കൊച്ചി: കൂത്താട്ടുകുളം നഗരസഭയിലെ സിപിഎം കൗൺസിലറായ കലാ രാജുവിനെ തട്ടികൊണ്ടുപോയ കേസിലെ പ്രതികൾ കൺമുമ്പിൽ വന്നിട്ടും കാണാത്ത മട്ടിൽ പൊലീസ്. ചൊവ്വാഴ്ച സി.പി.എം. കൂത്താട്ടുകുളത്ത് നടത്തിയ പ്രതിഷേധ പരിപാടിയിലാണ് ഒന്നുമുതൽ അഞ്ചുവരെയുള്ള പ്രതികൾ പങ്കെടുത്തത്. ഒന്നാം പ്രതിയായ ഏരിയാ സെക്രട്ടറി പി.ബി. രതീഷായിരുന്നു യോഗാധ്യക്ഷൻ.
സി.പി.എം. ജില്ലാ സെക്രട്ടറി സി.എൻ. മോഹനനാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. കേസിലെ മറ്റ് പ്രതികളായ നഗരസഭാ ചെയർപേഴ്സൺ വിജയ ശിവൻ, വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ്, ഇടതു കൗൺസിലർ സുമ വിശ്വംഭരൻ, ലോക്കൽ സെക്രട്ടറി ഫെബീഷ് ജോർജ് എന്നിവരും സമ്മേളനത്തിൽ ആദ്യവസാനം ഉണ്ടായിരുന്നു. ഫെബീഷ് ജോർജ് സ്വാഗതവും സണ്ണി കുര്യാക്കോസ് നന്ദിയും പറഞ്ഞു. യോഗം അവസാനിക്കുംവരെ വൻ പൊലീസ് സംഘം സമ്മേളനസ്ഥലത്ത് ഉണ്ടായിരുന്നെങ്കിലും ചെറുവിരൽ അനക്കിയില്ല.
ശനിയാഴ്ചയാണ് എൽ.ഡി.എഫ്. ഭരിക്കുന്ന കൂത്താട്ടുകുളം നഗരസഭയിൽ യു.ഡി.എഫ്. നൽകിയ അവിശ്വാസപ്രമേയത്തിന്മേലുള്ള ചർച്ചയിൽ പങ്കെടുക്കാനെത്തിയ സ്വന്തം കൗൺസിലറെ സി.പി.എം. പ്രവർത്തകർ തട്ടിക്കൊണ്ടുപോയതായി ആരോപണം ഉയർന്നത്. സി.പി.എം. ഏരിയ കമ്മിറ്റി ഓഫീസിലെത്തിച്ച കൗൺസിലർ കലാ രാജുവിനെ പിന്നീട് പ്രവർത്തകർ തന്നെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
തുടർന്ന് സി.പി.എം. പ്രവർത്തകർ തന്നെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് കലാ രാജു രംഗത്തെത്തി. വാഹനത്തിലേക്ക് വലിച്ചെറിയുകയായിരുന്നു. പൊതുജനമധ്യത്തിലാണ് ഈ സംഭവങ്ങൾ നടന്നത്. കാറിന്റെ ഡോറിനിടയിൽ കുരുങ്ങിയ കാല് എടുക്കാൻ കഴിഞ്ഞില്ല. വേദനകൊണ്ട് പുളഞ്ഞപ്പോഴും ഡോർ തുറന്ന് കാലെടുക്കാൻ അനുവദിച്ചില്ല. ആശുപത്രിയിൽ പോകണമെന്നും മക്കളെ കാണണമെന്നും ആവശ്യപ്പെട്ടപ്പോൾ ഏരിയ സെക്രട്ടറിയുടെ അനുവാദം വേണമെന്നായിരുന്നു മറുപടി എന്നൊക്കെയാണ് കലാ രാജു ആരോപിച്ചത്.
കൗൺസിലറെ തട്ടികൊണ്ടുപോയ സംഭവത്തിൽ ഇന്നലെ നിയമസഭ പ്രക്ഷുബ്‌ധമായിരുന്നു. വിധവയായ സ്ത്രീയെ നടുറോഡിൽ വസ്ത്രാക്ഷേപം ചെയ്യുന്നതാണോ കേരളത്തിലെ സ്ത്രീ സുരക്ഷയെന്ന് നിയമസഭയിൽ പ്രതിപക്ഷം ചോദ്യമുന്നയിച്ചു. പരസ്യമായി പട്ടാപ്പകൽ സ്ത്രീയെ അപമാനിച്ചിട്ട് കാലുമാറ്റമായി ലഘൂകരിച്ച് ബഹളമുണ്ടാക്കുന്നവർ ചരിത്രത്തിൽ അഭിനവ ദുശാസ്സനൻമാരായി മാറുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. യഥാർത്ഥ പ്രതികളെ അറസ്റ്ര് ചെയ്യണമെന്നും കൂട്ടു നിന്ന പൊലീസുകാർക്കെതിരേ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം സഭയിൽനിന്ന് വാക്കൗട്ട് നടത്തി.
സ്ത്രീ സുരക്ഷയിൽ കേരളം മാതൃകയാണെന്നും ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലാത്ത നിലപാടാണെന്നുമാണ് മുഖ്യമന്ത്രി പിണറായിവിജയൻ മറുപടി നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |