പാലക്കാട്: നെന്മാറയിൽ ഇരട്ടക്കൊലപാതകം നടത്തിയതും രക്ഷപ്പെട്ട വഴിയും ഒളിച്ചിരുന്ന സ്ഥലവുമടക്കം തെളിവെടുപ്പിനിടെ പൊലീസിനോട് കൂസലില്ലാതെ വിവരിച്ച് പ്രതി ചെന്താമര. ഇന്നലെ ഇയാളെ കസ്റ്റഡിയിൽ വാങ്ങിയായിരുന്നു തെളിവെടുപ്പ്. നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു.
കൊലപാതകം നടന്ന പോത്തുണ്ടി ബോയൻ കോളനിയിലും ഓടിരക്ഷപ്പെട്ട പ്രദേശത്തുമടക്കമായിരുന്നു തെളിവെടുപ്പ്. ജനുവരി 27ന് രാവിലെ താൻ കത്തി പിടിച്ചുനിൽക്കുന്നത് കണ്ടപ്പോൾ അയൽവാസിയായ സുധാകരൻ വാഹനം റിവേഴ്സ് എടുത്തുവന്നുവെന്ന് പ്രതി പറഞ്ഞു. ഇതിനിടെയുണ്ടായ പ്രകോപനത്തിനിടെ ആക്രമിച്ചു. ഈ സമയം വീടിനുമുന്നിൽ നിന്നിരുന്ന ലക്ഷ്മി ശബ്ദം ഉണ്ടാക്കിവരുന്നത് കണ്ടപ്പോൾ അവരേയും ആക്രമിച്ചു.
ശേഷം ആയുധങ്ങളുമായി വീട്ടിലേക്ക് കയറി. വടിവാളും പൊട്ടിയ മരത്തടിയും വീട്ടിൽവച്ച ശേഷം പിൻഭാഗത്തുകൂടി പുറത്തിറങ്ങി പാടവരമ്പിലൂടെ ഓടി. കമ്പിവേലി ചാടി കടന്നപ്പോൾ ശരീരത്തിൽ ചെറിയ മുറിവേറ്റു. പകൽ മുഴുവൻ പാടത്തെ ചെറിയ ചാലിൽനിന്നു. നേരം ഇരുട്ടിയപ്പോൾ പാടവരമ്പിലൂടെ അരക്കമലയിലേക്ക് നടന്നു. രാത്രിയിൽ വനമേഖലയിലെ പാറയുടെ ചുവട്ടിൽ കിടന്നു. പൊലീസ് വാഹനത്തിന്റെ വരവും ടോർച്ച് തെളിച്ചതുമെല്ലാം കണ്ട് മലയുടെ മുകളിലേക്ക് മാറി. കുറ്റിക്കാട്ടിൽ മൊബൈൽ ഫോണും സിമ്മും ഉപേക്ഷിച്ചുവെന്നും പ്രതി വിശദീകരിച്ചു. ഇന്ന് വൈകിട്ട് മൂന്നുവരെയാണ് കസ്റ്റഡി കാലാവധി. പ്രതി വടിവാൾ വാങ്ങിയ എലപ്പുള്ളിയിലെ കടയിലെത്തിച്ച് ഇന്ന് തെളിവെടുക്കും.
ആനയുടെ മുന്നിൽപെട്ടു
രക്ഷപ്പെടാൻ വനത്തിൽ കയറുന്നതിനിടെ ആനയുടെ മുന്നിൽ അകപ്പെട്ടെന്ന് ചെന്താമര. പെട്ടെന്ന് ഓടിമാറി മലയുടെ മറുവശത്ത് ഒളിച്ചിരുന്നുവെന്നും തെളിവെടുപ്പിനിടെ പ്രതി വീശദീകരിച്ചു.
കനത്ത പൊലീസ് സന്നാഹം
എട്ട് പൊലീസ് വാഹനങ്ങളുടെ അകമ്പടിയോടെയാണ് പ്രതിയെ തെളിവെടുപ്പിന് എത്തിച്ചത്.
ജനരോഷം കണക്കിലെടുത്ത് മൂന്ന് ഡിവൈ.എസ്.പിമാർ, 11 സി.ഐമാർ എന്നിവരുൾപ്പെടെ 373 പൊലീസുകാരെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നു. പ്രതിയുടെ വീട്ടിലേക്കുള്ള വഴിയിൽ ബാരിക്കേഡ് സ്ഥാപിച്ചു. ഡ്രോൺ നിരീക്ഷണവുമുണ്ടായിരുന്നു. സ്ത്രീകൾ ചെന്താമരയെ കണ്ടതും പൊട്ടിത്തെറിച്ചു.
'വകവരുത്തുമെന്ന് ആംഗ്യം കാട്ടി'
തെളിവെടുപ്പിനിടെ പ്രതി ചെന്താമര തന്നെ വകവരുത്തുമെന്ന രീതിയിൽ ആംഗ്യം കാട്ടിയെന്ന് അയൽവാസി പുഷ്പ മാദ്ധ്യമങ്ങളോട് പറഞ്ഞു. അയാളെ കണ്ടപ്പോൾതന്നെ കൈയും കാലും വിറച്ചു. ഒരു പഴുത് കിട്ടിയിരുന്നെങ്കിൽ അയാൾ എന്നെയും തീർത്തേനെ. അയാൾക്ക് ഒരു കുറ്റബോധവുമില്ല. ഇപ്പോൾ ഇവിടെ താമസിക്കാൻ ഭയമാണ്. മാറിത്താമസിക്കാനാണ് ആലോചിക്കുന്നത്. ഇവിടെ വെറുത്തുപോയെന്നും പുഷ്പ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |