
കോലഞ്ചേരി: മണ്ണൂർ നെല്ലാട് റോഡിൽ തൃക്കളത്തൂർ കുന്നത്തോളി കവലയിൽ അപകടങ്ങൾ വർദ്ധിക്കുന്നു. ഐരാപുരം കുന്നക്കുരുടി തൃക്കളത്തൂർ കാവുംപടി റോഡ് ഈ പ്രധാന റോഡ് മുറിഞ്ഞാണ് കടന്നു പോകുന്നത്. എം.സി റോഡിലെ തൃക്കളത്തൂർ കാവുംപടിയിലെത്താനുള്ള എളുപ്പവഴിയാണിത്. അതിനാൽ വാഹന സഞ്ചാരവും കൂടുതലാണ്. മെയിൻ റോഡ് മുന്നിലുണ്ടെന്നറിയാതെ അമിത വേഗതയിലെത്തുന്ന വാഹനങ്ങളാണ് അപകടത്തിൽ പെടുന്നത്. മണ്ണൂർ റോഡ് ആധുനിക നിലവാരത്തിൽ ടാറിംഗ് പൂർത്തിയാക്കിയതോടെ അപകട നിരക്ക് ഉയർന്നു. റോഡിൽ സ്റ്റഡ് സിഗ്നൽ സംവിധാനം വയ്ക്കുകയോ വേഗത നിയന്ത്രണ ബോർഡുകൾ സ്ഥാപിക്കുകയും ചെയ്താൽ മാത്രമാണ് ഒരു പരിധി വരെ അപകടങ്ങൾ കുറയ്ക്കാൻ സാധിക്കൂ. അപകടങ്ങൾ കൂടിയതോടെ ജില്ലാ, പഞ്ചായത്ത്, പൊതുമരാമത്ത് വകുപ്പ് അധികൃതർക്ക് തൃക്കളത്തൂർ ഒരുമ റെസിഡന്റ്‌സ് അസോസിയേഷൻ രേഖാമൂലം പരാതി നൽകിയെങ്കിലും ശാശ്വത പരിഹാരം ഉണ്ടായിട്ടില്ല. റോഡിൽ ദിശാ ബോർഡും അപകട മുന്നറിയിപ്പ് ബോർഡും സ്ഥാപിച്ചിട്ടുണ്ടെങ്കിലും നിരന്തരമായി ഇവിടെ അപകടങ്ങൾ പെരുകുകയാണ്. ശാശ്വത പരിഹാരത്തിന് വേണ്ടി അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ഒരുമ റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് എ.വി. ജോയി, സെക്രട്ടറി പി.വി. ബേബി എന്നിവർ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |