തിരുവനന്തപുരം: വിഴിഞ്ഞം ഇന്റർനാഷണൽ പോർട്ടിന്റെ ഉയർന്ന ഉദ്യോഗസ്ഥനാണെന്നും അദാനിയുമായി തനിക്ക് നേരിട്ട് ബന്ധമുണ്ടെന്നുമൊക്കെ പറഞ്ഞ് തട്ടിപ്പ് നടത്തിയയാൾ അറസ്റ്റിൽ. പൂവാർ കല്ലിയവിളാകം പനയിൽ വീട്ടിൽ ജോർജിന്റെ മകൻ സുരേഷ് കുമാറിനെയാണ് (51) തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്നുപേരിൽ നിന്നായി രണ്ട് ലക്ഷത്തിലധികം രൂപയാണ് ഇയാൾ തട്ടിയെടുത്തത്.
വിഴിഞ്ഞം പോർട്ടിൽ അദാനിയുമായി നേരിട്ട് ബന്ധമുള്ള ഒരേയൊരു വ്യക്തി താനാണെന്നും താൻ വിചാരിച്ചാൽ പോർട്ടിനുള്ളിൽ എന്തു ജോലിയും തരപ്പെടുത്താൻ കഴിയുമെന്നൊക്കെയാണ് ഇയാൾ ഇരകളെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. നിരവധിപ്പേർക്ക് ജോലി വാഗ്ദാനം ചെയ്ത് തെറ്റിദ്ധരിപ്പിച്ച് വ്യാജരേഖകളുണ്ടാക്കിയാണ് ഇയാൾ പണം തട്ടിയിരുന്നത്.കൂടാതെ പോർട്ടിലെ ക്യാന്റീൻ ലേലത്തിൽ പിടിച്ചിരിക്കുന്നത് താനാണെന്നും ക്യാന്റീനിലും ഒഴിവുകളുണ്ടെന്നും ഇയാൾ പറഞ്ഞിരുന്നു.മന്ത്രിമാരുമായും കളക്ടറുമായുമൊക്കെ അടുത്ത ബന്ധമുണ്ടെന്നും ലോൺ സംബന്ധമായ എന്ത് കാര്യമുണ്ടെങ്കിലും സമീപിക്കാമെന്നുപറഞ്ഞ് ഇയാൾ പറ്റിപ്പ് നടത്തിയിരുന്നതായും തമ്പാനൂർ എസ്.എച്ച്.ഒ ശ്രീകുമാർ .വി.എം അറിയിച്ചു.
ഇയാളുടെ കൈവശമുണ്ടായിരുന്ന കാറിൽ നിന്ന് വിഴിഞ്ഞം പോർട്ടിന്റെ സീൽ ഉപയോഗിച്ച് വ്യാജമായുണ്ടാക്കിയ നിരവധി രേഖകൾ കണ്ടെടുത്തു. കൂടുതൽ കേസുകളുണ്ടെന്നും ഇയാളെ വിശദമായി ചേദ്യം ചെയ്യുന്നതിലൂടെ മാത്രമേ തട്ടിപ്പിന്റെ വ്യാപ്തി അറിയാനാകൂവെന്നും പൊലീസ് പറഞ്ഞു.സുരേഷ് കുമാറിനെ കോടതിയിൽ ഹാജരാക്കി. തമ്പാനൂർ എസ്.എച്ച്.ഒ വി.എം.ശ്രീകുമാർ,സി.പി.ഒമാരായ ബോബൻ,ശ്രീരാഗ്,സജു എന്നിവർ അറസ്റ്റിന് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |