ഒരു കോടി ഇന്ത്യക്കാരെ പരിശീലിപ്പിക്കും
തിരുവനന്തപുരം: രണ്ടുവർഷത്തിനുള്ളിൽ ഇന്ത്യയിൽ 300 കോടി ഡോളർ നിക്ഷേപിക്കാനൊരുങ്ങി ആഗോള ടെക്ക് ഭീമൻ മൈക്രോസോഫ്റ്റ്. രാജ്യത്തെ സാങ്കേതികരംഗത്ത് തൊഴിലുകൾ വർദ്ധിപ്പിക്കുന്നതിനൊപ്പം മൈക്രോസോഫ്റ്റിൽ നൈപുണ്യ വൈദഗ്ദ്ധ്യമുള്ള യുവജനങ്ങൾക്ക് അവസരം നൽകാനും ഇതിലൂടെ ലക്ഷ്യമിടുന്നു. 2030ഓടെ ഒരുകോടി ഇന്ത്യയ്‌ക്കാർക്ക് നിർമ്മിതബുദ്ധിയിലും ക്ലൗഡ് കംപ്യൂട്ടിംഗിലും പരിശീലനം നൽകും. മൈക്രോസോഫ്റ്റ് ലോകമൊട്ടാകെ ജീവനക്കാരെ പിരിച്ചുവിടുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് ഇന്ത്യയിൽ ഇത്രയും വലിയ നിക്ഷേപം നടത്തുന്നത്. ആഗോളതലത്തിൽ മൈക്രോസോഫ്റ്റിൽ രണ്ടുലക്ഷത്തിലേറെ ജീവനക്കാരുള്ളതിൽ ഏകദേശം 20,000 പേർ ഇന്ത്യക്കാരാണ്. നിലവിൽ യു.എസ് കഴിഞ്ഞാൽ ഏറ്റവുമധികം എ.ഐ ഡെവലപ്പർമാരുള്ളതും ഇന്ത്യയിലാണ്(1.7 കോടി).
തൊഴിലിന്റെ ഗുണമേന്മ വർദ്ധിപ്പിക്കുന്നതിന് ലോകത്താകെ ജീവനക്കാരെ കുറയ്ക്കുകയാണെങ്കിലും ഇന്ത്യയെ ബാധിക്കില്ലെന്ന് മൈക്രോസോഫ്റ്റ് പ്രതിനിധികൾ അറിയിച്ചു. നിർമ്മിതബുദ്ധിയിൽ അധിഷ്ഠിതമായി 30,594 പ്രോജക്ടുകൾ കേരളത്തിലുൾപ്പെടെ ആരംഭിക്കാനും മൈക്രോസോഫ്റ്റ് തീരുമാനിച്ചു. ഇതിനായി പ്രത്യേകം റിസർച്ച് ലാബുകൾ തുടങ്ങും. മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യാ നാദല്ലയുടെ പ്രഖ്യാപനങ്ങളെ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാഗതം ചെയ്തു. 2047ൽ വികസിത് ഭാരത് എന്ന ലക്ഷ്യം കൈവരിക്കാൻ സഹായിക്കാനായി 5000ലേറെ സംരംഭങ്ങൾക്ക് മെന്റർഷിപ്പും നൽകും.
പുതിയ ഡേറ്റ സെന്റർ അടുത്ത വർഷം
2026ൽ മൈക്രോസോഫ്റ്റിന്റെ നാലാമത്തെ ഡേറ്റാ സെന്റർ ഇന്ത്യയിൽ ആരംഭിക്കും. നിലവിൽ പൂനെ, മുംബയ്, ചെന്നൈ എന്നിവിടങ്ങളിലാണ് മൈക്രോസോഫ്റ്റിന്റെ ഡേറ്റാ സെന്ററുകളുള്ളത്. ഹൈദരബാദിൽ പുതിയ സെന്റർ തുടങ്ങിയേക്കും. ആരോഗ്യം, വിദ്യാഭ്യാസം, റെയിൽവേ ഉൾപ്പെടെയുള്ള മേഖലകളുടെ വിവരങ്ങൾ സൂക്ഷിക്കാൻ ഇത് നിർണായകമാകും. പ്രാദേശികതലത്തിൽ നിന്ന് സാങ്കേതികപരമായ ആശയങ്ങൾ വികസിപ്പിക്കുന്നതിനായി എ.ഐ ഇന്നൊവേഷൻ നെറ്റ്‌വർക്കും മൈക്രോസോഫ്റ്റ് ആരംഭിക്കും.
ലക്ഷ്യം നിസാരമല്ല
2026ഓടെ ഇന്ത്യയിൽ നാലാമത്തെ ഡേറ്റാ സെന്റർ
രാജ്യത്താകെ 30,594 എ.ഐ പ്രോജക്ടുകൾ
രണ്ടുവർഷത്തിൽ 300 കോടി ഡോളർ നിക്ഷേപം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |