കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തിനുശേഷം നഗരത്തിൽ മാലിന്യം തള്ളുന്നവരിൽ നിന്ന് കോർപ്പറേഷൻ പിഴ ഈടാക്കിയത് ഒന്നേകാൽ കോടിയിലധികം രൂപ. 2022 മാർച്ച് രണ്ടിലെ തീപിടിത്തത്തിന് ശേഷം മാലിന്യം വലിച്ചെറിയുന്നവരിൽ നിന്ന് 1.37 കോടി രൂപയാണ് കോർപ്പറേഷൻ പിഴ ഈടാക്കിയത്.
കോർപ്പറേഷൻ ഹെൽത്ത് വിഭാഗം മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ നടപടി സ്വീകരിക്കുന്നതിനായി രാത്രികാലങ്ങളിലടക്കം സ്പെഷ്യൽഡ്രൈവ് നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ഇത്രയധികം രൂപ പിഴയായി ഈടാക്കിയത്.
കർശനനടപടി എടുക്കുന്നുണ്ടെങ്കിലും നഗരത്തിൽ മാലിന്യം വലിച്ചെറിയുന്ന രീതിയിൽ കാര്യമായ മാറ്റംവന്നിട്ടില്ല. നഗരത്തിലെ ജൈവ, അജൈവ മാലിന്യങ്ങൾ കോർപ്പറേഷൻ കൃത്യമായി ശേഖരിക്കുന്നുണ്ടെങ്കിലും രാത്രികാലങ്ങളിൽ ആരും അറിയാതെ വാഹനങ്ങളിലെത്തി മാലിന്യം തള്ളുന്ന മനോഭാവത്തിൽ മാറ്റംവന്നിട്ടില്ല.
ക്യാമറയും സൗന്ദര്യവത്കരണവും
നടപ്പാതകളിലും കാനകളിലും കനാലുകളിലും മാലിന്യംതള്ളുന്നത് കണ്ടെത്തുന്നതിനായി നഗരത്തിന്റെ പല ഭാഗങ്ങളിലായി ക്യാമറ സ്ഥാപിക്കുന്നുണ്ട്. ഇതുകൂടാതെ ഇവിടങ്ങളിൽ സൗന്ദര്യവത്കരണം നടത്താനും ആലോചനയുണ്ടെന്ന് കോർപ്പറേഷൻ അധികൃതർ അറിയിച്ചു.
കർശന നടപടി
മാലിന്യം വലിച്ചെറിയുന്നവരിൽ നിന്ന് 10000 രൂപയും കക്കൂസ് മാലിന്യം ജലാശയങ്ങളിൽ തള്ളുന്നവരിൽനിന്ന് 25000- 50000 രൂപ വരെയുമാണ് പിഴ. നഗരത്തിലെ കക്കൂസ് മാലിന്യം കോണ്ടുപോകുന്ന വാഹനങ്ങളിൽ ജി.പി.എസ് സൗകര്യമുണ്ട്. ജി.പി.എസ് ഓഫാക്കുന്നവർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. കോർപ്പറേഷന്റെ കീഴിൽ കക്കൂസ് മാലിന്യങ്ങൾ കൊണ്ടുപോകുന്നതിന് 109 വാഹനങ്ങളാണുള്ളത്. കഴിഞ്ഞവർഷം ജി.പി.എസ് ഓഫ് ചെയ്ത 13 പേർക്കെതിരെയാണ് നടപടി എടുത്തത്. മാലിന്യം വലിച്ചെറിയൽ വിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി ജനുവരി ഒന്നുമുതൽ ഏഴുവരെ കോർപ്പറേഷൻ നടത്തിയ പരിശോധനയിൽ മാലിന്യംവലിച്ചെറിഞ്ഞ 26 പേരിൽനിന്ന് 107208 രൂപയും ഈടാക്കിയിട്ടുണ്ട്.
ഈടാക്കിയ തുക
2022 മുതൽ ഇതുവരെ: ₹ 1.37 കോടി
2024 മാർച്ച്- 2025 ജനുവരി 15 വരെ: ₹ 6,268,818
2024 മുതൽ ഇതുവരെ പിടികൂടിയ കേസുകൾ: 1480
കൊച്ചിൻ കോർപ്പറേഷൻ പരിധിയിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടി എടുക്കുന്നുണ്ട്. ഇതിനായി ശക്തമായ പരിശോധനയും നിരീക്ഷണവും നടക്കുന്നുണ്ട്
ഡോ. എ. ശശികുമാർ
ഹെൽത്ത് ഓഫീസർ
കൊച്ചി കോർപ്പറേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |