കോട്ടയം: കഠിനംകുളത്ത് ക്ഷേത്ര പൂജാരിയുടെ ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി നീണ്ടകര ദളവാപുരം സ്വദേശിയുമായ ജോൺസൺ ഔസേപ്പ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തുടരുന്നു. ഇന്നലെ നടത്തിയ പരിശോധനയിൽ ഇയാളുടെ ഉള്ളിൽ വിഷാംശം ഉണ്ടെന്ന് കണ്ടെത്തിയിരുന്നു.
കഴിഞ്ഞ ദിവസം കോട്ടയം ചിങ്ങവനത്തെ കുറിച്ചിയിൽവച്ചാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രദേശത്തെ ഒരു വീട്ടുകാരുടെ തന്ത്രപരമായ നീക്കമാണ് ഇയാളെ പിടികൂടാൻ സഹായിച്ചത്. ഇയാൾ ഹോം നഴ്സായി ജോലി ചെയ്തുവരികയായിരുന്നു. ഈ വീട്ടുകാർ വാർത്തയിലൂടെ കൊലപാതക വിവരം അറിഞ്ഞു. ഇന്നലെ പ്രതി എത്തിയപ്പോൾ, സംഭവം അറിഞ്ഞതായി ഭാവിക്കാതെ വീട്ടുകാർ ഉടൻ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തങ്ങളോട് അയാൾ മോശമായൊന്നും പെരുമാറിയിട്ടില്ലെന്ന് വീട്ടമ്മ ഒരു മാദ്ധ്യമത്തോട് പറഞ്ഞു.
വെഞ്ഞാറമൂട് ആലിയാട് സ്വദേശി ആതിരയെയാണ് (30) ജോൺസൺ ഔസേപ്പ് കൊലപ്പെടുത്തിയത്. യുവതിയുടെ ഇൻസ്റ്റഗ്രാം സുഹൃത്താണ് ഇയാൾ. ജോൺസൺ കഴിഞ്ഞ ഒരു വർഷമായി ആതിരയുമായി പ്രണയത്തിലായിരുന്നു. റീൽസുകൾ പങ്കുവച്ചുകൊണ്ടാണ് സൗഹൃദം തുടങ്ങിയത്. ആതിരയും ജോൺസണും തമ്മിൽ സാമ്പത്തിക ഇടപാടും ഉണ്ടായിരുന്നു.
ആതിരയുമായി അടുപ്പത്തിലായിരുന്നെന്നും കുറച്ചുദിവസമായി അകന്നുപോകുന്നതായി തോന്നിയതിനാൽ കത്തി ഉപയോഗിച്ച് കൊലപ്പെടുത്തിയെന്നുമാണ് പ്രതി പൊലീസിനോട് പറഞ്ഞത്. എന്നാൽ, സാമ്പത്തിക ഇടപാടാണ് കൊലയ്ക്കു പിന്നിലെന്നാണ് അന്വേഷണസംഘത്തിന്റെ പ്രാഥമിക വിലയിരുത്തൽ.
ജോൺസണ് ആതിര ഒരുലക്ഷം രൂപയോളം നൽകിയിരുന്നതായും അന്വേഷണ സംഘം കണ്ടെത്തി. കൊലപാതകം നടക്കുന്നതിന് മൂന്നു ദിവസം മുമ്പും ജോൺസൺ ആതിരയിൽ നിന്ന് പണം വാങ്ങി. യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയും ജോൺസൺ പണം കൈപ്പറ്റിയതായും സൂചനയുണ്ട്. ആതിരയെ കൂടെ ചെല്ലാനും ഇയാൾ നിർബന്ധിച്ചു. ആതിര അത് നിഷേധിച്ചു. ഇക്കാരണങ്ങളാണ് കൊലയ്ക്ക് കാരണമായതെന്നും പൊലീസ് കരുതുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |