തിരുവനന്തപുരം: ഇന്റർനാഷണൽ സ്പേയ്സ് സ്റ്റേഷന്റെ ഭാരം 419 ടണ്ണാണ്. ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ നിർമ്മിക്കാൻ ഒരുങ്ങുന്ന ഇന്ത്യയ്ക്ക് ഏറ്റവും കരുത്തുറ്റ ലോഞ്ച് വെഹിക്കിളായ മാർക്ക് 3 (എൽവിഎം3) എന്ന റോക്കറ്റിൽ ഒരുതവണ ബഹിരാകാശത്തേക്ക് എത്തിക്കാനാകുന്ന ഭാരം നാല് ടണ്ണാണ്. അവിടെയാണ് സ്പേയ്സ് ഡോക്കിംഗിന്റെ പ്രസക്തി. ഇൗ സാങ്കേതിക വിദ്യയില്ലാതെ സ്പേയ്സ് സ്റ്റേഷനെ കുറിച്ച് ആലോചിക്കാനാകില്ല.
പലതവണ ബഹിരാകാശത്തേക്ക് സ്പേയ്സ് സ്റ്റേഷൻ ഭാഗങ്ങൾ എത്തിച്ച് ഡോക്ക് ചെയ്തുമാത്രമേ സ്റ്റേഷൻ നിർമ്മിക്കാനാകൂ. അതിനുള്ള ആദ്യ ചുവടുവയ്പ്പാണ് സ്പേയ്സ് ഡോക്കിംഗ് വിജയം.2035 ആകുമ്പോഴേക്കും രാജ്യാന്തര ബഹിരാകാശ നിലയത്തിനു സമാനമായി ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ നിർമ്മിക്കാനുള്ള ഒരുക്കത്തിലാണ് ഐ.എസ്.ആർ.ഒ. 2040 ആകുമ്പോഴേക്കും ചന്ദ്രനിലേക്ക് മനുഷ്യനെ ഇറക്കാനുള്ള ദൗത്യവും ഐ.എസ്.ആർ.ഒയുടെ മുന്നിലുണ്ട്. അതിനു മുന്നോടിയായി ചന്ദ്രനിൽനിന്ന് മണ്ണിന്റെയും പാറയുടെയുമെല്ലാം സാമ്പിൾ ശേഖരിച്ച് ഭൂമിയിലേക്ക് കൊണ്ടുവരുന്നതിനുള്ള ചന്ദ്രയാൻ 4 ദൗത്യവും നടപ്പാക്കാനിരിക്കുകയാണ്. അതിനും ഡോക്കിംഗ് സൗങ്കേതിക വിദ്യ അത്യാവശ്യമാണ്. അഞ്ച് മൊഡ്യൂളുകളായിട്ടാണ് ചന്ദ്രയാൻ 4 ദൗത്യം. അതിൽ നാല് മൊഡ്യൂളുകൾ ആദ്യം അയയ്ക്കും. ഇതിൽ ലാൻഡർ, അസൻഡർ മൊഡ്യൂളുകളാണ് ചന്ദ്രനിലേക്കു പോവുക.
ലാൻഡർ ചന്ദ്രനിലിറങ്ങി സാമ്പിൾ ശേഖരിക്കും. ഇത് അസൻഡർ മൊഡ്യൂളിലേക്കു മാറ്റും. അസൻഡർ ഈ സാമ്പിളുമായി പറന്നു ചെന്ന് ചന്ദ്രന്റെ ഭ്രമണപഥത്തിലുള്ള ട്രാൻസ്ഫർ മൊഡ്യൂളുമായി ഡോക്കിംഗ് നടത്തും. പിന്നീട് ഈ ട്രാൻസ്ഫർ മൊഡ്യൂൾ തിരികെ ഭൂമിയുടെ ഭ്രമണപഥത്തിലേക്കു വരും. ഐ.എസ്.ആർ.ഒ വികസിപ്പിച്ച റീയൂസബിൾ ലോഞ്ച് വെഹിക്കിളും ഇതിന് അനിവാര്യമാണ്. അതിന്റെ പരീക്ഷണവും വിജയകരമായി പൂർത്തിയാക്കി കഴിഞ്ഞു. ഡോക്കിംഗ് ദൗത്യവും വിജയിച്ചതോടെ ചന്ദ്രയാൻ 4 ദൗത്യത്തിലേക്കുള്ള നിർണായകഘട്ടമാണ് ഇന്ത്യ പിന്നിട്ടിരിക്കുന്നത്. അടുത്ത വർഷം ഗഗൻയാൻ പരീക്ഷണവും വിജയിച്ചാൽ ഇന്ത്യ ബഹിരാകാശ മേഖലയിൽ വൻ ശക്തിയായി മാറും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |