□മലയോര സമരയാത്ര സമാപന യോഗത്തിൽ ദീപ ദാസ്മുൻഷി
തിരുവനന്തപുരം: കേരളത്തിൽ സാധാരണക്കാരായ കർഷകർക്ക് കൃഷിയിറക്കാനോ, കൃഷിയെ ആശ്രയിച്ച് ജീവിക്കാനോ കഴിയാത്ത സാഹചരമാണെന്നും, മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള നിലനിൽപ്പ് യുദ്ധമാണ് നടക്കുന്നതെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷി പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിച്ച മലയോര സമര യാത്രയുടെ സമാപനം അമ്പൂരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
രണ്ട് തവണ തുടർച്ചയായി കേരളം ഭരിച്ചിട്ടും പിണറായി സർക്കാരിന് മനുഷ്യ -വന്യമൃഗ സംഘർഷം പരിഹരിക്കാനായില്ല. പിണറായി വിജയന് പുറഞ്ഞു പോകാനുള്ള മണി മുഴങ്ങി കഴിഞ്ഞു. സാധാരണക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ യു.ഡി.എഫ് ഒറ്റക്കെട്ടായി നിലകൊള്ളുമെന്നും ദീപദാസ് പറഞ്ഞു.
മലയോര മേഖലയിലെ 35 ലക്ഷത്തോളം ജനങ്ങളുടെ സങ്കടങ്ങളും ദുരിതങ്ങളും വേദനകളും ഹൃദയത്തിലേറ്റിയാണ് കരുവഞ്ചാലിൽ നിന്നും ആരംഭിച്ച മലയോര സമര യാത്ര അമ്പൂരിയിൽ അവസാനിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. രാവിലെ പാലോട് നടന്ന സ്വീകരണം മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ, നേതാക്കളായ പി.എം.എ സലാം,സി.പി.ജോൺ, കെ.മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ്, പി.സി.വിഷ്ണുനാഥ്, വി.എസ്.ശിവകുമാർ, എം.വിൻസന്റ്, മോൻസ് ജോസഫ്,റോജി.എം.ജോൺ, തമ്പാനൂർ രവി, അനൂപ് ജേക്കബ്, അഡ്വ.എ.എൻ.രാജൻബാബു, മാണിസി.കാപ്പൻ,ടി.ശരത്ചന്ദ്രപ്രസാദ് ,ജി.എസ്.ബാബു,ജി.സുബോധൻ,പാലോട് രവി,കൊട്ടാരക്കര പൊന്നച്ചൻ, പി.കെ.വേണുഗോപാൽ,എ.ടി. ജോർജ്,വർക്കല കഹാർ, നെയ്യാറ്റിൻകര സനൽ തുടങ്ങിയവർ പങ്കെടുത്തു.
മലയോര ജനതയുടെ കണ്ണീരൊപ്പാനുള്ള തീഷ്ണ പ്രയത്നത്തിന് യു.ഡി.എഫ് തുടക്കം കുറിക്കുമെന്ന് അമ്പൂരിയിൽ നടന്ന സമാപന സമ്മേളനത്തിൽ വി.ഡി.സതീശൻ പറഞ്ഞു.
വീട്ടിൽ നിന്ന് ഒരാൾ പുറത്തേക്കിറങ്ങിയാൽ തിരിച്ചെത്തുന്നതു വരെ ആധിയാണ്. വയനാട്ടിൽ 9 പേരെയാണ് കടുവ കൊന്നത്. ആറളത്ത് 17 പേരെ ആനകൾ ചവിട്ടിക്കൊന്നു. ഇത് കേരളം മുഴുവനും നടക്കുകയാണെന്ന് സതീശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |