ന്യൂഡൽഹി: പാർലമെന്റിന്റെ ബഡ്‌ജറ്റ് സമ്മേളനത്തിൽ മഹാകുംഭമേള ദുരന്തം അടക്കം ഉയർത്തി ആക്രമിക്കാനിരുന്ന പ്രതിപക്ഷത്തിനെ പ്രതിരോധിക്കാൻ ബി.ജെ.പിയ്ക്കും ഭരണ ക്ഷത്തിനും അപ്രതീക്ഷിത ആയുധം. കോൺഗ്രസ് പാർലമെന്ററി പാർട്ടി അദ്ധ്യക്ഷ സോണിയാ ഗാന്ധി രാഷ്‌ട്രപതി ദ്രൗപദി മുർമുവിന്റെ നയപ്രഖ്യാപന പ്രസംഗത്തെക്കുറിച്ച് നടത്തിയ പരാമർശമാണ് വിവാദമായത്.
ഡൽഹി രോഹിണിയിലെ നിയമസഭാ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി കോൺഗ്രസിനെ പ്രഹരിച്ചു.കോൺഗ്രസിന്റെ ആഢ്യകുടുംബം ആദിവാസി സമൂഹത്തെയും ഉന്നത പദവിയിലിരിക്കുന്ന വനിതയെയുമാണ് അപമാനിച്ചതെന്ന് മോദി പറഞ്ഞു. ഒഡീഷയിലെ വനമേഖലകളിലുള്ള ആദിവാസി വിഭാഗത്തിൽ നിന്നുയർന്ന് വന്ന വനിതയാണവർ.കോൺഗ്രസിന്റെ ആഢ്യകുടുബാംഗം പറയുന്നത് അവരുടെ പ്രസംഗം കേട്ട് ബോറടിച്ചെന്ന്. മറ്റൊരു കുടുംബാംഗം അവരെ 'പാവം സാധനം' എന്നു വിളിച്ചു. ക്ഷീണിച്ചെന്ന് പറഞ്ഞു. രാജ്യത്തെ 10 കോടി ആദിവാസി സമൂഹത്തെയും താഴെത്തട്ടിൽ നിന്നുയർന്നു വരുന്ന പാവപ്പെട്ടവരെയുമാണ് അപമാനിച്ചത്. പാവപ്പെട്ട, ദളിത്, ആദിവാസി, ഒ.ബി.സി വിഭാഗക്കാരെ കോൺഗ്രസിന്റെ ആഢ്യകുടുംബത്തിന് ഇഷ്‌ടമല്ല. രാഷ്‌ട്രപതിയുടെ പ്രസംഗം കേട്ട് ബോറടിക്കുന്ന ഇവർ ഇന്ത്യയെ വിദേശത്ത് പോയി അപമാനിക്കുന്നവരാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സോണിയ മാപ്പു പറയണമെന്ന് ബി.ജെ.പി അദ്ധ്യക്ഷൻ ജെ.പി. നദ്ദ ആവശ്യപ്പെട്ടു. `പാവം' എന്ന വാക്കുപയോഗിച്ചത് കോൺഗ്രസിന്റെ വരേണ്യവർഗ, ദരിദ്രവിരുദ്ധ, ആദിവാസി വിരുദ്ധ സ്വഭാവത്തെയാണ് കാണിക്കുന്നതെന്ന് നദ്ദ കുറ്റപ്പെടുത്തി.
പ്രിയങ്ക ഗാന്ധി സോണിയ ഗാന്ധിയെ ന്യായീകരിച്ചു. അമ്മയുടെ പ്രസ്‌താവന വളച്ചൊടിച്ചതാണ്. 78കാരിയായ അമ്മ രാഷ്‌ട്രപതിയെ ബഹുമാനിച്ചുകൊണ്ടാണ് അഭിപ്രായം പറഞ്ഞത്. അമ്മ പറഞ്ഞത് 'നീണ്ട പ്രസംഗം പാവത്തിനെ ക്ഷീണിപ്പിച്ചുകാണും' എന്നാണ്. അനാദരിച്ചിട്ടില്ല. രണ്ടുപേരും ബഹുമാനം അർഹിക്കുന്നവരും പ്രായമുള്ളവരുമാണ്. വിവാദമുണ്ടാക്കിയ ബി.ജെ.പി മാപ്പു പറയണം.
#വെട്ടിലാക്കിയ വാക്കുകൾ
നയപ്രഖ്യാപന പ്രസംഗം നടത്തിയ രാഷ്‌ട്രപതി അവസാനമായപ്പോഴേക്കും വളരെ ക്ഷീണിതയായിരുന്നു. 'പാവത്തിന്' സംസാരിക്കാൻ പോലും കഴിയുന്നില്ലായിരുന്നു-പാർലമെന്റിൽ മാദ്ധ്യമ പ്രവർത്തകരോടാണ് സോണിയാ ഗാന്ധി ഇങ്ങനെ പറഞ്ഞത്.
ഒപ്പമുണ്ടായിരുന്ന മകനും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയും സഹോദരിയും വയനാട് എംപിയുമായ പ്രിയങ്കാ ഗാന്ധിയും അതേറ്റുപിടിച്ചു. ഒരേകാര്യം ആവർത്തിച്ച പ്രസംഗം കേട്ട് ബോറടിച്ചെന്ന് രാഹുൽ പറഞ്ഞു.
# അന്തസിനെ വ്രണപ്പെടുത്തി: രാഷ്ട്രപതി ഭവൻ
രാഷ്ട്രീയ പ്രസ്താവനകളോട് രാഷ്ട്രപതി ഭവൻ പ്രതികരിക്കുന്ന പതിവില്ല. ഈ വിഷയത്തിൽ
പ്രതികരണം ഉടനുണ്ടായി. ഉന്നത പദവിയുടെ അന്തസ്സിനെ വ്യക്തമായി വ്രണപ്പെടുത്തുന്ന പരാമർശമാണ് കോൺഗ്രസ് നേതാക്കൾ നടത്തിയത്. പ്രസ്‌താവന അസ്വീകാര്യമാണ്. പ്രസംഗിച്ച് കഴിഞ്ഞപ്പോഴേക്കും രാഷ്‌ട്രപതി ക്ഷീണിതയായെന്ന പ്രസ്‌താവന അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കുന്നു. ഒരു ഘട്ടത്തിലും രാഷ്‌ട്രപതി തളർന്നിട്ടില്ല. പാർശ്വവത്‌ക്കരിക്കപ്പെട്ട വിഭാഗങ്ങൾക്കും സ്‌ത്രീകൾക്കും കൃഷിക്കാർക്കും വേണ്ടി സംസാരിക്കുമ്പോൾ തളർച്ചയുണ്ടാകില്ലെന്നാണ് രാഷ്‌ട്രപതി വിശ്വസിക്കുന്നത്.
പ്രസ്‌താവന നടത്തിയ നേതാക്കൾക്ക് ഹിന്ദി പോലുള്ള ഇന്ത്യൻ ഭാഷകളിലെ ശൈലിയും വ്യവഹാരങ്ങളും പരിചയമില്ലാത്തതിൽ തെറ്റിദ്ധാരണ രൂപപ്പെട്ടെന്നാണ് രാഷ്ട്രപതിയുടെ ഓഫീസ് വിശ്വസിക്കുന്നത്. അത്തരം അഭിപ്രായങ്ങൾ അരുചികരവും നിർഭാഗ്യകരവും പൂർണ്ണമായും ഒഴിവാക്കേണ്ടതുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |