കൊച്ചി: കാർ പാർക്കിംഗ് ബിസിനസാക്കി മാറ്റുകയാണ് കൊച്ചിയിലെ സ്റ്റാർട്ടപ്പായ കോക്കോനെറ്റ് സൊലൂഷൻസ്.
മൂന്നുവർഷം മുമ്പ് ആരംഭിച്ച കമ്പനി മാർച്ചിൽ തിരുവനന്തപുരത്തേക്കും പാർക്കിംഗ് സൊല്യൂഷനുമായി എത്തും. മൊബൈൽ ആപ്പിലൂടെ അറിയിച്ചാൽ മതി. സ്ഥാപനത്തിന്റെ ഡ്രൈവർ എത്തി കാർ കൊണ്ടുപോകും. ആവശ്യപ്പെടുമ്പോൾ തിരിച്ചെത്തിക്കും. ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങൾ വാടകയ്ക്കെടുത്താണ് പാർക്കിംഗ് സൗകര്യമൊരുക്കുന്നത്. കാറുകൾക്ക് മാത്രമാണ് ഇപ്പോൾ സേവനം.
തൃശൂർ ദേശമംഗലം സ്വദേശിഎസ്.പ്യാരിലാലാണ് (43) കോക്കോയുടെ സ്ഥാപകൻ. സുഹൃത്തും ദുബായിൽ അക്കൗണ്ടന്റുമായ ഷാഹുൽ ഹമീദ് പാർട്ണറാണ്.
സോഫ്റ്റ്‌വെയർ പ്രൊഡക്ട് ആർക്കിടെക്ടായിരുന്ന പ്യാരിലാലിന് കൊവിഡ് സമയത്ത് ജോലി നഷ്ടപ്പെട്ടപ്പോഴാണ് ഇങ്ങനെയൊരു ചിന്ത ഉദിച്ചത്. കാക്കനാട്ടെ ഡോക്ടേഴ്സ് ടവർ ആശുപത്രിയിൽ തുടക്കമിട്ടു. പിന്നീട് മെഡിക്കൽ ട്രസ്റ്റ്, ലിസി ആശുപത്രികൾ, തിരക്കേറിയ ഹോട്ടലുകൾ, ബേക്കറികൾ തുടങ്ങിയവയെല്ലാം സേവനം ആവശ്യപ്പെട്ടു.സമ്മേളനങ്ങളുടെ സംഘാടകരും കോക്കോയെ സമീപിക്കുന്നുണ്ട്.
മണിക്കൂറിന് ഫീസ്
50-80 രൂപവരെ
മണിക്കൂറിന് 50-80 രൂപവരെയാണ് പാർക്കിംഗ് ഫീസ്. തുടർന്നുള്ള ഓരോ മണിക്കൂറിനും 10 രൂപ അധികം നൽകണം.
വിദ്യാർത്ഥികൾക്ക് പാർട് ടൈം ജോലിയായും ചെയ്യാം. പരിശീലനം നൽകും.18000 മുതൽ 30000 രൂപവരെ സമ്പാദിക്കാം. കോഴിക്കോട്, കോട്ടയം, കൊല്ലം, ബംഗളൂരു എന്നിവിടങ്ങളിലും ഉടനെ ആരംഭിക്കും. ഫ്രാഞ്ചൈസിയും നൽകും.
തിരക്കേറിയ സ്ഥാപനങ്ങൾ കോക്കോയുമായി ധാരണയിലെത്തിയിട്ടുണ്ട്. ഇവിടേക്ക് വരുന്നവർ കൊക്കോയുടെ മൊബൈൽ ആപ്ളിക്കേഷനിലോ വെബ്സൈറ്റിലോ അറിയിച്ചാൽ മതി. നിങ്ങൾ കാറുമായി എത്തുമ്പോൾ കൊക്കോയുടെ ഡ്രൈവർ കാത്തുനിൽക്കുന്നുണ്ടാകും.
തിരികെപ്പോകുന്ന സമയം അറിയിച്ചാൽ ഏഴുമിനിറ്റുകൊണ്ട് കാർ തിരിച്ചെത്തിക്കും. കൊണ്ടുപോകുമ്പോൾ കാറിന്റെ ഫോട്ടോ എടുക്കും. തിരിച്ചെത്തിക്കുമ്പോൾ കാണിച്ച് ഉറപ്പ് വരുത്തിയാണ് കാർ കൈമാറുന്നത്. അപകടങ്ങൾ സംഭവിച്ചാൽ ഇൻഷ്വറൻസ് ലഭിക്കും.
`നഗരങ്ങളിലെ പാർക്കിംഗ് പ്രശ്നം ഒഴിവാക്കുകയാണ് ലക്ഷ്യം. നിരവധിപ്പേർക്ക് ജോലി നൽകാനും സാധിക്കും. റെയിൽവേ സ്റ്റേഷനുകളിലും നടപ്പിലാക്കാൻ ഉദ്ദേശ്യമുണ്ട്.'
-പ്യാരിലാൽ
എം.ഡി ആൻഡ് സി.ഇ.ഒ,
കോക്കോനെറ്റ് സൊല്യൂഷൻസ്
പ്രൈവറ്റ് ലിമിറ്റഡ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |