കുന്നത്തൂർ: നിരവധി അബ്കാരി കേസുകളിലെ പ്രതിയായ യുവാവിനെ എക്സൈസ് പിടികൂടി. പോരുവഴി അമ്പലത്തുംഭാഗം ശാസ്താംനട കൃഷ്ണ തീർത്ഥത്തിൽ കൃഷ്ണകുമാർ (37) ആണ് പിടിയിലായത്. ബിവറേജസ് ഔട്ട്ലറ്റുകളിൽ നിന്ന് വൻതോതിൽ മദ്യം വാങ്ങി വീട്ടിലും പരിസര പ്രദേശങ്ങളിലും സൂക്ഷിച്ച് സ്കൂട്ടറിൽ കറങ്ങി നടന്നു വില്പന നടത്തി വരികയായിരുന്നു. ഈ മാസം 1ന് രാത്രിയിൽ ഇടിഞ്ഞകുഴിയിലെ പെട്രോൾ പമ്പിന് സമീപം ചാക്കുകളിൽ മദ്യം അടുക്കവേ എക്സൈസിനെ കണ്ട് സാഹസികമായി രക്ഷപ്പെട്ടിരുന്നു. കേസ് രജിസ്റ്റർ ചെയ്തതോടെ മുൻകൂർ ജാമ്യത്തിന് പ്രതി ശ്രമിച്ചെങ്കിലും കിട്ടിയില്ല. ഇന്നലെ പകൽ പ്രതിയെ പിടികൂടാൻ എക്സൈസ് വീട്ടിലെത്തുമ്പോൾ ഒരു ലിറ്റർ മദ്യവുമായി സ്കൂട്ടറിൽ പോകാനൊരുങ്ങുകയായിരുന്നു. എക്സൈസിനെ കണ്ട് വീടിനുള്ളിൽ കയറി വാതിൽ അടച്ച ശേഷം മുകൾനിലയിൽ ഒളിച്ചു. ഈ സമയം മുറ്റത്തുണ്ടായിരുന്ന സ്കൂട്ടറിൽ നിന്ന് ഒരു ലിറ്റർ വിദേശമദ്യം കണ്ടെടുത്തു. കതക് തുറന്ന് ഇറങ്ങി വരാൻ നിരവധി തവണ ആവശ്യപ്പെട്ടിട്ടും കൃഷ്ണകുമാർ വഴങ്ങിയില്ല.ഒടുവിൽ പഞ്ചായത്ത് അംഗങ്ങളായ രാജേഷ്,നിഖിൽ മനോഹർ എന്നിവരെത്തി അനുനയത്തിന് ശ്രമിച്ചെങ്കിലും പ്രതി വഴങ്ങിയില്ല.പിന്നീട് ഇവരുടെ സാന്നിദ്ധ്യത്തിൽ എക്സൈസ് കതക് ചവിട്ടിപ്പൊളിച്ച് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വീട്ടിൽ നിന്നും 19.625 ലിറ്റർ വിദേശ മദ്യവും 22000 രൂപയും പാൻമസാലയും സ്കൂട്ടറും കസ്റ്റഡിയിൽ എടുത്തു.ഇയ്യാളുടെ കൂട്ടാളികളും ഉടൻ പിടിയിലാകുമെന്നും അവരെ നിരീക്ഷിച്ചു വരുന്നതായും എക്സൈസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |