് കണ്ടെത്തി. ശിക്ഷ ഏഴിന് വിധിക്കും. മൂന്നാംപ്രതി ചുണ്ടയിലെ കൊത്തിലതാഴെ വീട്ടിൽ അജേഷ് വിചാരണയ്ക്കിടെ വാഹനാപകടത്തിൽ മരിച്ചിരുന്നു
കണ്ണപുരം ചുണ്ട സ്വദേശികളായ വയക്കോടൻ വീട്ടിൽ വി.വി.സുധാകരൻ (57), കൊത്തിലതാഴെവീട്ടിൽ ജയേഷ് (41), ചാങ്കുളത്തുപറമ്പിൽ സി.പി.രഞ്ജിത്ത് (44), പുതിയപുരയിൽ പി.പി.അജീന്ദ്രൻ (51), ഇല്ലിക്കവളപ്പിൽ ഐ.വി.അനിൽകുമാർ (52), പുതിയപുരയിൽ പി.പി.രാജേഷ് (46), വടക്കേവീട്ടിൽ ഹൗസിൽ വി.വി.ശ്രീകാന്ത് (47), സഹോദരൻ വി.വി.ശ്രീജിത്ത് (43), തെക്കേവീട്ടിൽ ഹൗസിൽ ടി.വി.ഭാസ്‌കരൻ (67) എന്നിവരെയാണ് കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ കൊലപാതകം (302), വധശ്രമം (307), അന്യായമായി സംഘംചേരൽ (143), സംഘം ചേർന്ന് ലഹളയുണ്ടാക്കൽ (147), തടഞ്ഞുവയ്‌ക്കൽ (341), ആയുധം ഉപയോഗിച്ച് പരിക്കേൽപ്പിക്കൽ (324) വകുപ്പുകൾ പ്രകാരം പ്രതികൾ കുറ്റം ചെയ്‌തതായി കോടതി കണ്ടെത്തി.
കൊന്നത് വീട്ടിലേക്ക് പോകവേ
സി.പി.എം കണ്ണപുരം ചുണ്ട ബ്രാഞ്ചംഗമായിരുന്ന അലച്ചി ഹൗസിൽ റിജിത്തിനെ 2005 ഒക്ടോബർ മൂന്നിന് രാത്രി ഒമ്പതിനായിരുന്നു കൊലപ്പെടുത്തിയത്. ചുണ്ട തച്ചൻകണ്ടി ക്ഷേത്രത്തിനടുത്ത് നിന്ന് വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ പഞ്ചായത്ത് കിണറിന് സമീപത്തു വച്ച് ആക്രമിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളായ നികേഷ്, വിമൽ, വികാസ്, സജീവൻ എന്നിവർക്ക് പരിക്കേറ്റിരുന്നു. പ്രദേശത്ത് ആർ.എസ്.എസ് ശാഖ തുടങ്ങുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
വിസ്തരിച്ചത് 28 സാക്ഷികളെ
28 സാക്ഷികളെ വിസ്തരിച്ചു. 59 രേഖകളും 50 തൊണ്ടിമുതലും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. സ്‌പെഷ്യൽ പ്രോസിക്യൂട്ടർ ബി.പി.ശശീന്ദ്രൻ പ്രോസിക്യൂഷനു വേണ്ടി ഹാജരായി. വളപട്ടണം സി.ഐ ആയിരുന്ന ടി.പി.പ്രേമരാജനാണ് കേസന്വേഷിച്ചത്. റിജിത്തിന്റെ അമ്മ ജാനകിയും സഹോദരി റീജയും സി.പി.എം നേതാക്കളും ഇന്നലെ കോടതിയിൽ എത്തിയിരുന്നു.
''പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിൽ സന്തോഷമുണ്ട്. നീണ്ടകാലം ഇതിനായി കാത്തിരിക്കേണ്ടി വന്നു. റിജിത്തിന്റെ അച്ഛൻ രണ്ടു വർഷം മുമ്പാണ് മരണപ്പെട്ടത്. ഇപ്പോൾ ഞാൻ തനിച്ചായി
-ജാനകി
റിജിത്തിന്റെ അമ്മ
ഇളവ് അനുവദിക്കണമെന്ന് പ്രതികൾ
കുടുംബത്തിന്റെ ദയനിയ സ്ഥിതി കണക്കിലെടുത്തും മാതാപിതാക്കളുടേയും, കുട്ടികളുടേയും ഭാവിയോർത്തും ശിക്ഷയിൽ ഇളവ് അനുവദിക്കണമെന്നാണ് പ്രതികൾ കോടതിയിൽ പറഞ്ഞു.
''ജീവിതമറിയും മുമ്പാണ് സഹോദരൻ കൊല ചെയ്യപ്പെട്ടത്. കൊലയാളികൾക്ക് മാതൃകയാവുംവിധമുള്ള ശിക്ഷ ലഭിക്കണം
-ശ്രീജ,
റിജിത്തിന്റെ സഹോദരി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |