വി.എസ്.ജോയിയെ സ്ഥാനാർത്ഥിയാക്കണം
തിരുവനന്തപുരം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് പി.വി.അൻവർ. യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് നിരുപാധിക പിന്തുണ നൽകും. ആ ഉപതിരഞ്ഞെടുപ്പ് പിണറായിസത്തിനെതിരേയുള്ള അവസാനി ആണിയാകണമെന്നും എം.എൽ.എ സ്ഥാനം രാജിവച്ചതിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
452 ദിവസമാണ് പിണറായിസത്തിന് ബാക്കിയുള്ളത്. കൗണ്ട്ഡൗൺ തുടങ്ങിക്കഴിഞ്ഞു. കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് വന്യജീവി ആക്രമണം. അതുതടയാനുള്ള പോരാട്ടം തുടരും. മലയോര മേഖലയിലെ പ്രശ്നങ്ങൾ നേരിട്ടറിയാവുന്ന മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.എസ്.ജോയിയെ യു.ഡി.എഫ് സ്ഥാനാർത്ഥിയാക്കണം. നിലമ്പൂരിലെ ക്രൈസ്തവ വിഭാഗത്തിലുള്ളവരാണ് ഇക്കാര്യത്തിൽ ഏറ്റവുമധികം ദുരിതം അനുഭവിക്കുന്നതെന്നും അൻവർ പറഞ്ഞു.
സ്പീക്കർ രാജി സ്വീകരിച്ചാൽ മമത ബാനർജിയിൽ നിന്ന് പാർട്ടി അംഗത്വം സ്വീകരിച്ചതിനുശേഷം തൃണമൂൽ കോൺഗ്രസിന്റെ സജീവ പ്രവർത്തനവുമായി മുന്നോട്ടുപോകും. പാർട്ടിയുടെ കോഓർഡിനേറ്റർ എന്ന നിലയിൽ പ്രവർത്തിക്കാമെന്നാണ് കരുതിയതെങ്കിലും മലയോര ജനതയ്ക്കുവേണ്ടി എം.എൽ.എ സ്ഥാനം രാജിവയ്ക്കാൻ മമതയാണ് നിർദ്ദേശിച്ചതെന്നും അൻവർ പറഞ്ഞു. വീഡിയോ കോൺഫറൻസിലൂടെ മമതയുമായി സംസാരിച്ചു.
ആര്യാടൻ ഷൗക്കത്തിന് പരിഹാസം
യു.ഡി.എഫ് സ്ഥാനാർത്ഥിയായി കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തിനെ പിന്തുണയ്ക്കുമോയെന്ന ചോദ്യത്തിന് ആരാണ് ആര്യാടൻ ഷൗക്കത്ത് എന്നായിരുന്നു പരിഹാസത്തോടെയുള്ള അൻവറിന്റെ മറുചോദ്യം. അദ്ദേഹം കഥയെഴുതുകയാണ്, എന്തിനാണ് ബുദ്ധിമുട്ടിക്കുന്നത്. സാംസ്കാരിക- സിനിമ നായകനായിട്ടേ എനിക്ക് അദ്ദേഹത്തെ പരിചയമുള്ളൂ. നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് മത്സരിക്കുകയാണെങ്കിൽ പിന്തുണയ്ക്കുന്നകാര്യം അപ്പോൾ ആലോചിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |