കൽപ്പറ്റ: വയനാട്ടിലെ ആകാശ ദ്വീപുകളിൽ (മലത്തലപ്പുകൾ) 120 ഇനം പക്ഷികൾ. കൽപ്പറ്റ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ്‌ലൈഫ് ബിയോളജിയും നോർത്ത്, സൗത്ത് വയനാട് വനം ഡിവിഷനുകളും ആറളം വന്യജീവി സങ്കേതവും സംയുക്തമായി മൂന്നു ദിവസങ്ങളിൽ നടത്തിയ സർവേയിലാണ് ഇത്രയും ഇനം പക്ഷികളുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. പശ്ചിമഘട്ട മലനിരയിൽ വയനാടിന്റെ തെക്കേ അറ്റം മുതൽ വടക്ക്, കണ്ണൂർ ജില്ലയിലെ ആറളം വന്യജീവി സങ്കേതവുമായി അതിർത്തി പങ്കിടുന്ന അമ്പലപ്പാറ വരെ 15 ആകാശ ദ്വീപുകളിലാണ് സർവേ നടന്നത്. സമുദ്രനിരപ്പിൽനിന്നു 1,500 മീറ്ററിനു മുകളിൽ സവിശേഷമായ ആവാസവ്യവസ്ഥ നിലനിൽക്കുന്ന പർവതശിഖരങ്ങളെയാണ് ആകാശ ദ്വീപുകളായി കണക്കാക്കുന്നത്. സമുദ്രനിരപ്പിൽനിന്നു 1,5002,100 മീറ്റർ ഉയരത്തിലുള്ള കുറിച്ച്യർമല, ബാണാസുരമല, സൂര്യമുടി, ബ്രഹ്മഗിരി, ചെമ്പ്ര, വെള്ളരിമല, മണ്ടമല, അമ്പമല, വണ്ണാത്തിമല എന്നിവ ആകാശ ദ്വീപുകളുടെ പട്ടികയിൽപ്പെടും.
കേരളത്തിന് അകത്തും പുറത്തും നിന്നുള്ള 50 ഓളം പക്ഷി നിരീക്ഷകർ പങ്കെടുത്തു.പ്രാഥമിക പട്ടികയിൽ 144 ഇനം പക്ഷികളാണ് ഇടം പിടിച്ചത്. ഇതിൽ 120 ഇനങ്ങളെയാണ് ആകാശദ്വീപുകളിൽ മാത്രം കണ്ടത്. ബാണാസുര ചിലപ്പൻ, നീലഗിരി ചോലക്കിളി, യൂറേഷ്യൻ മാർട്ടിൻ, ഹ്യൂംസ് വാർബ്ലർ, കരിംചെമ്പൻ പാറ്റപിടിയൻ, ഒലിവ് പിപിറ്റ് എന്നീ അത്യപൂർവ ഇനം പക്ഷി ഇനങ്ങളെ സർവേയിൽ കാണാനായി.
കുറിച്യർമലയിലാണ് 60 ഒലിവ് പിപിറ്റ്കളുടെ കൂട്ടത്തെ കണ്ടത്. അപൂർവമായി മാത്രം കേരളത്തിൽ കണ്ടുവരുന്ന ഹ്യൂംസ് വാർബ്ലറിന്റെ സാന്നിധ്യവും സർവേ സംഘത്തിനു സ്ഥിരീകരിക്കാനായി.
നോർത്ത് വയനാട് വനം ഡിവിഷനും ആറളം വന്യജീവി സങ്കേതവും അതിർത്തി പങ്കിടുന്ന അമ്പലപ്പാറയിലാണ് ചെന്തലയൻ കഴുകനെ കണ്ടെത്തിയത്. അതീവ വംശനാശ ഭീഷണി നേരിടുന്ന പക്ഷിയിനമാണ് കഴുകൻമാർ. കേരളത്തിൽ വയനാടിൽ മാത്രമാണ് കഴുകൻമാരുള്ളത്.
സൗത്ത് വയനാട് ഡിഎഫ്ഒ അജിത്ത് കെ. രാമൻ സർവേ ഉദ്ഘാടനം ചെയ്തു. ഹ്യൂം സെന്റർ ഡയറക്ടർ സി.കെ. വിഷ്ണുദാസ് വയനാടിന്റെ ഭൂപ്രകൃതി സർവേ സംഘത്തിനു പരിചയപ്പെടുത്തി. പൂക്കോട് വെറ്ററിനറി കോളജ് അദ്ധ്യാപകൻ ഡോ.ആർ.എൽ. രതീഷ് സർവേ നിയമങ്ങളും നിബന്ധനകളും അവതരിപ്പിച്ചു. മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ഹരിലാൽ മാർഗനിർദേശം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |