പാലക്കാട്: തമിഴ്‌നാട്ടില്‍ നിന്ന് കേരള അതിര്‍ത്തി കടന്ന് നിരവധി ലോറികളാണ് സാധനങ്ങളുമായി കേരളത്തിലേക്ക് എത്തുന്നത്. ഒരു ദിവസം തമിഴ്‌നാട്ടില്‍ നിന്ന് ലോറികള്‍ അതിര്‍ത്തി കടന്നില്ലെങ്കില്‍ കേരളത്തിലെ നിരവധി മേഖലകള്‍ സ്തംഭിക്കുമെന്നകാര്യത്തില്‍ തര്‍ക്കമില്ല. പഴം, പച്ചക്കറി, അരി, മറ്റ് ധാന്യങ്ങള്‍, മുട്ട, പാല്‍, വസ്ത്രങ്ങള്‍, മത്സ്യം തുടങ്ങി അടുക്കള ആവശ്യത്തിനുള്ള സാധനങ്ങള്‍ മുതല്‍ നിര്‍മാണ സാധനങ്ങള്‍ വരെ തമിഴ്‌നാട്ടില്‍ നിന്നാണ് കേരളത്തിലേക്ക് എത്തുന്നത്.
ഇപ്പോഴിതാ തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് ലോഡുമായി എത്തിയ ഒരു ലോറി തിരികെ തമിഴ്‌നാട്ടിലെത്തിയപ്പോള്‍ നാട്ടുകാര്‍ തടഞ്ഞുവെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. തമിഴ്‌നാട്ടിലെ തിരുപ്പൂരിലാണ് കേരളത്തില്‍ പോയി മടങ്ങിയെത്തിയ ലോറി നാട്ടുകാര്‍ പിടികൂടിയത്. നമ്മുടെ സംസ്ഥാനത്ത് നിന്നുള്ള മെഡിക്കല്‍ മാലിന്യമാണ് ചരക്കിറക്കിയ ശേഷം തമിഴ്‌നാട്ടിലേക്ക് മടങ്ങിയ ലോറിയില്‍ നിന്ന് കണ്ടെത്തിയിരിക്കുന്നത്.
പാലക്കാട് ജില്ലയില്‍ നിന്നുള്ള മെഡിക്കല്‍ മേഖലയിലെ അവശിഷ്ടങ്ങളാണ് ലോറിയില്‍ കയറ്റി തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോയത്. നാട്ടുകാര്‍ക്ക് കുറച്ച് കാലമായി ഇക്കാര്യത്തില്‍ സംശയമുണ്ടായിരുന്നു. തുടര്‍ന്നാണ് തിരുപ്പൂരില്‍ വച്ച് നാട്ടുകാര്‍ വണ്ടി തടഞ്ഞ് പരിശോധന നടത്തിയത്. തുടര്‍ന്ന് മാലിന്യം സഹിതം തടഞ്ഞ് വയ്ക്കുകയും പൊലീസിനെ വിവരം അറിയിച്ച് തൊണ്ടി സഹിതം കൈമാറുകയും ചെയ്തു. തിരുപ്പൂര്‍ സ്വദേശിയായ പൊന്നുസ്വാമിയെന്ന ആളുടെ ഗോഡൗണിലേക്കാണ് ലോറി എത്തിയത്. ഇയാള്‍ക്കെതിരെ അന്വേഷണവും അച്ചടക്ക നടപടിയും സ്വീകരിക്കുമെന്നാണ് പൊലീസ് നാട്ടുകാര്‍ക്ക് നല്‍കിയിരിക്കുന്ന ഉറപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |