
തൃശൂർ: നഗരത്തിലെ പ്രധാന റോഡുകളെല്ലാം പൊട്ടിപ്പൊളിഞ്ഞ നിലയിൽ. കാനകൾക്ക് മീതെ സ്ലാബുകളില്ലാതെ കാൽനടയാത്രക്കാർ കാലിടറി വീഴുന്ന സ്ഥിതി. ഒട്ടും സുരക്ഷിതമല്ല, നഗരപാതകളിലൂടെയുള്ള സഞ്ചാരം. ഏറെ മോശമായിരുന്ന പൂത്തോൾ - പടിഞ്ഞാറെക്കോട്ട റോഡ് ഇപ്പോൾ മെച്ചമായെങ്കിലും മറ്റ് റോഡുകളുടെ സ്ഥിതി അതിദയനീയം.
കുറുപ്പം - കൊക്കാലെ റോഡ്
ഒക്ടോബർ 20ന് നിർമ്മാണത്തിനായി പൊളിച്ചതാണ്. മൂന്നു മാസമായിട്ടും റോഡ് പണി എങ്ങുമെത്തിയിട്ടില്ല. കൊക്കാലെയിൽ റോഡിന് മദ്ധ്യേ റീത്ത് വച്ച് വ്യാപാരികൾ കഴിഞ്ഞദിവസം പ്രതിഷേധിച്ചിരുന്നു. രണ്ടുകോടിയിലേറെ ചെലവുള്ള പ്രവൃത്തികൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ അനുമതി വേണമെന്ന് പറഞ്ഞായിരുന്നു വൈകിയത്. കല്ലും മണ്ണും പാറപ്പൊടിയുമിട്ട് റോഡ് ഉയർത്തുന്ന പ്രവൃത്തി മാത്രമാണ് നടന്നത്. കല്ലുകൾ ഇളകി കാറ്റിൽ മണ്ണും പാറപ്പൊടിയും കടകളിലേക്ക് അടിച്ചുകയറുന്നതു മൂലം കച്ചവടമൊന്നും നടക്കുന്നില്ലെന്നും വ്യാപാരികൾ പറയുന്നു. തിങ്കളാഴ്ച മുതൽ കോൺക്രീറ്റിംഗ് ആരംഭിക്കുമെന്നാണ് വ്യാപാരികൾക്ക് നഗരസഭാ എൻജിനീയർ നൽകിയ ഉറപ്പ്.
മെട്രോ, കൂർക്കഞ്ചേരി ജംഗ്ഷൻ
മെട്രോ ആശുപത്രി ജംഗ്ഷൻ മുതൽ കൂർക്കഞ്ചേരി കവല വരെയുള്ള റോഡ് കോൺക്രീറ്റ് ചെയ്‌തെങ്കിലും ഇരുകവലകളിലും കാന നിർമ്മാണം പൂർത്തിയാകാത്തതിനാൽ യാത്ര ദുഷ്‌ക്കരം. ഉയർത്തി നിർമ്മിച്ച പ്രധാന കോൺക്രീറ്റ് റോഡിൽ നിന്നും താഴ്ന്നാണ് മറ്റ് റോഡുകളുള്ളത്. ബസ്, ലോറി പോലുള്ള വലിയ വാഹനങ്ങൾ വരുമ്പോൾ ചെറുവാഹനങ്ങൾക്കും ഇരുചക്ര വാഹനങ്ങൾക്കും സഞ്ചരിക്കാൻ ബുദ്ധിമുട്ടാകുന്നുണ്ട്. കൂർക്കഞ്ചേരി തൈപ്പൂയത്തിന് മുമ്പായി ഇരു ജംഗ്ഷനുകളും കട്ടവിരിച്ച് മെക്കാഡം ടാറിംഗ് നടത്തി ഗതാഗതയോഗ്യമാക്കുമെന്നാണ് അധികൃതരുടെ ഉറപ്പ്.
പൊട്ടിപ്പൊളിഞ്ഞ് കുറുപ്പം റോഡും
നഗരത്തിൽ മണികണ്ഠനാലിന് സമീപം നിന്നും കെ.എസ്.ആർ.ടി.സി, വെളിയന്നൂർ റോഡ്, ശക്തൻ സ്റ്റാൻഡ് എന്നിവിടങ്ങളിലേക്ക് പോകാനുള്ള എളുപ്പമാർഗമായ കുറുപ്പം റോഡും പൊട്ടിപ്പൊളിഞ്ഞ നിലയിൽ. കുറുപ്പം റോഡിൽ കേരളബാങ്കിനും പഞ്ചാബ് നാഷണൽ ബാങ്ക് എ.ടി.എമ്മിനും മുമ്പിലാണ് തകർന്നിരിക്കുന്നത്. ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്കാണ് ഏറെ ദുരിതം. തിങ്കളാഴ്ച വെളിയന്നൂർ റോഡിനൊപ്പം കുറുപ്പം റോഡിന്റെയും നിർമ്മാണം ആരംഭിക്കാനാണ് അധികൃതരുടെ നീക്കം. തൃശൂർ പൂരത്തിന് മുൻപ് കുറുപ്പം റോഡിന്റെ നിർമ്മാണം പൂർത്തിയാക്കാനാണ് ഉദ്ദേശ്യം.
കാൽനട ഇരുചക്ര വാഹനയാത്രക്കാർക്ക് ദുരിതം
എം.ജി റോഡിലെ ഗതാഗതക്കുരുക്ക് നിത്യസംഭവമാണെങ്കിലും ഇതിനിടയിലൂടെയുള്ള കാൽനടയാത്രികരുടെ യാത്രയാണ് കഠിനം. കാനകൾക്ക് മീതെയുള്ള നടവഴികൾ പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. നടവഴികളിൽ അനധികൃത പാർക്കിംഗ് കൂടിയാകുമ്പോൾ കാൽനടയായി സഞ്ചരിക്കുക എളുപ്പമല്ല. നഗരവഴികളിലൂടെയുള്ള ഇരുചക്രവാഹനങ്ങളിലുള്ള യാത്രയും ദുഷ്‌ക്കരം. സ്വരാജ് റൗണ്ട് ഉൾപ്പെടെയുള്ള റോഡുകൾ വിവിധ തട്ടുകളായി കിടക്കുന്നതിനാൽ എഡ്ജുകളിൽ തട്ടി വാഹനങ്ങൾ തെന്നിമാറുന്നത് പതിവാണ്. ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നതിനും ഇത് വഴിവയ്ക്കുന്നു.
വ്യാപാരം ഒട്ടുമില്ല. 2000 രൂപ ചെലവഴിച്ചാണ് പൊടി തടയാൻ പ്ലാസ്റ്റിക് ഷീറ്റിട്ടത്. എന്നിട്ടും പൊടി കയറുന്നുണ്ട്.
-ശ്രീജിത്ത്, വെളിയന്നൂർ റോഡിലെ മെഡിക്കൽ ഷോപ്പുടമ
ഒരു ഓട്ടം പോകാൻ പോലും പറ്റുന്നില്ല. എല്ലാ വഴികളും തകർന്നിരിക്കുകയാണ്, പിന്നെ റോഡിലെ കുരുക്കും.
-ദേവൻ, ഓട്ടോ ഡ്രൈവർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |