വാഷിംഗ്ടൺ: കഴിഞ്ഞ ദിവസമാണ് അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് സ്ഥാനമേറ്റത്. ലോകം ഉറ്റുനോക്കിയിരുന്ന സ്ഥാനാരോഹണമായിരുന്നു ഇന്നലേത്തത്. ഇതിനിടയിൽ വിവാദത്തിൽ അകപ്പെട്ടിരിക്കുകയാണ് ട്രംപിന്റെ അടുത്ത അനുയായിയും ടെസ്‌ലയുടെ സ്ഥാപകനുമായ ഇലോൺ മസ്ക്. വൈറ്റ് ഹൗസിൽ നടന്ന റാലിയിൽ ഇലോൺ മസ്ക് ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടെ നടത്തിയ ആംഗ്യങ്ങളാണ് വിവാദത്തിലായിരിക്കുന്നത്.
നാസി സല്യൂട്ടിന് (ഒരു കൈനീട്ടി തുറന്ന കൈപ്പത്തി കാണിക്കുന്നത്) സമാനമായ ആംഗ്യങ്ങളാണ് ഇലോൺ മസ്ക് വേദിയിൽ കാണിച്ചതെന്നാണ് ഉയരുന്ന വാദം. ഇതോടെ ചിലർ ഇലോൺ മസ്‌കിനെ, നാസിയെന്നും ഫാസിസ്റ്റ് പ്രസ്ഥാനം എന്നെല്ലാം വിമർശിച്ചിരിക്കുകയാണ്. ഇതിനിടയിൽ ഇലോൺ മസ്ക് നടത്തിയ പ്രസംഗവും ശ്രദ്ധേയമായി. "ഇതൊരു സാധാരണ വിജയമായിരുന്നില്ല. മനുഷ്യ നാഗരികതയുടെ പാതയിൽ ഇത് ശരിക്കും പ്രാധാന്യമർഹിക്കുന്നതാണ്. നന്ദി," എന്നായിരുന്നു ഇലോൺ മസ്ക് പറഞ്ഞത്.
അതിനുശേഷമാണ് അദ്ദേഹം വലത് കൈ നെഞ്ചിൽ അടിച്ച് വിരലുകൾ വിടർത്തി തന്റെ കൈ മുകളിലേക്ക് ഒരു വശത്തേക്ക് നീട്ടി ട്രംപ് അനുകൂലികളെ അഭിസംബോധന ചെയ്തത്. അതേസമയം, ന്യൂയോർക്ക് ആസ്ഥാനമായുള്ള ആന്റി ഡിഫമേഷൻ ലീഗ്, ഇലോൺ മസ്കിന്റേത് നാസി സല്യൂട്ട് അല്ലെന്ന് അവകാശപ്പെട്ടതായി അന്തർദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇന്നലെ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റായി ജെ ഡി വാൻസും അധികാരമേറ്റു. വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ, അർജന്റീന പ്രസിഡന്റ് ഹാവിയർ മിലെ, ചൈനീസ് വൈസ് പ്രസിഡന്റ് ഹാൻ ഷെംഗ് എന്നിവരുൾപ്പെടെ ചടങ്ങിൽ പങ്കെടുത്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |