പത്തനംതിട്ട : പണമുള്ളവർ നിക്ഷേപം നടത്തി വഞ്ചിതരാകുമ്പോൾ പാവപ്പെട്ടവരെ കുടുക്കുന്നത് ഓൺലൈൻ ലോണുകളാണ്. സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയാണ് തട്ടിപ്പുകാർ ഇരകളെ കണ്ടെത്തുന്നത്. പണത്തിന് ആവശ്യമുള്ളവർ ഇതിൽ വീഴും. ലോണിനായി പാൻ കാർഡും അക്കൗണ്ട് നമ്പറും ആധാർ കാർഡുമാണ് ചോദിക്കുക. ശേഷം ഫോണിൽ അയച്ച് തരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യണം. എല്ലാ ആപ്ലിക്കേഷനും പോലെ തന്നെ ഫോണിലെ മുഴുവൻ വിവരങ്ങളും ആ ലിങ്കിൽ കൂടി തട്ടിപ്പ് സംഘങ്ങൾക്ക് ലഭിക്കും. ലോൺ എടുത്ത തുക മുഴുവൻ അടച്ചാലും അവർ വീണ്ടും പണം അടയ്ക്കാൻ ആവശ്യപ്പെടും. നൽകിയില്ലെങ്കിൽ ഭീഷണിയാകും. ഫോണിലെ ചിത്രങ്ങൾ അശ്ളീല ചിത്രങ്ങളായി മോർഫ് ചെയ്യും. ഇത് ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ അയച്ച് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടും. നിവൃത്തിയില്ലാതെ അഭിമാനം ഭയന്ന് പലരും കടം വാങ്ങിയും വസ്തു വിറ്റും ലക്ഷങ്ങൾ നൽകും.
അഴിക്കും തോറും മുറുകുന്ന കുരുക്ക്
സൈബർ കേസുകൾ പൊലീസിന് അഴിയാക്കുരുക്കാണ്. പ്രതികളെ കണ്ടെത്താൻ കഴിയില്ലെന്നതാണ് പ്രധാന പ്രശ്നം. തട്ടിപ്പ് സംഘങ്ങളെല്ലാം ഉത്തരേന്ത്യൻ സംസ്ഥാനത്തുള്ളവരാകും. വിളിക്കുന്ന നമ്പരും അഡ്രസുമടക്കം എല്ലാംവ്യാജം. കൂടുതൽ കേസുകളും യു.പി , ബീഹാർ, ബംഗാൾ, മഹാരാഷ്ട്ര കേന്ദ്രീകരിച്ചുള്ളതാണ്. അവിടെ പോയി അന്വേഷിച്ചാൽ ഒരു തുമ്പും ലഭിക്കില്ല. ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകളിൽ ചെന്നാൽ ഉത്തരേന്ത്യൻ പൊലീസ് സഹകരിക്കുന്നതും കുറവാണ്. സൈബർ കേസുകളിൽ നഷ്ടമാകുന്ന പണമെല്ലാം വിവിധ അക്കൗണ്ടുകളിലേക്കാണ് പോകുക. അക്കൗണ്ട് ഉടമയെ തപ്പി ചെന്നാൽ ഇങ്ങനെ ഒരു അക്കൗണ്ട് ഉള്ള കാര്യംപോലും അറിയാത്തവരെയാകും കണ്ടുമുട്ടുക. അങ്ങനെ കേസിൽ ഒരു പുരോഗതിയും കണ്ടെത്താൻ കഴിയാതെ മടങ്ങേണ്ടി വന്ന നിരവധി സംഭവങ്ങളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |