ചെന്നൈ: അണ്ണാ ഡി.എം.കെ, ബി.ജെ.പി ഉൾപ്പെടെയുള്ള പ്രധാന പ്രതിപക്ഷ പാർട്ടികളെല്ലാം പിൻവാങ്ങിയ ഈറോഡ് (ഈസ്റ്റ്) നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ ഒരുകൈ നോക്കാൻ സീമാന്റെ നാംതമിഴർ കക്ഷയുടെ തീരുമാനം. സീമാൻ ഇന്ന് സ്ഥാനാർത്ഥകളെ പ്രഖ്യാപിക്കും. അതോടെ ഡി.എം.കെയും നാം തമിഴർ കക്ഷിയും തമ്മിലാകും പ്രധാന പോരാട്ടം. ഡി.എം.കെ സ്ഥാനാർത്ഥി വി.സി. ചന്ദ്രകുമാറും നാം തമിഴർ കക്ഷി സ്ഥാനാർത്ഥിയും 17ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും.
ഫെബ്രുവരി 5നാണ് തിരഞ്ഞെടുപ്പ്. ഇന്നലെ ആറ് പേർ നാമനിർദേശ പത്രിക സമർിപ്പിച്ചു. ചെന്നൈയിലെ പി. ഇസകിമുത്തു നാടാർ, ഈറോഡിലെ എച്ച്. മുഹമ്മദ് ഗൈപീർ, ഈറോഡിലെ ജെ. ഗോപാലകൃഷ്ണൻ, സേലത്തിലെ ദഡഗപട്ടിയിൽ നിന്നുള്ള ആർ.രാജശേഖരൻ എന്നിവരാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ച സ്വതന്ത്രർ. ധർമ്മപുരിയിൽ നിന്നുള്ള മരുമലർച്ചി ജനത കക്ഷിയിലെ എസ്. ആനന്ദ്, രാമനാഥപുരത്ത് നിന്നുള്ള എം.ജി.ആർ മക്കൾ കക്ഷിയിലെ എ. മണി എന്നിവരും പത്രിക സമർപ്പിച്ചു.
14 മുതൽ 16 വരെ സർക്കാർ അവധിയായതിനാൽ നാമനിർദ്ദേശ പത്രികകൾ സ്വീകരിക്കില്ല. 17നാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം.
പത്രികകളുടെ സൂക്ഷ്മപരിശോധന 18ന് നടക്കും. സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി 20 ആണ്. ഫെബ്രുവരി 8നാണ് വോട്ടെണ്ണൽ. 237 പോളിംഗ് സ്റ്റേഷനുകളിലായി വിന്യസിക്കുന്ന 1,194 പോളിംഗ് ജീവനക്കാരുടെ ആദ്യ യോഗം ഞായറാഴ്ച കളക്ടറേറ്റിൽ നടന്നിരുന്നു.
വാഹന പരിശോധനയിൽ മലപ്പുറത്തെ വ്യാപാരി പിടിയിൽ
മാതൃകാപെരുമാറ്റച്ചട്ടം നിലവിൽ വന്നതിനെ തുടർന്ന് മണ്ഡലത്തിലുടനീളം വ്യാപകമായി വാഹന പരിശോധന നടന്നുവരികയാണ്. ഇന്നലെ നഗരത്തിലെ മണികൂണ്ടു പ്രദേശത്ത് കേരളത്തിൽ നിന്നുള്ള തുണി വ്യാപാരിയിൽ നിന്ന് കണക്കിൽപ്പെടാത്ത ഒരു ലക്ഷം രൂപ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. മലപ്പുറം ജില്ലയിൽ നിന്നുള്ള കാറിൽനിന്നാണ് ഫ്‌ളൈയിംഗ് സ്‌ക്വാഡ് സംഘം പണം കണ്ടെത്തിയത്. വ്യാപാരി രേഖകളൊന്നും ഹാജരാക്കാത്തതിനെത്തുടർന്ന് സംഘം പണം പിടിച്ചെടുത്തത്.
ഞായറാഴ്ച കുമലൻകുട്ടൈയിൽ ഒരു കാറിൽ നിന്ന് 1.22 ലക്ഷം രൂപ പിടിച്ചെടുത്തിരുന്നു. രേഖകളില്ലാതെ കൊണ്ടുവന്ന 5,52,850 രൂപ ഇതുവരെ പിടിച്ചെടുത്തു.
50,000 രൂപയിൽ കൂടുതൽ പണം കൊണ്ടുപോകുന്നവർ സാധുവായ രേഖകൾ കൈവശം വയ്ക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും കളക്ടറുമായ രാജ ഗോപാൽ സുങ്കര അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |