കൊച്ചി: നടി ഹണി റോസിന്റെ പരാതിയിൽ രാഹുൽ ഈശ്വറിനെതിരെ കേസെടുത്തിട്ടില്ലെന്ന് പൊലീസ്. സ്‌ത്രീത്വത്തെ അപമാനിച്ചു, അധിക്ഷേപ പരാമർശങ്ങൾ നടത്താൻ ആൾക്കൂട്ടത്തെ പ്രേരിപ്പിച്ചു തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുത്തിയാണ് രാഹുൽ ഈശ്വറിനെതിരെ നടി പരാതി നൽകിയത്. രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കാനിരിക്കെയാണ് എറണാകുളം സെൻട്രൽ പൊലീസ് റിപ്പോർട്ട് നൽകിയത്.
രാഹുൽ ഈശ്വറിനെതിരെ ഹണി റോസ് പരാതി നൽകിയിരുന്നു. ഇതിൽ പ്രാഥമികാന്വേഷണം നടന്നുവരികയാണെന്നും പൊലീസ് ഹൈക്കോടതിയിൽ നൽകി റിപ്പോർട്ടിൽ പറയുന്നു.
നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ രാഹുൽ ഈശ്വർ മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. അപേക്ഷയിൽ അറസ്റ്റ് തടയാതിരുന്ന കോടതി പൊലീസിനോട് റിപ്പോർട്ട് തേടി. ഹർജി ഫയലിൽ സ്വീകരിച്ച കോടതി 28ന് പരിഗണിക്കുമെന്ന് അറിയിക്കുകയായിരുന്നു. മുൻകൂർ ജാമ്യാപേക്ഷയിൽ പൊലീസ് നിലപാട് തേടിയ ശേഷം അറസ്റ്റ് തടയാനുള്ള നടപടികളിലേക്ക് കടക്കാമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്.
ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നൽകിയതിനെത്തുടർന്ന് സോഷ്യൽ മീഡിയയിലും ചാനൽ ചർച്ചകളിലും അധിക്ഷേപിച്ചെന്നാണ് ഹണിയുടെ പരാതി. ഹണി റോസിനെക്കൂടാതെ തൃശൂർ സ്വദേശി സലീമും രാഹുൽ ഈശ്വറിനെതിരെ പരാതി നൽകിയിരുന്നു. രാഹുൽ ഈശ്വറിനെതിരെ എറണാകുളം സെൻട്രൽ സ്റ്റേഷനിലാണ് നടി പരാതി നൽകിയത്. ചാനൽ ചർച്ചകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ഹണി റോസിനെ രാഹുൽ അപമാനിക്കുന്നുവെന്നാണ് സലീമിന്റെ പരാതിയിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |