തിരൂർ: അമൃത് ഭാരത് പദ്ധതിയിലൂടെ റെയിൽവേ സ്റ്റേഷനുകളിൽ നടപ്പാക്കുന്ന നവീകരണം വീണ്ടും ഇഴയുന്നു. ഡിസംബർ 31നുള്ളിൽ പണിയെല്ലാം പൂർത്തിയാക്കുമെന്ന് ഒക്ടോബറിൽ പറഞ്ഞ റെയിൽവേയുടെ വാക്ക് വീണ്ടും തെറ്റി. 2023 ആഗസ്റ്റിലാണ് ജില്ലയിലെ സ്റ്റേഷനുകളിൽ പദ്ധതി വഴിയുള്ള നവീകരണം തുടങ്ങിയത്. ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. പക്ഷെ തിരൂരിൽ പണി നടക്കുന്നുണ്ടെങ്കിലും ഇടയ്ക്ക് നിൽക്കുന്നത് കാരണമാണ് പണി പൂർത്തിയാക്കാൻ കാലതാമസം വരുന്നത്. തിരൂരിനൊപ്പം കുറ്റിപ്പുറം,നിലമ്പൂർ, പരപ്പനങ്ങാടി എന്നിവിടങ്ങളിലെ റെയിൽവേ സ്റ്റേഷനുകളും അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരണം ഏറെക്കുറെ പൂർത്തിയായി വരുന്നുണ്ട്. കുറ്റിപ്പുറത്തും പരപ്പനങ്ങാടിയിലും ചെറിയ പണികളെ ബാക്കിയുള്ളു. അതേസമയം ജില്ലയിലെ പ്രധാന സ്റ്റേഷനായ തിരൂരിൽ ഇപ്പോഴും 75ശതമാനം പണി മാത്രമേ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടുള്ളു. റെയിൽവേ അധികൃതർ നേരത്തെ അറിയിച്ച പ്രകാരം കഴിഞ്ഞ നവംബർ 30 നു അങ്ങാടിപ്പുറം, കുറ്റിപ്പുറം എന്നിവിടങ്ങളിലെ പണികൾ പൂർത്തിയാക്കേണ്ടതായിരുന്നു. തിരൂരിൽ വലിയ തോതിൽ പ്രവൃത്തികൾ ഇനിയും ബാക്കിയാണ്. ഇവിടെ പുതിയ മേൽപ്പാലത്തിന്റെ പണിയും പ്ലാറ്റ്‌ഫോം ഉയർത്തുന്ന പണിയും പാർക്കിംഗ് ഗ്രൗണ്ട് നിർമ്മാണവുമാണ് ഏറെക്കുറെ പൂർത്തിയായിട്ടുള്ളത്. പുതിയ മേൽപ്പാലത്തിലേക്ക് മദ്ധ്യഭാഗത്തു നിന്നുള്ള ലിഫ്റ്റിന്റെ പണിയും കഴിഞ്ഞിട്ടുണ്ട്. തീർക്കേണ്ടവ ഒന്നാം പ്ലാറ്റ് ഫോമിൽ നിന്നും മൂന്നാം പ്ലാറ്റ്‌ഫോമിന്റെ പുറത്തുനിന്നുമുള്ള ലിഫ്റ്റുകളുടെ പണി ഇനിയും ബാക്കിയാണ്. പ്രധാന കവാടത്തിൽ നടത്തേണ്ട പണികളും നിലത്തു ടൈൽ വിരിക്കലും പെയിന്റിംഗും ഇതുവരെ പൂർത്തിയാക്കാനായിട്ടില്ല. പ്ലാറ്റ്‌ഫോം ഷെൽട്ടറുകളുടെ പണിയും കഴിഞ്ഞ ദിവസമാണ് മാത്രമാണ് തുടങ്ങിയത്. ദീർഘ കാലമായി സ്റ്റേഷനിൽ പണികൾ നടക്കുന്നതിനാൽ യാത്രക്കാർക്ക് ഏറെ പ്രയാസമുണ്ട്. എത്രയും പെട്ടന്ന് പണി പൂർത്തിയാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |