SignIn
Kerala Kaumudi Online
Wednesday, 07 January 2026 12.53 PM IST

പകുതി വിലയ്‌ക്ക് സ്‌കൂട്ടർ; മുണ്ടക്കൈ ദുരന്ത ബാധിതരെയും അനന്തുകൃഷ്‌ണൻ പറ്റിച്ചു

Increase Font Size Decrease Font Size Print Page
anandhukrishnan

വയനാട്: സിഎസ്‌ആർ ഫണ്ട് തട്ടിപ്പിൽ കബളിപ്പിക്കപ്പെട്ടവരിൽ മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്ത ബാധിതരും. പകുതി വിലയ്‌ക്ക് സ്‌കൂട്ടർ നൽകാമെന്ന് വിശ്വസിപ്പിച്ച് ദുരന്തബാധിതർക്ക് ലഭിച്ച ദുരിതാശ്വാസ ഫണ്ടും പ്രതികൾ തട്ടി. പണമടച്ച സ്‌ത്രീകൾക്ക് സ്‌കൂട്ടർ ലഭിച്ചില്ല. വയനാട് ജില്ലയിലാകെ നൂറുകണക്കിനുപേർ തട്ടിപ്പിനിരയാക്കപ്പെട്ടുവെന്ന് തട്ടിപ്പിനിരയായ യുവതി ഒരു മാദ്ധ്യമത്തോട് പറഞ്ഞു.

തട്ടിപ്പിനെ തുടർന്ന് കോടികളുടെ ഭൂസ്വത്താണ് അനന്തുകൃഷ്‌ണൻ വാങ്ങിക്കൂട്ടിയത്. ഇടുക്കിയിൽ അനന്തുവിന്റെ വീടിന് സമീപത്തും പാലായിലുമായിട്ടാണ് ഭൂമി വാങ്ങിയത്. എൻജിഒകൾ രൂപീകരിച്ച് ജനപ്രതിനിധികളെയടക്കം ഉൾപ്പെടുത്തി വിശ്വാസ്യത സൃഷ‌്‌ടിച്ച ശേഷമായിരുന്നു തട്ടിപ്പ്. എൻജിഒ കോൺഫെഡറേഷന്റെ പേരിൽ പകുതി വിലയ്‌ക്ക് സ്‌കൂട്ടറും ലാപ്‌ടോപ്പും കാർഷികോപകരണങ്ങളും നൽകാമെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു അനന്തുകൃഷ്‌ണന്റെ തട്ടിപ്പ്. 300 കോടിയിലേറെ രൂപ വിവിധ പദ്ധതികളുടെ പേരിൽ പിരിച്ചതായാണ് വിവരം. തുക വകമാറ്റി ചെലവഴിച്ചെന്ന ആരോപണം നിലനിൽക്കെയാണ് വിവിധയിടങ്ങളിൽ ഭൂമി വാങ്ങിക്കൂട്ടിയെന്ന വിവരങ്ങളും പുറത്ത് വരുന്നത്.

സംഭവത്തിൽ കണ്ണൂർ ടൗൺ പൊലീസെടുത്ത കേസിൽ കോൺഗ്രസ് നേതാവ് ലാലി വിൻസെന്റും പ്രതിയാണ്. തട്ടിപ്പ് കേസിൽ അനന്തുകൃഷ്‌ണൻ ഉൾപ്പെടെ ഏഴ് പ്രതികളാണുള്ളത്. ഇതിൽ ഏഴാം പ്രതിയാണ് നിയമോപദേഷ്‌ടാവായ ലാലി വിൻസെന്റ്. കേസിൽ അനന്തു ബലിയാടായതാണെന്നും നിയമോപദേശം താൻ നൽകിയിരുന്നുവെന്നും സാമ്പത്തിക ഇടപാടുകളുമായി ബന്ധമില്ലെന്നുമാണ് ലാലി വിൻസെന്റിന്റെ പ്രതികരണം. അനന്തു തനിക്ക് മകനെ പോലെയാണെന്നും തന്നെ പ്രതിയാക്കിയത് രാഷ്‌ട്രീയ പ്രേരിതമായിട്ടായിരിക്കാമെന്നും ലാലി വിൻസെന്റ് പറഞ്ഞു.

TAGS: CASE DIARY, CSR FUND SCAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY