കൊല്ലം: ദേശീയപാത 744 ഗ്രീൻഫീൽഡ് ഹൈവേയ്ക്കായി വിജ്ഞാപനം ചെയ്ത ഭൂമിയുടെ ഉടമകൾക്ക് നഷ്ടപരിഹാരം നൽകാൻ
സത്വര നടപടി സ്വീകരിക്കണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി കേന്ദ്ര ദേശീയപാതയും റോഡ് ഗതാഗതവും വകുപ്പ് മന്ത്രി നിതിൻ ഗഡ്ഗരിയോട് ആവശ്യപ്പെട്ടു. ഭൂമി ഏറ്റെടുക്കലിന് വിജ്ഞാപനം ചെയ്തതിലൂടെ ഭൂമി ക്രയവിക്രയവും ഭൂമിയിലെ നിർമ്മാണവും പൂർണ്ണമായും സ്തംഭിച്ചിരിക്കുകയാണ്. വാസഗ്രഹങ്ങൾ ഉളളവർ പുനരധിവാസത്തിനായി കണ്ടെത്തിയിരുന്ന ബദൽ സംവിധാനങ്ങൾ, നഷ്ടപരിഹാരം സമയത്ത് ലഭിക്കാത്തതു മൂലം നടപ്പാക്കുവാൻ കഴിയാത്ത സാഹചര്യമാണ്.
ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് വിഹിതം നൽകുന്നതിൽ നിന്ന് സർക്കാർ ഏകപക്ഷീയമായി പിൻമാറുകയാണുണ്ടായത്. പകരം കേന്ദ്ര സർക്കാർ മുന്നോട്ട് വച്ച നിർമ്മാണ പ്രവൃത്തികളിലെ ജി.എസ്.ടി, റോയാൽറ്റി ഇളവ് സംബന്ധിച്ച് സമയത്ത് തീരുമാനമെടുക്കുവാൻ സംസ്ഥാന സർക്കാർ പരാജയപ്പെട്ടു. കേന്ദ്ര സർക്കാർ ആവർത്തിച്ച് ആവശ്യപ്പെട്ടതിനെ തുടർന്ന് മാസങ്ങൾ പിന്നിട്ട ശേഷമാണ് സംസ്ഥാന സർക്കാർ വിഷയത്തിൽ തീരുമാനമെടുത്തത്. വിവിധ പഠനങ്ങൾക്കും പരിശോധനകൾക്കും ശേഷം അംഗീകരിച്ച അലൈൻമെന്റ് പ്രകാരം തുടർ നടപടികൾ സ്വീകരിക്കുകയാണ് വേണ്ടത്. ഭൂമി ഏറ്റെടുക്കൽ നടപടികളുടെ അന്തിമ ഘട്ടത്തിൽ മാറ്റം വരുത്തുവാൻ നടത്തുന്ന ശ്രമം പദ്ധതി ആരംഭിക്കുന്നതിന് ദോഷകരമാകും.അതിനാൽ അടിയന്തിരമായി നടപടികൾ പൂർത്തിയാക്കി നഷ്ടപരിഹാരം എത്രയും പെട്ടെന്ന് നൽകണമെന്ന് എം.പി ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |