കോട്ടയം : എക്‌സൈസും, പൊലീസും വലവീശും കൊത്തുന്നതാകട്ടെ ചെറിയമീനുകൾ. വമ്പൻസ്രാവുകൾ ഒളിഞ്ഞും തെളിഞ്ഞും ജില്ലയിലേക്ക് കഞ്ചാവടക്കം മാരകലഹരിമരുന്നുകൾ കടത്തുന്നത് നിർബാധം തുടരുകയാണ്. കെണിയിൽ വീഴുന്നതാകട്ടെ വിദ്യാർത്ഥികളും യുവാക്കളും. ലഹരി വ്യാപനത്തിന്റെ കേരളത്തിലെ പ്രമുഖഹബ്ബായി കോട്ടയം മാറിയത് ഇനിയെങ്കിലും അധികൃതർ ഗൗരവത്തോടെ കാണണം. കുമരകം ടൂറിസ്റ്റ് കേന്ദ്രമായി വളർന്നതോടെയാണ് ലഹരിമാഫിയയ്ക്ക് കോട്ടയത്തോട് പ്രിയമേറിയത്. ഇടുക്കിയും, തമിഴ്‌നാടുമായുള്ള അടുപ്പത്താൽ ലഹരിവസ്തുക്കൾ ഊടുവഴികളിലൂടെ പിടിക്കപ്പെടാതെ എത്തിക്കാമെന്നതും ഇവർക്ക് വളമായി. മിക്ക കേസുകളിലും പിടികൂടുന്നത് കൗമാരക്കാരെയാണ്. ജാമ്യം ലഭിക്കുമെന്നതിനാൽ ഒരു കിലോഗ്രാമിൽ താഴെ കഞ്ചാവാണ് കൊടുത്തുവിടുന്നത്. രാസലഹരി ഉപയോഗവും യുവാക്കൾക്കിടയിൽ കൂടുകയാണ്. കൊള്ളയും ക്വട്ടേഷനുമായി നടന്നാൽ അകത്ത് പോകുമെന്ന് ഉറപ്പിച്ച ഗുണ്ടകളും, അനുയായികളുമാണ് പുറത്ത് ലഹരിക്കച്ചവടം നടത്തുന്നത്. ഒറ്റയടിയ്ക്ക് ലക്ഷങ്ങൾ സമ്പാദിക്കാമെന്നതും ഇതിലേക്ക് ആകർഷിക്കുന്നു. ബ്രൗൺഷുഗർ, എൽ.എസ്.ഡി, എം.ഡി.എം.എ തുടങ്ങിയ ലഹരി വസ്തുക്കളും യഥേഷ്ടം ലഭ്യമാണ്.
ലാഭവും, പ്രിയവും രാസലഹരിയോട്
കൂടുതൽ പണം ലഭിക്കാൻ അമിത അളവിലുള്ള കഞ്ചാവ് സൂക്ഷിക്കണം. ഇത് റിസ്‌കായതിനാൽ കഞ്ചാവ് കച്ചവടക്കാർ കൂട്ടത്തോടെ രാസലഹരി വില്പനയിലേയ്ക്ക് മാറി. വലിയ അളവ് കഞ്ചാവ് വാഹനങ്ങളിൽ കടത്തുന്നതിനും സൂക്ഷിക്കുന്നതിനുമുള്ള ബുദ്ധിമുട്ട് മൂലമാണ് വൻലാഭമുള്ള എം.ഡി.എം.എ പോലുള്ളവയിലേയ്ക്ക് യുവാക്കൾ അടുത്തത്. പോക്കറ്റും കൂടുതൽ നിറയും. മൂന്ന് വർഷത്തിനിടെ ജില്ലയിൽ ലഹരിമരുന്ന് കേസുകളിൽ അറസ്റ്റിലായവരിൽ 95 ശതമാനം പേരും 30 വയസിൽ താഴെയുള്ളവരാണ്. അന്യസംസ്ഥാനത്ത് പഠനത്തിനായി പോകുന്ന ചെറുപ്പക്കാരാണ് കൂടുതലായും ലഹരിവലയിൽ അകപ്പെട്ടത്.
ലക്ഷ്യം കാണാതെ വിമുക്തി പദ്ധതി
ലഹരിയിൽ നിന്ന് യുവതലമുറയെ അകറ്റിനിറുത്തുക എന്ന ലക്ഷ്യവുമായി സംസ്ഥാന സർക്കാർ ആരംഭിച്ച വിമുക്തി പദ്ധതിയും ലക്ഷ്യം കാണുന്നില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം കേന്ദ്രീകരിച്ച് എക്സൈസ് വ്യാപക പരിശോധന നടത്തുന്നുണ്ടെങ്കിലും ലഹരി മറുവഴി ഒഴുകുകയാണ്.
ലഹരി മാഫിയയ്‌ക്കെതിരെ പോരാടാൻ
മികച്ച കുടുംബാന്തരീക്ഷം ഉറപ്പാക്കുക
അപരിചിതരുമായുള്ള സൗഹൃദങ്ങൾ നിരീക്ഷിക്കണം
കുട്ടിയിലെ അസ്വാഭാവികമായ പെരുമാറ്റം ശ്രദ്ധിക്കണം
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബോധവത്കരണ ക്ലാസ്
''ചില സ്ഥലങ്ങളിൽ രഹസ്യമായാണ് വിൽക്കുന്നതെങ്കിൽ ചിലയിടങ്ങളിൽ യാതൊരു മറയും കൂടാതെയാണ് ലഹരി കച്ചവടം. സ്കൂൾ, കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ടാണ് ഇത്തരം സംഘങ്ങൾ പ്രവർത്തിക്കുന്നത്.
സുരേഷ്, അതിരമ്പുഴ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |