തിരുവനന്തപുരം: വനം നിയമഭേദഗതി ബിൽ പിൻവലിക്കുക, വന്യമൃഗങ്ങളുടെ അക്രമത്തിൽനിന്ന് മലയോര കർഷകരെയും ജനങ്ങളെയും രക്ഷിക്കുക, കാർഷിക മേഖലയിലെ തകർച്ചയ്ക്ക് പരിഹാരമുണ്ടാക്കുക, ബഫർസോൺ വിഷയത്തിൽ കേന്ദ്രസർക്കാർ ഇടപെടുക എന്നീ ആവശ്യങ്ങളുന്നയിച്ച് കേന്ദ്രസംസ്ഥാന സർക്കാരുകൾക്കെതിരെ പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ നയിക്കുന്ന മലയോര സമര പ്രചരണയാത്ര നടത്താൻ യു.ഡി.എഫ് തീരുമാനിച്ചു.
ജനുവരി 27ന് കണ്ണൂർ ഇരിക്കൂർ മണ്ഡലത്തിലെ ഉളിക്കലിൽ/ പയ്യാവൂരിൽ നിന്നാരംഭിക്കുന്ന യാത്ര ഫെബ്രുവരി 5 ന് തിരുവനന്തപുരം പാറശ്ശാല മണ്ഡലത്തിലെ അമ്പൂരിയിൽ സമാപിക്കുമെന്ന് യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
യാത്ര കടന്നുപോകുന്ന19 സ്ഥലങ്ങളിൽ കർഷക സമ്മേളനങ്ങൾ സംഘടിപ്പിക്കും. യു.ഡി.എഫിന്റെ പ്രമുഖ നേതാക്കളായ കെ.സുധാകരൻ എം.പി, പി.കെ.കുഞ്ഞാലിക്കുട്ടി, പി.ജെ.ജോസഫ്, രമേശ് ചെന്നിത്തല. എം.എം.ഹസ്സൻ, സി.പി.ജോൺ, ഷിബു ബേബി ജോൺ, അനൂപ് ജേക്കബ്, ജി. ദേവരാജൻ, മാണി സി. കാപ്പൻ, അഡ്വ.രാജൻ ബാബു, രാജേന്ദ്രൻ വെള്ളപ്പാലത്ത് തുടങ്ങിയവർ യാത്രയിൽ പങ്കെടുക്കും. വനംനിയമ ഭേദഗതി മൂലം 30 ലക്ഷത്തോളം കർഷകർ വനത്തിൽ അടിയന്തരാവസ്ഥയിലെന്ന പോലെയാണ് ജീവിക്കുന്നത്. വന്യജീവികളുടെ ശല്യം കാരണം ജനജീവിതം ദുസ്സഹമായി. അക്രമകാരികളായ വന്യജീവികളെ വെടിവച്ചു കൊല്ലാമെന്ന് മാധവ് ഗാഡ്ഗിൽ ശുപാർശ ചെയ്തിട്ടും സംസ്ഥാന സർക്കാരിന് അനക്കമില്ല. വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ ആശ്രിതർക്കു നല്കുന്ന നഷ്ടപരിഹാരം അപര്യാപ്തമാണ്. ഇക്കോ സെൻസിറ്റിവ് സോണിലെ ജനവാസമേഖലകളെ ഒഴിവാക്കിക്കൊണ്ടുള്ള നടപടികളും ഉണ്ടാകുന്നില്ല. മലയോര സമര പ്രചാരണ യാത്രയിൽ ഈ വിഷയങ്ങളും ഉയർത്തുമെന്ന് ഹസൻ അറിയിച്ചു.
യാത്ര ഇങ്ങനെ
ജനുവരി 27 രാവിലെ 9ന് ഉളിക്കൽ (ഇരിക്കൂർ), 11 ന് ആറളം, വൈകിട്ട് 3ന്കൊട്ടിയൂർ, 28 രാവിലെ 10ന് മാനന്തവാടി, വൈകിട്ട് 3ന് മേപ്പാടി, 5ന് കോടഞ്ചേരി, 30 രാവിലെ 10ന് നിലമ്പൂർ, ഉച്ചയ്ക്ക് 2ന് കരുവാരക്കുണ്ട്, വൈകിട്ട് 5ന് മണ്ണാർക്കാട്,31 രാവിലെ 10ന് ആതിരപ്പള്ളി, വൈകിട്ട് 4ന് കോതമംഗലം, ഫെബ്രുവരി ഒന്ന് രാവിലെ 10ന് അടിമാലി, ഉച്ചയ്ക്ക് 2ന്ചെറുതോണി, വൈകിട്ട് 5ന് കുമിളി, 4 രാവിലെ 10ന് മുണ്ടക്കയം, വൈകിട്ട് 3ന്ചിറ്റാർ, 5ന്പിറവന്തൂർഅലിമുക്ക്(പത്തനാപുരം), 5 രാവിലെ 10ന് പാലോട്, വൈകിട്ട് 4 അമ്പൂരി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |