കൊച്ചി: ഒഡിഷ എഫ്.സിയെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് തോൽപ്പിച്ച് അഭിമാനവിജയം സ്വന്തമാക്കി കേരള ബ്ളാസ്റ്റേഴ്സ് . കളിതീരാൻ മിനിട്ടുകൾ മാത്രം ബാക്കിനിൽക്കെ നോവ സദോയ് നേടിയ ഗോളാണ് ബ്ളാസ്റ്റേഴ്സിന് വിജയം സമ്മാനിച്ചത്.
ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിട്ടുനിന്ന ബ്ളാസ്റ്റേഴ്സ് 59- ാം മിനിട്ടിൽ ക്വാമി പെപ്രയിലൂടെയാണ് ആദ്യഗോൾ നേടിയത്. കളത്തിന്റെ നടുവിൽ നിന്ന് ലഭിച്ച പാസിൽ നിന്നാണ് ഗോൾ പിറന്നത്.
ആദ്യഗോൾ വീഴ്ത്തി 13 മിനിട്ട് കഴിഞ്ഞപ്പോൾ ഉജ്വലമായ മുന്നേറ്റത്തിലൂടെ ജീസസ് ജിമിനെസ് രണ്ടാം ഗോളും നേടി. ഗോൾവലയുടെ ഇടതുഭാഗത്ത് ലഭിച്ച പന്ത് നോവ സദോയ് ഹെഡിലൂടെ വലത്തേയ്ക്ക് നൽകി. കുതിച്ചെത്തിയ ജിമിനെസ് ഗോൾ വലയിലേയ്ക്ക് പന്ത് അടിച്ചുവീഴ്ത്തി. നോവയാണ് ബ്ളാസ്റ്റേഴ്സിന്റെ വിജയഗോൾ സ്വന്തമാക്കിയത്. 94 ാം മിനിറ്റിൽ. വിബിൻ മോഹനൻ നൽകിയ പന്ത് ബോക്സിന്റെ ഇടതുമൂലയിൽ നിന്നടിച്ച് വലതുമൂലയിലൂടെ ഗോൾവലയിൽ എത്തിക്കുകയായിരുന്നു.
കളിയുടെ മൂന്നാം മിനിറ്റിൽ ആദ്യഗോൾ നേടി ഒഡിഷയാണ് ബ്ളാസ്റ്റേഴ്സിനെ ഞെട്ടിച്ചത്. മോവിംഗ്തംഗ അടിച്ച പന്ത് വലതുമൂലയിലൂടെ വലയിൽ പതിച്ചു. ഡോറിയെൽട്ടണിൽ നിന്ന് ലഭിച്ച പാസാണ് മോവിംഗ്തംഗ ഗോളാക്കി മാറ്റിയത്. ബ്ളാസ്റ്റേഴ്സിന്റെ ഗോൾ കീപ്പർ സച്ചിൻ സുരേഷിന് തടാൻ കഴിയുന്നതിലും വേഗത്തിലാണ് ഗോൾ പതിച്ചത്.രണ്ടാം പകുതിയിൽ രണ്ടു ഗോൾ നേടിയ ബ്ളാസ്റ്റേഴ്സിന്റെ വീഴ്ച മുതലെടുത്താണ് രണ്ടാം ഗോൾ ഒഡിഷ നേടിയത്. ബ്ളാസ്റ്റേഴ്സ് ഗോൾ മുഖത്ത് ഒഡിഷക്ക് ലഭിച്ച മൂന്ന് അവസരങ്ങളും ഗോൾ കീപ്പർ സച്ചിൻ സുരേഷ് പ്രതിരോധിച്ചു. പിന്നാലെ ഒഡിഷയുടെ സേവ്യർ ഗാമ അടിച്ച പന്ത് തട്ടിയകറ്റിയത് തിരിച്ച് കളത്തിലെത്തി. ഒഡിഷയുടെ ദോറിയെൽട്ടൺ ഗോൾ വലയ്ക്ക് തൊട്ടുമുമ്പിലായ തിരിച്ചടിച്ചു. ബ്ളാസ്റ്റേഴ്സ് താരങ്ങളെ മറികടന്നെത്തിയ പന്ത് തടയാനുള്ള ഗോൾ കീപ്പറുടെ ശ്രമം ഫലം കണ്ടില്ല. 79 ാം മിനിറ്റിൽ ഒഡിഷ രണ്ടാം ഗോളും സ്വന്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |