ശിവഗിരി: ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് കാലാനുസൃതമായ പരിഷ്‌കാരം ഉണ്ടാകണമെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. സവർണജനതയുടെ അധികാര കുത്തകയാകാതെ എല്ലാസമുദായങ്ങൾക്കും തുല്യ പ്രാധാന്യം നൽകി സംവരണം നടപ്പാക്കാൻ തിരുവതാംകൂർ ദേവസ്വംബോർഡ് തയ്യാറാകണം. ഇതിനായി സർക്കാർ സത്വരനിലപാട് കൈക്കൊള്ളണം.
ഗുരുധർമ്മ പ്രചാരണസഭയുടെ ആഭിമുഖ്യത്തിലും ശിവഗിരി മഠത്തിന്റെ നേതൃത്വത്തിലും ദേവസ്വം ബോർഡ് ആസ്ഥാനത്തേക്ക് നാളെ നടക്കുന്ന ആചാര പരിഷ്കരണ യാത്രയുമായി ബന്ധപ്പെട്ട് ശിവഗിരിയിൽ മാദ്ധ്യമസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സ്വാമി. കാമ്യമായ പരിഷ്‌കാരങ്ങളും പരിവർത്തനങ്ങളും ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് ഉണ്ടാവണം. ഇത് ജനഹൃദയങ്ങളിൽ എത്തിക്കാനും കഴിയണം.
ക്ഷേത്രങ്ങളിൽ മേൽവസ്ത്രം അഴിപ്പിക്കുന്ന അനാചാരം അവസാനിപ്പിക്കണം. മാറ്റങ്ങൾ ഒട്ടേറെ ക്ഷേത്രങ്ങളിൽ ദൃശ്യമായെങ്കിലും ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ ഇതുവരെ നടപ്പിലായിട്ടില്ല.
ഗുരുദേവ പാരമ്പര്യം പിന്തുടരുന്ന ചെറായി ക്ഷേത്രത്തിലും കോട്ടയം കുമാരമംഗലം ക്ഷേത്രത്തിലും കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്രത്തിലും ഷർട്ട് ധരിച്ചു കയറാനുള്ള തീരുമാനം നടപ്പാക്കി. സവർണ ജനവിഭാഗങ്ങളുടെ മേൽനോട്ടത്തിലുള്ള ചക്കുളത്തുകാവ് ക്ഷേത്രത്തിലും പരിഷ്കരണം വന്നിട്ടുണ്ട്.
ശ്രീനാരായണീയ ക്ഷേത്രങ്ങളിൽ ഈ പരിഷ്‌കാരം വ്യാപകമാക്കുന്നതിനുള്ള ശിവഗിരി മഠത്തിന്റെ തീരുമാനം വീണ്ടും അവരെ അറിയിച്ചിട്ടുണ്ട്.
ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലും പരിഷ്‌കാരം തീർച്ചയായും ഉണ്ടാകണം. ഗുരുവായൂർ അടക്കം ക്ഷേത്രങ്ങളിൽ ജാതിഭേദം കൂടാതെ ഹിന്ദുമത വിശ്വാസികൾക്ക് എല്ലാവിധ പൂജാദികളും നടത്തുന്നതിന് പ്രവേശനം നൽകണം. ശാന്തി നിയമനത്തിന് ജാതിവിവേചനം അവസാനിപ്പിക്കണം.
വ്യാസൻ, വസിഷ്ഠൻ, വാല്മീകി, ശങ്കരാചാര്യർ തുടങ്ങിയ ഗുരുക്കന്മാരെ പോലെ, അഥവാ അതിലും ഉപരിയായ തലത്തിൽ കൃതികൾ എഴുതിയിട്ടുണ്ട് ശ്രീനാരായണഗുരുദേവൻ. ഗുരുദേവ കൃതികൾ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ ഇന്നും അന്യമാണ്. 110 ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ദൈവദശകം പ്രാർത്ഥന ചില ക്ഷേത്രങ്ങളിൽ ചൊല്ലാൻ ഒരുങ്ങിയപ്പോൾ തടയപ്പെട്ടു. ഇത്തരത്തിലുള്ള വ്യവസ്ഥകൾക്ക് മാറ്റം ഉണ്ടാകണം. ഇതിന് അധികാരികളിൽ അവബോധം സൃഷ്ടിക്കാനാണ് ആചാരപരിഷ്കരണയാത്രാസത്സംഗം സംഘടിപ്പിക്കുന്നതെന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |