ആലുവ: സി.പി.ഐ ആലുവ മണ്ഡലം കമ്മിറ്റി ഗ്രൂപ്പ് പോര് ശക്തമായ പശ്ചാത്തലത്തിൽ മണ്ഡലം സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ അസ്ളഫ് പാറേക്കാടൻ പാർട്ടി വിട്ടു. കഴിഞ്ഞ സമ്മേളന കാലത്ത് ആരംഭിച്ച ഗ്രൂപ്പ് പോരിന്റെ തുടർച്ചയായാണ് രാജി. സംസ്ഥാന - ജില്ലാ നേതൃത്വവുമായി വിയോജിപ്പുള്ളവരായിരുന്നു മണ്ഡലം സെക്രട്ടറി ഉൾപ്പെടെ ഭൂരിപക്ഷവും എന്നതിനാൽ കമ്മിറ്റിക്ക് സ്വതന്ത്രമായി പ്രവർത്തിക്കാനായിരുന്നില്ല. മുതിർന്ന നേതാവ് പി. നവകുമാരനെതിരായ അച്ചടക്ക നടപടി സംസ്ഥാന കൺട്രോൾ കമ്മിഷൻ റദ്ദാക്കിയിട്ടും തിരിച്ചെടുത്തില്ലെന്നത് ഉൾപ്പെടെയുള്ള ആരോപണങ്ങൾ ഉന്നയിച്ചാണ് അസ്ളഫ് പാർട്ടി വിട്ടത്.
അഭിഭാഷകനായി എൻറോൾ ചെയ്തതിനാൽ ആറ് മാസം സെക്രട്ടറി സ്ഥാനത്ത് നിന്ന് അസ്ളഫ് പാറേക്കാടൻ അവധിയെടുത്തിരുന്നു. തുടർന്ന് അസ്ളഫ് അനുകൂലിയായ എ.കെ. പ്രേമാനന്ദൻ ആക്ടിംഗ് സെക്രട്ടറിയായിരുന്നു. എ.ഐ.എസ്.എഫ് ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, ജില്ലാ പഞ്ചായത്ത് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
അനിഷ്ടമുള്ളവരെ വെട്ടി നിരത്തുന്നു
ജില്ലാ കമ്മിറ്റി അനിഷ്ടക്കാരെ വെട്ടി നിരത്തുകയാണ്. ജില്ലയിലെ മുതിർന്ന നേതാവ് പി. നവകുമാരനെ തരം താഴ്ത്തിയ നടപടി പാർട്ടി കൺട്രോൾ കമ്മിഷൻ റദ്ദാക്കിയിട്ടും ജില്ലാ നേതൃത്വം അംഗീകരിക്കുന്നില്ല. ദേശീയ സെക്രട്ടറിക്കു വരെ കേരളത്തിലേക്ക് വരാൻ സംസ്ഥാന എക്സിക്യുട്ടീവിന്റെ അനുമതി വേണം. ഐ.ജി ഓഫീസ് മാർച്ചിൽ ആക്രമണം ഉണ്ടായത് പാർട്ടിയുടെ ഗൂഢാലോചനയുടെ ഭാഗമായാണ്. മാർച്ച് അലങ്കോലപ്പെടുത്തിയവർ പിന്നീട് പരാതിക്കാരായി. ഗ്രൂപ്പ് പ്രവർത്തനങ്ങളുടെ ഫലമായാണ് മൂവാറ്റുപുഴയിൽ എൽദോ എബ്രഹാം പരാജയപ്പെട്ടത്. ഈ വർഷം ജില്ലയിൽ 4000ൽ അധികം മെമ്പർഷിപ്പ് കുറവുണ്ടായി. ജില്ലാ സെക്രട്ടറിയുടെ മണ്ഡലത്തിൽ 400 മെമ്പർഷിപ്പുകളാണ് കുറഞ്ഞത്.
അസ്ളഫ് പാറേക്കാടൻ
വാസ്തവ വിരുദ്ധംമുൻ ആലുവ മണ്ഡലം സെക്രട്ടറി അസ്ളഫ് പാറേക്കാടന്റേത് അടിസ്ഥാന രഹിതമായ പ്രചരണങ്ങളാണ്. പാർട്ടി വിരുദ്ധ പ്രവർത്തനത്തെ തുടർന്ന് അന്വേഷണ കമ്മീഷൻ അസ്ലഫ് പാറേക്കാടൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. നടപടിക്ക് വിധേയനായ ഘട്ടത്തിലാണ് പാർട്ടിയെ അവഹേളിക്കുന്ന രാജി പ്രസ്താവന. ദീർഘകാലമായി പാർട്ടി പ്രവർത്തനത്തിൽ അസ്ലഫ് പാറേക്കാടൻ ഇല്ല. നിലവിൽ ആലുവ മണ്ഡലം സെക്രട്ടറി പ്രേമാനന്ദൻ ആണ്. വ്യാജ ലെറ്റർപാഡ് ഉണ്ടാക്കി സെക്രട്ടറി എന്ന രൂപത്തിൽ രാജിക്കത്ത് പ്രചരിപ്പിച്ചത് നിയമവിരുദ്ധവുമാണ്. ഇതിനെതിരെ നിയമനടപടികൾ സ്വീകരിക്കും
കെ.എം. ദിനകരൻ
ജില്ലാ സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |