തൃശൂർ: അതിർത്തി കടന്നെത്തുന്ന അറവുമാടുകളുടെ എണ്ണം കൂടിയതോടെ അംഗീകൃത സർട്ടിഫിക്കറ്റ് ഇല്ലാതെ കശാപ്പ് ചെയ്ത് ഇറച്ചി വിൽക്കുന്നത് വ്യാപകം. കഴിഞ്ഞദിവസം പുലർച്ചെ തൃശൂർ കോർപറേഷൻ ആരോഗ്യവിഭാഗം നടത്തിയ റെയ്ഡിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 4,120 കിലോഗ്രാം പോത്തിറച്ചിയാണ് പിടിച്ചത്.
അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിച്ച കാളയെ കൊന്ന് വൃത്തിഹീനമായ സാഹചര്യത്തിൽ വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിടികൂടിയത്. സംസ്ഥാനത്തെ ചെക്ക് പോസ്റ്റുകൾ കടന്നെത്തുന്ന അറവുമാടുകൾ പലയിടങ്ങളിലും അനധികൃത കശാപ്പുശാലകളിലെത്തുന്നുണ്ടെന്നാണ് വിവരം. കൊണ്ടുവരുന്നതിനിടയിൽ ചാകുന്ന കാലികളുടെ ഇറച്ചിയും വിൽക്കുന്നുണ്ട്.
രോഗമുള്ള കാലികളെയും ഇറച്ചിയാക്കും.
പുലർച്ചെ റെയ്ഡ് നടത്തിയാലേ അനധികൃത കശാപ്പ് പിടികൂടാനാകൂ. തദ്ദേശസ്ഥാപനങ്ങളിലെ ആരോഗ്യവിഭാഗവും വെറ്ററിനറി ഡോക്ടർമാരും അടങ്ങുന്ന സംഘം വേണം പരിശോധിക്കാൻ. എന്നാൽ, പലയിടങ്ങളിലും റെയ്ഡ് നടക്കാത്തതിനാൽ കശാപ്പും വിൽപ്പനയും തടയുന്നുമില്ല. ഹോട്ടലുകാർക്കും കാറ്ററിംഗുകാർക്കുമായും വിലക്കുറവിൽ ഇത്തരത്തിൽ ഇറച്ചി നൽകുന്നുണ്ടെന്ന് പറയുന്നു. തൃശൂർ കോർപ്പറേഷനിലെ വെറ്ററിനറി ഡോക്ടർ വീണ കെ.അനിരുദ്ധൻ, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ പി.കെ.ജിബിൻ, സ്മിത പരമേശ്വരൻ, കെ.ജി.അനുരാഗ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പുലർച്ചെ റെയ്ഡ് നടത്തിയത്.
അത്യാധുനിക അറവുശാലകളില്ല
കിഫ്ബിയുടെ സഹായത്തോടെ ആധുനിക അറവുശാലകൾ പതിനൊന്ന് തദ്ദേശസ്ഥാപനങ്ങളിൽ സ്ഥാപിക്കാൻ അഞ്ച് വർഷങ്ങൾക്ക് മുമ്പ് തീരുമാനമായെങ്കിലും ഒന്നും തുറന്നിട്ടില്ല. മൊത്തം നൂറ് കോടിയിലേറെ നിർമ്മാണച്ചെലവുണ്ട്. തൃശൂരിലും എറണാകുളത്തും ടെൻഡർ നടപടിയായി. തൃശൂർ കുരിയച്ചിറയിലെ കേന്ദ്രം 17 കോടി ചെലവിലാണ് നിർമ്മിക്കുന്നത്. അതിർത്തി കടന്ന് പ്രതിവർഷം കേരളത്തിലെത്തുന്ന അറവുമാടുകൾ ഒരു കോടിയെങ്കിലുമുണ്ടാകുമെന്നാണ് അനൗദ്യോഗിക കണക്ക്.
ഏറെയും കാളയിറച്ചി
അന്യസംസ്ഥാനങ്ങളിൽ നിന്ന് പോത്തിറച്ചി വിദേശത്തേയ്ക്ക് കയറ്റുമതി ചെയ്യുന്നതിനാൽ കാളയിറച്ചിയാണ് പോത്തിറച്ചിയെന്ന പേരിൽ വിൽക്കുന്നത്. പോത്തിറച്ചിക്കും ഡിമാൻഡേറി. കുറഞ്ഞ വിലയ്ക്ക് കാളയെ കിട്ടാനുമുണ്ട്.
ആധുനികമായാൽ:
പൂർണ്ണമായും യന്ത്രവത്കരണം, എ.സി...
ശാസ്ത്രീയമായി കശാപ്പ് ചെയ്ത മാംസം ലഭ്യമാകും
അറവുമാലിന്യങ്ങൾ മറ്റ് ആവശ്യങ്ങൾക്ക് വിനിയോഗിക്കാം
ഇറച്ചി ശാസ്ത്രീയമായി സംഭരിച്ചുവയ്ക്കാം
മലിനജലം സംസ്‌കരിച്ച് ജലസേചനത്തിന് ഉപയോഗിക്കാം
ജൈവഅവശിഷ്ടങ്ങൾ ബയോഗ്യാസാക്കാം
കിഫ്ബിയുടെ ആധുനിക അറവുശാലകൾ
കോർപറേഷനുകൾ: കോഴിക്കോട്, തൃശൂർ, കൊച്ചി
നഗരസഭകൾ: തിരുവല്ല, പുനലൂർ, പാലക്കാട്, പെരിന്തൽമണ്ണ, ആറ്റിങ്ങൽ, കായംകുളം
ജില്ലാ പഞ്ചായത്ത്: കണ്ണൂർ
പഞ്ചായത്ത്: കടയ്ക്കൽ
ഉത്പാദനത്തിൽ എട്ടാമത്
കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ കണക്ക് പ്രകാരം ഇറച്ചി ഉത്പാദനത്തിൽ കേരളം കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 5.05 ശതമാനവുമായി എട്ടാമതാണ്.
ബംഗാൾ 2.62 %
യു.പി 12.29
മഹാരാഷ്ട്ര 11.28
തെലങ്കാന 10.85
ആന്ധ്രപ്രദേശ് 10.42
തമിഴ്‌നാട് 7.49
ഹരിയാന 6.74
കേരളം 5.05
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |