ന്യൂഡൽഹി: ഖരഗ്പുർ ഐഐടിയിൽ വിദ്യാർത്ഥിയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മൂന്നാംവർഷ ഇലക്ട്രിക്കൽ എഞ്ചിനിയർ വിദ്യാർത്ഥിയായ ഷോൺ മാലികാണ് (21) മരിച്ചത്. കഴിഞ്ഞ ദിവസം ഷോണിനെ കാണാനായി രക്ഷിതാക്കൾ ഹോസ്റ്റലിൽ എത്തിയതോടെയാണ് സംഭവം പുറത്തുവന്നത്. യുവാവിന്റെ മരണത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തുടർച്ചയായി വിളിച്ചിട്ടും മറുപടി ലഭിക്കാതിരുന്നതിനെ തുടർന്ന് യുവാവിന്റെ മാതാപിതാക്കളും ഹോസ്റ്റൽ ജീവനക്കാരും ചേർന്നാണ് മുറിയുടെ വാതിൽ ബലം പ്രയോഗിച്ച് തുറന്നത്. ഷോണിന്റെ മരണത്തിൽ ഐഐടി അധികൃതരും പ്രതികരിച്ചിട്ടുണ്ട്. യുവാവിന്റെ മരണത്തിനുപിന്നിലെ കാരണം വ്യക്തമായി അറിയില്ലെന്നായിരുന്നു അധികൃതരുടെ പ്രതികരണം. ഷോൺ മിടുക്കനായ വിദ്യാർത്ഥിയായിരുന്നുവെന്നും അദ്ധ്യാപകർ പറയുന്നു. മുറിയിൽ നിന്ന് ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല.
മകനെ കാണാനായി ഭക്ഷണവുമായാണ് മാതാപിതാക്കൾ വന്നത്. എല്ലാ ഞായറാഴ്ചയും ഷോണിനെ കാണാനായി മാതാപിതാക്കൾ വരാറുണ്ടായിരുന്നു. 'യുവാവിന്റെ മുറിയിൽ നിന്നും സംശയാസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ല. അദ്ധ്യാപകരുമായി ഷോൺ നല്ല ബന്ധത്തിലായിരുന്നു. ഏതാനും ദിവസങ്ങൾക്കു മുൻപ് ഒരു ലാബ് അസിസ്റ്റന്റ് മരിച്ചിരുന്നു. എന്നാൽ അതിന് ഇപ്പോഴത്തെ മരണവുമായി ബന്ധമില്ല'-അധികൃതർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഷോണിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെദിനിപുർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഖരഗ്പുർ ഐഐടിയിൽ ഇതിനുമുൻപും വിദ്യാർത്ഥികൾ ജീവനൊടുക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം ജൂണിലും ഒരു സംഭവം റിപ്പോർട്ട് ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |