കൊല്ലം: കാൽനട യാത്രക്കാർക്ക് ഉൾപ്പടെ വെല്ലുവിളി സൃഷ്ടിച്ച് ചീറിപ്പാഞ്ഞ് സ്വകാര്യ ബസുകളുടെ മത്സരയോട്ടം. ഗതാഗത വകുപ്പ് നടപടി കടുപ്പിക്കുമ്പോഴും പുല്ലുവില കൽപ്പിച്ചാണ് ജില്ലയിൽ സ്വകാര്യ ബസുകളുടെ പാച്ചിൽ. ചക്കുവള്ളിയിലുണ്ടായ അപകടത്തിൽ ഒരു ഗർഭിണി ഉൾപ്പടെ നിരവധി സ്ത്രീകൾക്ക് പരിക്കേറ്റതാണ് ഒടുവിലത്തെ സംഭവം. അപകടത്തിനിടയാക്കിയ ബസുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തിരുന്നു. സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പടെ യാത്ര ചെയ്യുന്ന ബസുകളാണ് യാത്രക്കാരുടെ ജീവന് വില കൽപ്പിക്കാതെ സാഹസം കാണിക്കുന്നത്.
റോഡിലുള്ള മറ്റ് വാഹനങ്ങളെയും ഗൗനിക്കാറില്ല. സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ബസുമായി നടത്തുന്ന മത്സരങ്ങൾക്കും കുറവില്ല. അപകട സാദ്ധ്യത കൂടിയ മേഖലകളിൽ പോലും വേഗത കുറയ്ക്കില്ലെന്ന വാശിയിലാണ് സ്വകാര്യ ബസുകൾ. ദിനംപ്രതി ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്യുന്നത്.
സിറ്റിയിൽ സർവീസ് നടത്തുന്ന ബസുകളേക്കാൾ ദീർഘദൂര ബസുകളാണ് മത്സരയോട്ടത്തിൽ മുന്നിൽ. രാത്രി ഏഴ് കഴിഞ്ഞ് വരുന്ന ബസുകൾ മിന്നൽ വേഗതയിലാണ് പായുന്നത്. അപകടവളവുകളിൽ പോലും ഡ്രെെവർമാർ ശ്രദ്ധ പുലർത്താറില്ല. പലപ്പോഴും ബസ് ജീവനക്കാരും യാത്രക്കാരും തമ്മിൽ വാക്കുതർക്കവും പതിവാണ്.
സമയക്കണക്കിൽ ഡബിൾ ബെൽ
യാത്രക്കാർ കയറും മുമ്പേ ഡബിൾ ബെൽ
സമയം കഴിഞ്ഞെന്ന് പറഞ്ഞ് സ്റ്റോപ്പുകളിൽ നിറുത്തില്ല
നടുറോഡിൽ നിറുത്തി യാത്രക്കാരെ കയറ്റിറക്കൽ
ഇറങ്ങേണ്ട സ്റ്റോപ്പിൽ നിറുത്തില്ല
ഇരുചക്ര വാഹനങ്ങൾ മുന്നിൽപെട്ടാൽ കാതടപ്പിക്കുന്ന ഹോൺ
സീബ്രാ ലൈനിൽ കയറ്റി നിറുത്തൽ
കാൽനടക്കാർക്ക് റോഡ് മുറിച്ച് കടക്കാനാവുന്നില്ല
പിടിക്കപ്പെട്ടാൽ പെർമിറ്റും പോകും
മത്സര ഓട്ടം നിയന്ത്രിക്കാൻ കർശന പരിശോധന ആരംഭിച്ചു. പൊലീസിന്റെയും എം.വി.ഡിയുടെയും സംയുക്ത പരിശോധനയും നടക്കുന്നുണ്ട്. സ്വകാര്യ ബസുകൾ ആളുകളെ ഇടിച്ചുകൊന്നാൽ വാഹനത്തിന്റെ പെർമിറ്റ് സസ്‌പെൻഡ് ചെയ്യും. അശ്രദ്ധമായ ഡ്രൈവിംഗ് കൊണ്ടാണ് മരണം സംഭവിക്കുന്നതെങ്കിൽ ഡ്രൈവറുടെ ലൈസൻസും സസ്‌പെൻഡ് ചെയ്യും.
ജില്ലയിൽ ബ്ലാക്ക് സ്പോട്ടുകൾ
13 ഓളം
പരാതിപ്പെടാം
മോട്ടോർ വാഹനവകുപ്പ് കൺട്രോൾ റൂം- 9188961202
ജില്ലാ ആർ.ടി ഓഫീസർ-8547639002
മത്സരയോട്ടം കുറയ്ക്കാനും സുരക്ഷ ഉറപ്പാക്കാനും പരിശോധന നടത്തുന്നുണ്ട്. നിയമലംഘനം കണ്ടാൽ കർശന നടപടി.
മോട്ടോർ വാഹന വകുപ്പ് അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |