മുതലമട: കേരളത്തിന്റെ പൈതൃക റെയിൽവേ സ്റ്റേഷൻ ആയ മുതലമടയുടെ പ്രധാന റെയിൽ റോഡ് തകർന്നിട്ട് വർഷങ്ങൾ പിന്നിടുമ്പോഴും നാളിതുവരെയായി യാതൊരു നടപടിയും സ്വീകരിക്കാതെ അധികൃതർ. ചിറ്റൂർ താലൂക്ക് ആശുപത്രി, കരുണാ മെഡിക്കൽ കോളേജ് തുടങ്ങിയിടങ്ങളിലേക്ക് മുതലമടക്കാർക്ക് എത്തിപ്പെടാനുള്ള ഏകമാർഗമാണ് മുതലമട റെയിൽവേ സ്റ്റേഷൻ റോഡ്. ആറ് സ്‌കൂൾ ബസുകളും ഇതുവഴി പോകുന്നുണ്ട്. റെയിൽവേ തുരങ്കം നിർമിക്കുന്ന കാലയളവിൽ റെയിൽ ട്രാക്കിന് സമാന്തരമായി പണിതതാണീ റോഡ്. നിർമ്മാണത്തിന് ശേഷം യാതൊരുവിധ അറ്റപ്പണികൾ നടത്താത്തതും അശാസ്ത്രീയമായ നിർമ്മാണവുമാണ് റോഡിന്റെ തകർച്ചയ്ക്ക് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. വർഷങ്ങളായിട്ടും റെയിൽവേ തുരങ്ക പാത അറ്റകുറ്റപണി നടത്താതത് അധികൃതരുടെ അനാസ്ഥയാണെന്നും മഴക്കാലമായാൽ അപകടങ്ങൾ നിത്യസംഭവമാണെന്നും യുവജനതാദൾ എസ് ജില്ലാ കമ്മിറ്റി അംഗം എസ്.നിധിൻഘോഷ് പറഞ്ഞു.
തുരങ്കപാതയ്ക്ക് 15.6 ലക്ഷം വകയിരുത്തി
പെരുമാട്ടി, പട്ടഞ്ചേരി, മുതലമട പഞ്ചായത്തുകളെ സമാന്തര രീതിയിൽ ബന്ധിപ്പിക്കുന്നതിനായി നന്ദിയോട് മുതൽ കാമ്പ്രത്ത്ച്ചള്ള വരെയുള്ള റോഡ് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ചിട്ടുണ്ടെങ്കിലും, റെയിൽവേ റോഡിന്റെ നിർമ്മാണം നടത്തിയിട്ടില്ല. സാങ്കേതിക പ്രശ്നങ്ങളാണ് റെയിൽവേ സമാന്തര തുരങ്ക പാത നിർമ്മിക്കാതിരിക്കാൻ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. റെയിൽവേ തുരങ്ക പാതയുടെ അറ്റകുറ്റപ്പണികൾക്കായി മുതലമട പഞ്ചായത്ത് 15.61 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെങ്കിലും റെയിൽവേയുടെയും തദേശസ്വയംഭരണ വകുപ്പിന്റെയും സങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ചാൽ മാത്രമെ നിർമ്മാണം തുടങ്ങാനാവു. റെയിൽവേ തുരങ്ക പാതയുടെ നിർമ്മാണം ഉടൻ നടത്തണമെന്ന് ആവശ്യപ്പെട്ട് കക്ഷിരാഷ്ട്രീയ ഭേദമന്യേ സമരത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ.
റെയിൽവേ തുരങ്ക സമാന്തര പാതയുടെ നിർമ്മാണത്തിനായി പഞ്ചായത്ത് 15.6 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. സംരക്ഷണ ഭിത്തികൾ, ഡ്രെയ്നേജുകൾ ഉൾപ്പെടെയുള്ള നിർമ്മാണത്തിന് എം.എൽ.എ, എം.പി തുടങ്ങിയവരുടെ സാഹായം ആവശ്യമാണ്.
എം.താജുദ്ദീൻ, വൈസ് പ്രസിഡന്റ്, മുതലമട പഞ്ചായത്ത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |